തൃപ്പൂണിത്തുറയുടെ ‘ചിത്രാലയ’ സുവർണജൂബിലി നിറവിൽ

chithralaya thripunithura
avatar
കെ ആർ ബൈജു

Published on Aug 02, 2025, 02:30 AM | 1 min read


തൃപ്പൂണിത്തുറ

ചരിത്രനഗരമായ തൃപ്പൂണിത്തുറയുടെ കലാചരിത്രത്തിന്‌ നിറംപകർന്ന ‘ചിത്രാലയ’ സുവർണജൂബിലി വർഷത്തിലേക്ക്‌. സ്‌റ്റാച്യുവിന്‌ പടിഞ്ഞാറ്‌ ശ്രീപൂർണത്രയീശ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ റോഡിന്‌ അഭിമുഖമായി നിൽക്കുന്ന ചിത്രാലയയിൽ കലാപഠനത്തിന്‌ ഇടവേളകളില്ല. കൊച്ചുകുട്ടികൾമുതൽ മുതിർന്നവർവരെ കലാപഠനത്തിന്‌ ആശ്രയിക്കുന്ന സ്ഥാപനം, തൃപ്പൂണിത്തുറയുടെ ചിത്രകലാ പൈതൃകത്തിന്‌ തിളക്കമാർന്ന ഏട്‌ സമ്മാനിച്ചാണ്‌ അമ്പതാണ്ട്‌ പിന്നിടുന്നത്‌.


1968ൽ തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽ ചിത്രകല പഠിക്കാനെത്തിയ ചേർത്തല സ്വദേശി കെ സി ചക്രപാണി 1976ലാണ്‌ ചിത്രാലയ സ്ഥാപിച്ചത്‌. എഴുപത്തിയഞ്ചുകാരനായ ചക്രപാണി മാഷ് തന്നെയാണ്‌ ഇപ്പോഴും പ്രധാനാധ്യാപകൻ. 50 വർഷത്തിനിടെ ചക്രപാണിക്കുകീഴിൽ ചിത്രകല അഭ്യസിച്ച പലരും പഠിതാക്കളും പരിശീലകരുമൊക്കെയായി ചിത്രാലയയോട്‌ ഇന്നും സഹകരിക്കുന്നു.


വിദ്യാർഥികൾക്കായി നിരവധി ചിത്ര–-ശിൽപ്പ ക്യാമ്പുകളും സംഘടിപ്പിക്കുന്നു. 1980ൽ ആർഎൽവി കോളേജിൽ സംഘടിപ്പിച്ച 10 ദിവസത്തെ ചിത്ര–-ശിൽപ്പ കലാ ക്യാമ്പ് ഉദ്ഘാടനംചെയ്തത് അന്നത്തെ ആഭ്യന്തരമന്ത്രി ടി കെ രാമകൃഷ്ണനാണ്. ആ ചടങ്ങിലാണ് സാംസ്കാരികവകുപ്പ് രൂപീകരിക്കുമെന്ന് ടി കെ രാമകൃഷ്ണൻ പ്രഖ്യാപിച്ചതെന്ന് ചക്രപാണി ഓർക്കുന്നു.


സുവർണജൂബിലി വർഷത്തിൽ ചിത്രകലാപഠനത്തിനൊപ്പം കുട്ടികളുടെ മാനസിക വളർച്ചകൂടി ലക്ഷ്യമിട്ട് ‘വീട്ടിൽ ഒരു പണിപ്പുര’ പദ്ധതി ചിത്രാലയ അവതരിപ്പിക്കുന്നു. സാഹിത്യത്തിനും കലയ്‌ക്കും വീടുകളിൽ ഒരിടമൊരുക്കുകയും കുട്ടികളെ കലയുടെ ലഹരിയിലേക്ക്‌ എത്തിക്കുകയുമാണ്‌ ലക്ഷ്യം. ശനി പകൽ 11ന് ചിത്രാലയയിൽ ‘വീട്ടിൽ ഒരു പണിപ്പുര’ പദ്ധതി നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്കൂളുകളിൽ ക്യാമ്പ് സംഘടിപ്പിക്കുന്നതിനൊപ്പം ജില്ലകളിൽ പ്രദർശനവും സംഘടിപ്പിക്കും. ചിത്ര–-ശിൽപ്പ കലകൾ ബൗദ്ധിക കാര്യങ്ങൾക്കുമാത്രം ഉപയോഗിക്കുകയും ഈ രംഗത്ത് മത്സരങ്ങൾ പ്രോത്സാഹിപ്പിക്കാതിരിക്കുകയും ചെയ്യുക എന്നതാണ് ചിത്രാലയയുടെ പ്രവർത്തനരീതിയെന്നും ഇതിന് രക്ഷാകർത്താക്കളുടെ പൂർണസഹകരണം ആവശ്യമാണെന്നും ചക്രപാണി മാഷ് പറഞ്ഞു. ചക്രപാണിയുടെ മക്കളായ ലിനുവും ലിപുവും കലാരംഗത്തുതന്നെയാണ്‌. ലിനു വടുതല ചിന്മയ വിദ്യാലയയിൽ ചിത്രകലാ അധ്യാപകനാണ്‌. ലിപു ശിൽപ്പിയും.



deshabhimani section

Related News

View More
0 comments
Sort by

Home