കനാല്‍ നവീകരണ പദ്ധതി ; ചിലവന്നൂർ കനാലിലെ ചെളിയും മണ്ണും നീക്കിത്തുടങ്ങി

കൊച്ചി
നഗരത്തിന്റെ മുഖഛായ മാറ്റുന്ന കനാല്‍ നവീകരണ പദ്ധതിയുടെ ഭാഗമായി ചിലവന്നൂര്‍ കനാലില്‍നിന്ന് മണ്ണും ചെളിയും മാലിന്യവും നീക്കി ആഴംകൂട്ടുന്ന ജോലികൾ ആരംഭിച്ചു. ആറുമാസംകൊണ്ട് 65,000 ക്യുബിക് മീറ്റര്‍ മണ്ണും ചെളിയും നീക്കി കനാലിന്റ ആഴം കൂട്ടാനാണ് ലക്ഷ്യമിടുന്നത്. ബണ്ട് റോഡ് പാലത്തിന്റെ നിര്‍മാണവും അതിവേഗം പുരോഗമിക്കുകയാണ്. കനാൽതീരം അത്യാധുനികരീതിയിൽ സൗന്ദര്യവൽക്കരിക്കാനുള്ള പദ്ധതിയുടെ ടെൻഡർ നടപടി പൂർത്തിയാകുന്നു.
പാലം നിർമാണം ഡിസംബറോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ബണ്ട് റോഡ് ഭാഗത്ത് 500 മീറ്റര്‍ നീളത്തിലാണ് കനാല്‍തീരം സൗന്ദര്യവല്‍ക്കരിക്കുക. ടൂറിസം, റിക്രിയേഷന്‍, ജല കായിക വിനോദം തുടങ്ങിയവയ്ക്കുള്ള സംവിധാനങ്ങൾ ഇതിന്റെ ഭാഗമായി വരും. രണ്ട് ബോട്ടുജെട്ടികള്‍ നിര്‍മിക്കാനും മംഗളവനം കനാല്‍ വികസിപ്പിക്കാനുമുള്ള ഡിപിആര്‍ സമര്‍പ്പിച്ചിട്ടുണ്ട്. ചിലവന്നൂര്‍ കനാലിന്റെ ഡ്രഡ്ജിങ് ജോലികള്‍ മുടങ്ങിയതും സുഭാഷ് ചന്ദ്രബോസ് റോഡിലെ വീതികുറഞ്ഞ കൽവർട്ടുമാണ് മഴക്കാലത്ത് നഗരത്തിന്റെ പലഭാഗത്തുമുണ്ടാകുന്ന വെള്ളപ്പൊക്കത്തിന് കാരണമെന്ന് കെഎംആർഎൽ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കനാലുകൾക്ക് വീതികൂട്ടി ഗതാഗതയോഗ്യമാകുംവിധം നവീകരിക്കാനുള്ള പദ്ധതി സംസ്ഥാനസർക്കാർ തയ്യാറാക്കിയത്.
സുഭാഷ് ചന്ദ്രബോസ് റോഡ് കല്‍വര്‍ട്ടിന്റെ പുനരുദ്ധാരണത്തിനുള്ള ടെൻഡർ ഉടൻ തയ്യാറാകും. കൊച്ചിയിലെ ആറുകനാലുകള്‍ നവീകരിക്കുന്ന 3716.10 കോടി രൂപയുടെ പദ്ധതിയുടെ ഭാഗമായാണ് ചിലവന്നൂര്‍ കനാല്‍ നവീകരണം. കിഫ്ബി ധനസഹായത്തോടെ കെഎംആർഎല്ലും വാട്ടര്‍ അതോറിറ്റിയും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക.









0 comments