നാടിനറിയാം സി ടി ശശിയെ

എൽദോ ജോൺ
Published on Nov 17, 2025, 02:30 AM | 1 min read
പിറവം
ഏറെ സ്‌നേഹത്തോടെയാണ് പാമ്പാക്കുടയിലെ വോട്ടർമാർ സി ടി ശശിയെ സ്വീകരിച്ചത്. കഴിഞ്ഞ അഞ്ചുവർഷം അവരിൽ ഒരാളായി പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് നടത്തിയ വികസനപ്രവർത്തനങ്ങളുടെ മുൻനിരയിലുണ്ടായിരുന്നു ശശി. ഇപ്പോൾ ജില്ലാപഞ്ചായത്ത് പാമ്പാക്കുട ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥിയാകുമ്പോൾ ഏറെ പ്രതീക്ഷയുണ്ടെന്ന് പറയുന്നു വോട്ടർമാർ. ബ്ലോക്ക് പഞ്ചായത്ത് തിരുമാറാടി ഡിവിഷൻ അംഗമായിരുന്ന ശശിക്ക് നാടും നാട്ടുവഴികളും ഏറെ പരിചിതം.
ഞായറാഴ്‌ച രാമമംഗലം കടവ് മുതൽ ഊരമന, മാമ്മലശേരി, കോട്ടപ്പുറം പ്രദേശങ്ങളിലെ കടകൾ, സ്ഥാപനങ്ങൾ, ചെറുകിട വ്യവസായ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിറപുഞ്ചിരിയോടെയാണ് ജനങ്ങൾ സ്ഥാനാർഥിയെ സ്വീകരിച്ചത്. രാമമംഗലം പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയും ജില്ലാപഞ്ചായത്ത് ഡിവിഷൻ അംഗം പഞ്ചായത്തിനെ അവഗണിച്ചതിലുള്ള അമർഷവും ജനങ്ങൾ തുറന്നുപറഞ്ഞു. മാമ്മലശേരി മാർ മിഖായേൽ യാക്കോബായ പള്ളിയിലും കാക്കൂർ, തിരുമാറാടി പ്രദേശങ്ങളിലെ വീടുകളും സ്ഥാനാർഥി സന്ദർശിച്ചു. പാമ്പാക്കുട, തിരുമാറാടി എന്നിവിടങ്ങളിലെ വാർഡ് കൺവൻഷനുകളിലും പങ്കെടുത്തു.
ബ്ലോക്ക് പരിധിയിലെ രാമമംഗലം, പാമ്പാക്കുട, ഇലഞ്ഞി, തിരുമാറാടി പഞ്ചായത്തുകൾ ചേർന്നതാണ് പാമ്പാക്കുട ഡിവിഷൻ.









0 comments