കിടക്ക നൽകിയില്ല; ഇടനാഴിയിൽ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു: ആശുപത്രിക്കെതിരെ പ്രതിഷേധം

ബംഗളൂരു : പ്രസവ വേദനയുമായെത്തിയ യുവതിക്ക് ആശുപത്രിയിൽ കിടക്ക ലഭിച്ചില്ല. തുടർന്ന് ഇടനാഴിയിൽ പ്രസവിച്ചതോടെ കുഞ്ഞിന് ദാരുണാന്ത്യം. റാണെബെന്നൂർ കാങ്കോൽ സ്വദേശി രൂപ ഗിരീഷിന്റെ (30) പെൺകുഞ്ഞാണ് തല തറയിലിടിച്ച് മരിച്ചത്. ഹാവേരിയിലെ ജില്ലാ ആശുപത്രിയിലെ വനിതാ-ശിശു വിഭാഗത്തിലാണ് സംഭവം. പ്രസവവേദന കൂടിയതോടെ രൂപയെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ലേബർ റൂമിൽ കിടക്ക ഒഴിവില്ലെന്ന് പറഞ്ഞ് ആശുപത്രി അധികൃതർ അകത്തേക്ക് പ്രവേശിപ്പിച്ചില്ല. വരാന്തയിൽ നിലത്ത് ഇരിക്കാനാണ് ആവശ്യപ്പെട്ടത്. തുടർന്ന് ഇടനാഴിയിൽ പ്രസവിച്ച കുഞ്ഞ് മരിക്കുകയായിരുന്നു. തറയിൽ തലയിടിച്ച് കുഞ്ഞിന് ഗുരുതര പരിക്കുണ്ടായതാണ് മരണകാരണമെന്നാണ് വിവരം. ശുചിമുറിയിലേക്ക് നടക്കുന്നതിനിടെയാണ് യുവതി ഇടനാഴിയിൽ പ്രസവിച്ചത്.
കിടക്ക ഒഴിവില്ലാഞ്ഞതിനാൽ നൽകിയില്ലെന്നും തങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്നുമാണ് അധികൃതരുടെ വാദം. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. പ്രസവ വേദന രൂക്ഷമായിട്ടും കിടക്ക നൽകിയില്ലെന്നും മതിയായ ചികിത്സ ഒരുക്കിയില്ലെന്നും ബന്ധുക്കൾ പറയുന്നു. ആവർത്തിച്ചു പറഞ്ഞിട്ടും യുവതിയെ ഡോക്ടർമാരോ നഴ്സുമാരോ പരിശോധിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. സംഭവം ചർച്ചയായതോടെ ആശുപത്രി സൂപ്രണ്ടിനോട് ജില്ലാ കളക്ടറും റിപ്പോർട്ട് തേടി.








0 comments