ചോദ്യം ചോദിക്കാൻ കഴിയുന്നതും ഉത്തരം കിട്ടുന്നതും വിദ്യാഭ്യാസ മന്ത്രിയുടെ നല്ല പെരുമാറ്റംകൊണ്ട്: നടി മീനാക്ഷി

തിരുവനന്തപുരം: കുട്ടികൾക്ക് ചോദ്യങ്ങൾ ചോദിക്കാൻ കഴിയുന്നതും വളരെ ജനാധിപത്യപരമായി അതിന് ഉത്തരങ്ങൾ ലഭിക്കുന്നതും വിദ്യാഭ്യാസ മന്ത്രിയുടെ നല്ല ഇടപെടൽകൊണ്ടാണെന്ന് നടിയും അവതാരകയുമായ മീനാക്ഷി അനൂപ്. സമീപകാലത്ത് ഒരു വാർത്താ മാധ്യമത്തിലെ പരിപാടിയിലാണ് മീനാക്ഷി അഭിപ്രായം വ്യക്തമാക്കിയത്. പാഠപുസ്തകങ്ങളെക്കുറിച്ചും അതിൽ ഉൾപ്പെടുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുമുള്ള അവതാരകയുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു മീനാക്ഷി. ഇപ്പോൾ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തന്നെ വീഡിയോ സാമൂഹിക മാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. മീനാക്ഷിയുടെ അഭിപ്രായങ്ങൾ കണ്ടുവെന്നും പുതിയ അഭിപ്രായങ്ങളും ആശയങ്ങളും ഉണ്ടാവട്ടെയെന്നും നല്ലതിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി പോസ്റ്റിൽ കുറിച്ചു.
പോസ്റ്റ് ശ്രദ്ധിച്ചതിലും കാര്യമുണ്ടെന്ന് കണ്ട് കൂടെ ചേർന്നതിനും മീനാക്ഷി ഹൃദയപൂർവ്വം നന്ദിയറിച്ചു. മുൻപും വിദ്യാർഥി എന്ന നിലയിൽ മന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കാൻ കഴിഞ്ഞിരുന്നെന്നും വളരെ സ്നേഹപൂർവ്വം ഉത്തരങ്ങൾ തന്നതും ഓർമ്മയിലുണ്ടെന്നും ഇപ്പോൾ പാഠപുസ്തകവുമായി ബന്ധപ്പെട്ട് ആവശ്യപ്പെട്ട കാര്യങ്ങൾ പരിഗണിക്കാം എന്നറിയിച്ചതിലും നന്ദിയെന്നും മന്ത്രിയുടെ പോസ്റ്റിന് മീനാക്ഷി കമന്റായി കുറിച്ചു.
മീനാക്ഷിയുടെ വാക്കുകൾ
'സിപിആർ പോലെ വളരെ അടിസ്ഥാനപരമായ അത്യാവശ്യ കാര്യങ്ങൾ കുട്ടികളെ പഠിപ്പിച്ചിരുന്നെങ്കിൽ നന്നായിരുന്നു എന്ന് ആവശ്യപ്പെട്ട് മുമ്പ് സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. പാഠഭാഗങ്ങളിൽ പരാമർശിച്ച് പോകുന്നുണ്ടെങ്കിലും അത്തരം ഭാഗങ്ങളുടെ വിശദമായ പഠനം കുട്ടികൾക്ക് ലഭിച്ചിരുന്നില്ല. അത് ഞാൻ സ്കൂളിൽ പഠിച്ചിരുന്ന സമയത്താണ്. പക്ഷെ ഇപ്പോൾ അങ്ങനെ അല്ല. ഫയർ ഫോഴ്സ് പൊലെയുള്ള സേന വിഭാഗങ്ങളും ആരോഗ്യ വകുപ്പും പല സ്കൂളുകളിലും പ്രത്യേക ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്. ഒരു വിദ്യാർഥി എന്ന നിലയ്ക്ക് ഇത്തരം ചോദ്യങ്ങൾ ചോദിക്കാൻ കഴിയുന്നതും വളരെ ജനാധിപത്യപരമായി ഉത്തരങ്ങൾ കിട്ടുന്നതും ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രിയുടെ നല്ല പെരുമാറ്റംകൊണ്ടാണ്. കുട്ടികളോട് വളരെ നന്നായി സംസാരിക്കുന്ന മന്ത്രിയുണ്ടാകുക എന്നത് നമ്മുക്ക് വളരെ സന്തോഷമുള്ള കാര്യമാണ്'. നമ്മുക്ക് ചോദ്യം ചോദിക്കാൻ അവകാശമുണ്ടെന്നും എന്ത് ചോദ്യം ചോദിച്ചാലും ഉത്തരം കിട്ടാവുന്ന ഒരു സ്ഥലമാണെന്ന് തോന്നിപ്പിക്കുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായം നമുക്ക് ഉള്ളതുകൊണ്ടാണ് ചോദ്യങ്ങൾ ചോദിക്കുന്നതും ഉത്തരങ്ങൾ കിട്ടുന്നതെന്നും മീനാക്ഷി അനൂപ് പറയുന്നു.
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫേസ് ബുക്കിൽ പങ്കുവച്ച കുറിപ്പ്
പ്രിയപ്പെട്ട മീനാക്ഷിയ്ക്ക്,
പൊതു വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാകേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള മീനാക്ഷിയുടെ അഭിപ്രായങ്ങൾ കണ്ടു. അഭിപ്രായങ്ങൾക്ക് നന്ദി.
കുട്ടികൾ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വിവരങ്ങൾ എല്ലാം പരിഷ്കരിച്ച പാഠപുസ്തകങ്ങളിൽ ചേർത്തിട്ടുണ്ട്. കുട്ടികളുടെയും മുതിർന്നവരുടെയും ഇത്തരം അഭിപ്രായങ്ങൾ കേട്ടാണ് നാം പുതിയ പാഠ്യപദ്ധതി തയ്യാറാക്കിയത്. ഓരോ വർഷവും ഉണ്ടാകുന്ന മാറ്റങ്ങൾക്ക് അനുസൃതമായി പാഠപുസ്തകങ്ങൾ പുതുക്കുമെന്ന് ഇതിനകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞതാണ്. ഫസ്റ്റ് എയ്ഡ് സംബന്ധിച്ച കാര്യങ്ങളും, ട്രാഫിക് ബോധവൽക്കരണവും, സാമ്പത്തിക സാക്ഷരതയും, വേസ്റ്റ് മാനേജ്മെന്റും, നിയമ സാക്ഷരതയുമെല്ലാം വിവിധ ക്ളാസുകളിലെ പുസ്തകങ്ങളിൽ ചേർത്തിട്ടുണ്ട്. പുതിയ അഭിപ്രായങ്ങളും ആശയങ്ങളും ഉണ്ടാവട്ടെ, നല്ലതിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വാഗതം ചെയ്യുന്നു.
സ്നേഹത്തോടെ,
വി ശിവൻകുട്ടി








0 comments