എൻഡിഎയിൽ അടിമൂത്തു ; സ്ഥാനാർഥി പ്രഖ്യാപനം ബഹിഷ്‌കരിച്ച് ബിഡിജെഎസ്

കൊച്ചി
കൊച്ചി കോർപറേഷൻ തെരഞ്ഞെടുപ്പിലെ സീറ്റ് തർക്കത്തിൽ എൻഡിഎ സഖ്യകക്ഷികളായ ബിജെപിയും ബിഡിജെഎസും തമ്മിൽ അടിമൂത്തു. ബുധനാഴ്‌ച നടന്ന സ്ഥാനാർഥി പ്രഖ്യാപനം ബഹിഷ്‌കരിച്ച ബിഡിജെഎസ് നേതൃത്വം, എൻഡിഎ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി.
പൊന്നുരുന്നി, കടവന്ത്ര ഡിവിഷനുകൾ നൽകാത്തതാണ് പ്രതിഷേധത്തിനും ബഹിഷ്‌കരണത്തിനും ഇടയാക്കിയത്. കഴിഞ്ഞവർഷം ഇൗ ഡിവിഷനുകൾ ഉൾപ്പെടെ 18 സീറ്റിൽ ബിഡിജെഎസ് മത്സരിച്ചിരുന്നു. ഇത്തവണ 11 ഡിവിഷനാണ് ബിജെപി നൽകിയത്. എന്നാൽ, കഴിഞ്ഞതവണ മത്സരിച്ച പൊന്നുരുന്നിയും കടവന്ത്രയും വിട്ടുകൊടുക്കില്ലെന്ന് ബിഡിജെഎസ് നിലപാടെടുത്തു. ഇൗ ഡിവിഷനുകൾ വേണമെന്ന ആവശ്യത്തിൽ ബിജെപിയും ഉറച്ചുനിന്നതോടെയാണ് ബുധനാഴ്‌ച സ്ഥാനാർഥി പ്രഖ്യാപനത്തിന് മുന്നോടിയായി നടന്ന എൻഡിഎ യോഗം അലങ്കോലമായത്. പിന്നീട് നടന്ന സ്ഥാനാർഥി പ്രഖ്യാപനവും ബിഡിജെഎസ് ബഹിഷ്‌കരിച്ചു. നേതൃത്വത്തെ വിവരങ്ങൾ ധരിപ്പിച്ചതായും അവിടെനിന്നുള്ള തീരുമാനമനുസരിച്ച് തുടർനിലപാടുകൾ സ്വീകരിക്കുമെന്നും ബിഡിജെഎസ് നേതാക്കൾ വ്യക്തമാക്കി.
ബിഡിജെഎസിന്റെ അഭാവത്തിൽ 31 ഡിവിഷനുകളിലെ സ്ഥാനാർഥികളെയാണ് എൻഡിഎ പ്രഖ്യാപിച്ചത്. യുഡിഎഫിൽനിന്ന് ബിജെപിയിലെത്തിയ സുനിത ഡിക്‌സൺ, നിലവിലെ കൗൺസിലർ പ്രിയ പ്രശാന്ത് ഉൾപ്പെടെയുള്ളവർ ആദ്യപട്ടികയിലുണ്ട്. വിദ്യാർഥിയുടെ ശിരോവസ്‌ത്ര വിവാദമുയർന്ന പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പിൽ എൻഡിഎ സ്ഥാനാർഥിയാണ്.
കോൺഗ്രസിന്റെ സജീവ പ്രവർത്തകനും മത്സ്യത്തൊഴിലാളി കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റുമൊക്കെയായിരുന്ന ജോഷി, ശിരോവസ്‌ത്ര വിവാദത്തിലൂടെയാണ് എൻഡിഎയിലേക്ക് ചേക്കേറിയത്. ശിരോവസ്‌ത്ര വിവാദത്തിൽ ഹൈബി ഇൗഡൻ എംപിയെ ഇടപെടുവിച്ച് ഒത്തുതീർപ്പിന് ശ്രമിച്ച ജോഷി, സ്‌കൂൾ മാനേജ്‌മെന്റുമായി ചേർന്ന് വിദ്യാഭ്യാസ വകുപ്പിനെതിരെയും രംഗത്തെത്തിയിരുന്നു.
മുൻ കൗൺസിലറും മുതിർന്ന ബിജെപി നേതാവുമായ ശ്യാമള പ്രഭുവിനെ ബിജെപി സ്ഥാനാർഥി പട്ടികയിൽ പരിഗണിച്ചില്ല. ഇവർ വിമതസ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.









0 comments