നിര്‍മാണം കഴിഞ്ഞിട്ട് ഒരുമാസം; കനാൽഭിത്തിയും നടപ്പാതയും ഇടിഞ്ഞു

മരട്
ചമ്പക്കര കനാൽ റോഡിന്റെ ഒരുഭാഗം കനാലിലേക്ക് ഇടിഞ്ഞുവീണു. വ്യാഴം പുലർച്ചെ അഞ്ചോടെയാണ് കനാലിന്റെ തെക്കുവശത്തെ പാർശ്വഭിത്തി തകർന്ന് പാതയുടെ കുറച്ച് ഭാഗം കനാലിലേക്ക് വീണത്. ഏഴോടെ കൂടുതൽ ഭാഗം ഇടിഞ്ഞുവീണു. സമീപം പാർക്ക് ചെയ്തിരുന്ന കാർ അഗ്നി രക്ഷാസേനയും നാട്ടുകാരും ചേർന്ന് നീക്കി. കനാൽ റോഡ് മരട് നഗരസഭ താൽക്കാലികമായി അടച്ചു. കനാലിന്റെ പഴക്കമുള്ള പാർശ്വഭിത്തി ബലപ്പെടുത്താതിരുന്നതാണ് റോഡ് ഇടിയാൻ കാരണമായത്.
കെ ബാബു എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 69 ലക്ഷം രൂപ ഉപയോഗിച്ച് നിർമിച്ച ചമ്പക്കര കനാൽ റോഡിന്റെയും കൈവരിയുടെയും നടപ്പാതയുടെയും ഉദ്ഘാടനം കഴിഞ്ഞ് ഒരുമാസം പിന്നിടുമ്പോഴാണ് റോഡ് ഇടിഞ്ഞത്. സുരക്ഷ ഉറപ്പാക്കാന്‍ കൈവരിയുൾപ്പെടെ നിർമിച്ച് ഏപ്രിൽ ഒമ്പതിനാണ് ഉദ്ഘാടനം ചെയ്തത്. ഇൻലാന്‍ഡ് വാട്ടർവേയാണ് കനാലിന്റെ പാർശ്വഭിത്തി സംരക്ഷിക്കേണ്ടത്. കെ ബാബു എംഎൽഎയും നഗരസഭാ ചെയർമാനും ചേര്‍ന്ന് യുഡിഎഫ് കൗൺസിലർമാരുടെ വാർഡിലൂടെ കടന്നുപോകുന്ന ഭാഗംമാത്രം ഉൾപ്പെടുത്തിയാണ് പ്രവൃത്തി നടപ്പാക്കിയത്.
അപകടസാധ്യതയുണ്ടെന്ന് കാണിച്ച് നഗരസഭ കൗൺസിലിൽ ഉൾപ്പെടെ പ്രമേയം അവതരിപ്പിച്ച് പാസാക്കിയെങ്കിലും ഇൻലാന്‍ഡ് വാട്ടർവേ അധികൃതര്‍ പാര്‍ശ്വഭിത്തി സംരക്ഷണം അവഗണിച്ചെന്ന് കൗൺസിലർ പറഞ്ഞു. ഉൾനാടൻ ജലഗതാഗതവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
സംരക്ഷണഭിത്തിയുടെ ബലം പരിശോധിക്കാതെ നിര്‍മാണം നടത്തിയതാണ് റോഡും നടപ്പാതയും ഇടിയാൻ കാരണമായതെന്ന് മരട് നഗരസഭ എൽഡിഎഫ് പാർലമെന്ററി പാർടി ലീഡർ സി ആർ ഷാനവാസ് പറഞ്ഞു. പദ്ധതിയുടെ തുടക്കംമുതല്‍ അഴിമതി ആക്ഷേപം ഉയർന്നിരുന്നു. ഫാക്ടിലേക്ക് ബാർജ് ഉൾപ്പെടെ ജലവാഹനം കടന്നുപോകുമ്പോള്‍ കനാൽതീരം ഇടിയുന്നത് ചൂണ്ടിക്കാട്ടി അഞ്ചാം ഡിവിഷൻ കൗൺസിലർ ഷീജ സാൻകുമാർ നഗരസഭാ കൗൺസിലിൽ പ്രമേയം അവതരിപ്പിക്കുകയും ഇറിഗേഷൻവകുപ്പില്‍ കത്തു നൽകുകയും ചെയ്തിരുന്നു. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സി ആർ ഷാനവാസ് ആവശ്യപ്പെട്ടു.









0 comments