പിന്തുണച്ച്‌ നഗരവാസികൾ

കനാൽനവീകരണ പദ്ധതി : 
ലോകോത്തരമാകും കൊച്ചി

canal
വെബ് ഡെസ്ക്

Published on Aug 12, 2025, 02:47 AM | 2 min read


കൊച്ചി

കനാൽനവീകരണ പദ്ധതിയിലൂടെ ലോകോത്തര നഗരമായി ഉയരാൻ കൊച്ചി. പദ്ധതി അടിസ്ഥാനമാക്കി കൊച്ചി മെട്രോറെയിൽ ലിമിറ്റഡും വാട്ടർ അതോറിറ്റിയും ചേർന്ന്‌ സംഘടിപ്പിച്ച ശിൽപ്പശാലയിൽ നഗരവാസികളും വിവിധ മേഖലകളിലുള്ളവരും പദ്ധതിക്ക്‌ പിന്തുണ പ്രഖ്യാപിച്ചു. ഇതിനൊപ്പം ക്രിയാത്മക നിർദേശങ്ങളും അഭിപ്രായങ്ങളും പങ്കുവച്ചു. മന്ത്രി പി രാജീവ്‌ ഉദ്‌ഘാടനം ചെയ്‌തു.


3716.10 കോടി രൂപയുടേതാണ്‌ പദ്ധതി. സംസ്ഥാന സര്‍ക്കാരിനായി കിഫ്ബി ധനസഹായത്തോടെ കെഎംആർഎല്ലും വാട്ടര്‍ അതോറിറ്റിയും സംയുക്തമായാണ് നടപ്പാക്കുന്നത്. കനാലുകൾക്ക്‌ പുതുജീവൻ നൽകി വിനോദസഞ്ചാരം, ജലഗതാഗതം, മാലിന്യനിർമാർജനം തുടങ്ങിയ മേഖലകളിൽ വൻമാറ്റത്തിനും വളർച്ചയ്‌ക്കും വഴിവയ്‌ക്കും. വെള്ളക്കെട്ട്‌ ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾക്ക്‌ പരിഹാരമാകുമെന്നും കെഎംആർഎൽ വ്യക്തമാക്കി.പദ്ധതി രൂപരേഖ,  വിവിധ കനാലുകളുടെ നവീകരണ, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍, മാലിന്യസംസ്‌കരണ പ്ലാന്റുകള്‍, ആഗോള മാതൃകകൾ തുടങ്ങിയവയുടെ വിശദാംശങ്ങള്‍ ചര്‍ച്ചചെയ്തു.


പദ്ധതി പ്രവർത്തനങ്ങൾ രോഗമിക്കുകയാണെന്ന്‌ കെഎംആർഎൽ ശിൽപ്പശാലയിൽ വ്യക്തമാക്കി. പേരണ്ടൂര്‍, ചിലവന്നൂര്‍, ഇടപ്പള്ളി, തേവര, കോന്തുരുത്തി, മാര്‍ക്കറ്റ് കനാലുകളാണ്‌ ആഴവും വീതിയുംകൂട്ടി നവീകരിക്കുന്നത്‌. ഇരുവശത്തും നടപ്പാതകള്‍ നിര്‍മിച്ച് മനോഹരമാക്കും. 39 കോടി ചെലവിൽ ചിലവന്നൂർ കനാലിനുകുറുകെ നിർമിച്ച ബണ്ട്‌ റോഡ്‌ പാലം ഡിസംബറിൽ പൂർത്തിയാകും.


​പദ്ധതിയുടെ ഭാഗമായി വാട്ടര്‍ അതോറിറ്റി മാലിന്യ സംസ്‌കരണ പ്ലാന്റുകളും സ്ഥാപിക്കും. നഗരത്തിന്റെ മുഴുവൻ ശുചിമുറിമാലിന്യവും സംസ്കരിക്കാൻ 1386 കോടി രൂപ മുടക്കി 500 കിലോമീറ്റർ നീളമുള്ള മലിനജല ശൃംഖലയാണ്‌ സജ്ജമാക്കുന്നത്‌.  എളംകുളം,  മുട്ടാര്‍ എന്നിവിടങ്ങളിലായി രണ്ട്‌ സീവേജ് ട്രീറ്റ്മെന്റ്  പ്ലാന്റുകൾ സ്ഥാപിക്കുമെന്നും വാട്ടർ അതോറിറ്റി അറിയിച്ചു.


മേയർ എം അനിൽകുമാർ, തൃക്കാക്കര നഗരസഭാ അധ്യക്ഷ രാധാമണി പിള്ള, കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷരായ സി ഡി വത്സലകുമാരി, സി എ ഷക്കീർ, കലക്ടർ ജി പ്രിയങ്ക, കൊച്ചി മെട്രോപൊളിറ്റൻ ആസൂത്രണ സമിതി ചെയർമാൻ ബെനഡിക്ട് ഫെർണാണ്ടസ്, കെഎംആർഎൽ എംഡി ലോക്‌നാഥ് ബെഹ്‌റ, ഡോ. എം പി രാംനവാസ്, എ അജിത്, ഷൈജു തടത്തില്‍, മാധവ്കുമാർ എന്നിവർ സംസാരിച്ചു.


പ്രവർത്തനോദ്‌ഘാടനം ഉടൻ: മന്ത്രി പി രാജീവ്‌

കൊച്ചിയിലെ കനാൽ നവീകരണ പദ്ധതിയുടെ പ്രവർത്തനോദ്‌ഘാടനം മുഖ്യമന്ത്രി ഉടൻ നിർവഹിക്കുമെന്ന്‌ മന്ത്രി പി രാജീവ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണിത്‌.


പദ്ധതി യാഥാർഥ്യമാകുന്നതോടെ ലോകത്തിലെ ഏതുനഗരത്തോടും കൊച്ചി കിടപിടിക്കും. ആധുനിക കാലത്തെ മികച്ച നഗരമായി കൊച്ചിയെ മാറ്റും. കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാവരും പിന്തുണ നൽകണമെന്നും ശിൽപ്പശാല ഉദ്‌ഘാടനം ചെയ്‌ത്‌ മന്ത്രി പറഞ്ഞു.






Tags
deshabhimani section

Related News

View More
0 comments
Sort by

Home