ബ്രസീലിൽ കാലാവസ്ഥ ഉച്ചകോടി വേദിയിൽ തീപിടിത്തം; പ്രതിനിധികളെ ഒഴിപ്പിച്ചു

un summit fire
വെബ് ഡെസ്ക്

Published on Nov 21, 2025, 06:38 AM | 1 min read

ബെലെം : ബ്രസീലിലെ ബെലെമിൽ നടക്കുന്ന യുഎൻ സിഒപി30 കാലാവസ്ഥാ ഉച്ചകോടിയുടെ പ്രധാന വേദിയിൽ തീപിടിത്തം. വേദിയിൽ നിന്ന് പ്രതിനിധികളെ ഒഴിപ്പിച്ചു. ആളപായമില്ല. പുക ശ്വസിച്ച് 13 പേർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. തീപിടിത്തമുണ്ടായതോടെ ആയിരക്കണക്കിന് ആളുകളെയാണ് ഒഴിപ്പിച്ചത്.


വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് 'ബ്ലൂ സോണി'ൽ തീപിടുത്തമുണ്ടായത്. പ്രധാന പ്ലീനറി ഹാൾ ഉൾപ്പെടെ എല്ലാ മീറ്റിംഗുകളും ചർച്ചകളും കൺട്രി പവലിയനുകളും മീഡിയ സെന്റർ, ഉന്നത വ്യക്തികളുടെ ഓഫീസുകൾ എന്നിവ സ്ഥിതി ചെയ്യുന്ന ഇടമാണ് ബ്ലൂ സോൺ. തീപിടിത്തമുണ്ടായി ഉടൻ തന്നെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഉൾപ്പെടെയുള്ളവരെ വേദിയിൽ നിന്ന് മാറ്റി. കേന്ദ്ര പരിസ്‌ഥിതി മന്ത്രി ഭൂപേന്ദർ യാദവും വേദിയിലുണ്ടായിരുന്നു.


പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പതിമൂന്ന് പേർക്ക് സംഭവ സ്ഥലത്തുവച്ചു തന്നെ ചികിത്സ നൽകിയതായി ഉച്ചകോടി സംഘടിപ്പിക്കുന്ന യുഎൻ COP30 പ്രസിഡൻസിയും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ ചട്ടക്കൂട് കൺവെൻഷനും (UNFCCC) സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ഏകദേശം ആറ് മിനിറ്റിനുള്ളിൽ തന്നെ തീ നിയന്ത്രണവിധേയമാക്കിയെന്നും പ്രസ്താവനയിൽ പറഞ്ഞു.


"മുൻകരുതൽ എന്ന നിലയിൽ, ബ്രസീൽ സർക്കാരും യുഎൻഎഫ്‌സിസിസിയും സംയുക്തമായി ബ്ലൂ സോൺ താൽക്കാലികമായി അടച്ചിടാൻ തീരുമാനിച്ചു. അഗ്നിശമന വകുപ്പ് സമഗ്രമായ സുരക്ഷാ വിലയിരുത്തൽ നടത്തുകയാണ്," പ്രസ്താവനയിൽ പറയുന്നു. വിവിധ സ്റ്റാളുകളും പ്രദർശനങ്ങളും സംഘടിപ്പിക്കുന്ന 'ഗ്രീൻ സോണി'നെ തീപിടുത്തം ബാധിച്ചിട്ടില്ലെന്നും ഷെഡ്യൂൾ ചെയ്തതുപോലെ പ്രവർത്തനങ്ങൾ തുടരുമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. ഈ മാസം 10ന് ആരംഭിച്ച ഉച്ചകോടി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് തീപിടിത്തമുണ്ടായത്. ഇലക്ട്രിക്കൽ ഉപകരണത്തിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ.



deshabhimani section

Related News

View More
0 comments
Sort by

Home