വൈദ്യുതി കണക്‌ഷന്‍ സ്ഥിരപ്പെടുത്താൻ കൈക്കൂലി ; കെഎസ്‌ഇബി അസി. എൻജിനിയര്‍ പിടിയില്‍

കൊച്ചി
താൽക്കാലിക വൈദ്യുതി കണക്‌ഷന്‍ സ്ഥിരപ്പെടുത്താൻ ഒന്നരലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട കെഎസ്‌ഇബി അസിസ്‌റ്റന്റ് എൻജിനിയര്‍ വിജിലന്‍സ് പിടിയില്‍. തേവര ഇലക്ടിക്കല്‍ സെക്‌ഷന്‍ ഓഫീസ് അസിസ്റ്റന്റ് എൻജിനിയർ പാലാരിവട്ടം സ്വദേശി എൻ പ്രദീപനെയാണ് വിജിലൻസ് ബുധനാഴ്‌ച അറസ്‌റ്റ് ചെയ്‌തത്. സ്വകാര്യ കൺസ്‌ട്രക്‌ഷൻ കന്പനിയിലെ അസിസ്‌റ്റന്റ് മാനേജരുടെ പരാതിയിലാണ് നടപടി. ബുധൻ വൈകിട്ട് 5.55ന് തേവര ജങ്‌ഷൻ ബസ് സ്റ്റോപ്പില്‍വച്ച് പരാതിക്കാരനില്‍നിന്ന് 90,000 രൂപ കൈക്കൂലി വാങ്ങുന്പോഴാണ് പിടിയിലായത്.
പനന്പള്ളി നഗറിനുസമീപം കണ്‍സ്‌ട്രക്ഷൻ കന്പനി നിർമിച്ച നാലുനില കെട്ടിടത്തിനായി താൽക്കാലിക വൈദ്യുതി കണക്‌ഷനെടുത്തിരുന്നു. നിർമാണം പൂർത്തിയായപ്പോൾ സ്ഥിരം കണക്‌ഷനുവേണ്ടി കെട്ടിട ഉടമയും പരാതിക്കാരനും തേവര ഇലക്ട്രിക്കല്‍ സെക്‌ഷന്‍ ഓഫീസിലെത്തി. അസിസ്റ്റന്റ് എൻജിനിയർ പ്രദീപനെ നേരിട്ട് കണ്ടാല്‍ മാത്രമെ നടപടി ഉണ്ടാകൂവെന്നാണ് ഓഫീസില്‍നിന്ന് അറിയിച്ചതെന്ന് വിജിലൻസ് പറഞ്ഞു.
തുടര്‍ന്ന് പ്രദീപനെ നേരിട്ട് കണ്ടപ്പോഴാണ് ഒന്നരലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ബുധൻ ഉച്ചകഴിഞ്ഞ് ഫോണ്‍ വിളിക്കുന്പോൾ തുകയുമായി എത്താനും ആവശ്യപ്പെട്ടു. ഈ വിവരം എറണാകുളം വിജിലന്‍സിനെ അറിയിച്ചപ്പോൾ അവരെത്തി പിടികൂടുകയായിരുന്നു. വ്യാഴാഴ്‌ച കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.









0 comments