നഗരത്തെ നൃത്തസാന്ദ്രമാക്കി ‘ഭാവ്’

കൊച്ചി
സംഗീത–നൃത്തനൃത്യങ്ങളുടെ നടനചാരുതയിൽ ടൗൺഹാളും പരിസരവും നിറഞ്ഞു. കൊച്ചി കോർപറേഷന്റെ ആഭിമുഖ്യത്തിൽ ഫെഡറൽ ബാങ്കുമായിചേർന്ന് നടത്തുന്ന ‘ഭാവ്’ -മൂന്നാംപതിപ്പിന്റെ രണ്ടാംദിനം കുച്ചിപ്പുടി, ഭരതനാട്യം, മോഹിനിയാട്ടം, കഥക് എന്നിവ അരങ്ങേറി.
കലാമണ്ഡലം മോഹന തുളസിയുടെ ശിഷ്യർ അവതരിപ്പിച്ച കുച്ചിപ്പുടിയോടെയായിരുന്നു തുടക്കം. തുടർന്ന് കലാക്ഷേത്ര രൂപീക ജൂലിയന്റെ ഭരതനാട്യം, കലാമണ്ഡലം ക്ഷേമാവതിയുടെ ശിഷ്യ ജംഷീന ജമാലിന്റെ മോഹിനിയാട്ടം, ദീപ കർത്തയുടെ കഥക് എന്നിവ അരങ്ങേറി. അശ്വതി–ശ്രീകാന്ത് ദമ്പതികളുടെ നൃത്തമായിരുന്നു ഒടുവിൽ.
ലോകവേദികളിൽ ഭരതനാട്യം അവതരിപ്പിക്കുന്ന ഈ ദമ്പതികൾ ദീർഘകാലത്തെ ഇടവേളയ്ക്കുശേഷമാണ് കൊച്ചിയിലെത്തുന്നത്. എം ടിയുടെയും കലാമണ്ഡലം സരസ്വതിയുടെയും മകളാണ് അശ്വതി. നർത്തകൻ വിനീതിന്റെ ഗുരുകൂടിയാണ് ശ്രീകാന്ത്. തിങ്കൾ വൈകിട്ട് ആറിന് ചെന്നൈ മേധ ഹരിയുടെ ഭരതനാട്യം നടക്കും.









0 comments