വാടകയ്ക്ക് വിളിച്ചു, മുളകുപൊടിയെറിഞ്ഞ് കാർ തട്ടിയെടുത്തു: 3 പേർ കസ്റ്റഡിയിൽ

വടക്കാഞ്ചേരി : ടാക്സി ഡ്രൈവറുടെ കണ്ണിൽ മുളക് പൊടിയെറിഞ്ഞ് വിജനമായ സ്ഥലത്ത് തള്ളി കാർ തട്ടിയെടുത്ത കേസിൽ മൂന്നു പേർ വടക്കാഞ്ചേരി പൊലീസ് കസ്റ്റഡിയിൽ. കല്ലംപാറ വരട്ടാട്ടിൻ അനുരാഗ് (25), കൊല്ലം കരിക്കോട് പുത്തൻ വീട്ടിൽ മുഹമ്മദ് താജുദ്ദീൻ (33), ചാവക്കാട് ഒരുമനയൂർ വല വീട്ടിൽ പ്രവീൺ (34) എന്നിവരാണ് കസ്റ്റഡിയിലായത്. ആലുവ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ വടക്കാഞ്ചേരി എസ്ഐ ഹരിഹര സുനുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കോടതിയിൽ അപേക്ഷ നൽകി കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. ഒക്ടോബർ 30ന് വൈകിട്ടാണ് തെക്കുംകര കല്ലമ്പാറയിൽ സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോയത്. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് പരിസരത്തുനിന്നാണ് മുണ്ടത്തിക്കോട് സ്വദേശി വിനോദിന്റെ ടാക്സി അങ്കമാലിയിലേക്കെന്ന് പറഞ്ഞ് വാടകയ്ക്ക് വിളിച്ചത്.
കുറാഞ്ചേരിയിൽ നിന്ന് ഒരാളെ കയറ്റാനുണ്ടെന്ന് വിനോദിനെ വിശ്വസിപ്പിച്ചു. വെളപ്പായയിലെ ബിവറേജസ് ഔട്ട് ലെറ്റിലെത്തി മദ്യം വാങ്ങിയ സംഘം ജനവാസമേഖലയല്ലാത്ത പട്ടിച്ചിറക്കാവ് വഴി കാർ വിടാൻ നിർദേശിക്കുകയും ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ വിനോദിന്റെ കണ്ണിലേക്ക് മുളകുപൊടി എറിഞ്ഞു കാറിന് പുറത്തേക്ക് തള്ളിയിട്ട് വാഹനവുമായി കടന്നുകളയുകയുമായിരുന്നു. സംയുക്ത അന്വേഷണത്തിന് ഒടുവിൽ കാണിപ്പയ്യൂർ യൂണിറ്റി ആശുപത്രിയുടെ പാർക്കിങ് സ്ഥലത്തുനിന്ന് കാർ കണ്ടെത്തി. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പ്രതികൾ മറ്റൊരു കേസിൽ ആലുവ പൊലീസിന്റെ പിടിയിലായത്.








0 comments