ശതാബ്ദി ആഘോഷത്തിൽ
 രാഷ്‌ട്രപതി വിശിഷ്ടാതിഥിയാകും

centenary celebration
avatar
സ്വന്തം ലേഖകൻ

Published on Oct 17, 2025, 02:42 AM | 2 min read

കൊച്ചി


കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസരംഗത്ത് നൂറ്റാണ്ടിന്റെ പാരമ്പര്യം കുറിച്ച എറണാകുളം സെന്റ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷം 24-ന് നടക്കും. കോളേജ് പ്ലാറ്റിനം ജൂബിലി ഓഡിറ്റോറിയത്തിൽ പകൽ 12-ന് നടക്കുന്ന പരിപാടിയിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു വിശിഷ്ടാതിഥിയാകുമെന്ന് കോളേജ് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോളേജിന്റെ ശതാബ്ദി ലോഗോയും രാഷ്ട്രപതി പ്രകാശിപ്പിക്കും.


ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാരായ പി രാജീവ്, വി എൻ വാസവൻ, ഹൈബി ഈഡൻ എംപി, ടി ജെ വിനോദ് എംഎൽഎ, കൊച്ചി മേയർ എം അനിൽകുമാർ തുടങ്ങിയവർ പങ്കെടുക്കും. രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സുരക്ഷാക്രമീകരണങ്ങൾ ഉൾപ്പെടെയുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നതായി അധികൃതർ അറിയിച്ചു.


2022ൽ ആരംഭിച്ച ശതാബ്‌ദി ആഘോഷങ്ങളുടെ സമാപനം ഇ‍ൗ അധ്യയനവർഷം അവസാനം നടക്കുമെന്നും അധികൃതർ പറഞ്ഞു. കോളേജ് ആർട്ട്‌ ബ്ലോക്ക്‌ ഡയറക്ടർ സിസ്റ്റർ ടെസ, സയൻസ് ബ്ലോക്ക് ഡയറക്ടർ സിസ്റ്റർ ഫ്രാൻസിസ് ആൻ, ലോക്കൽ മാനേജർ സിസ്റ്റർ ശിൽപ്പ, ജനറൽ കൺവീനർ ഡോ. എം സജിമോൾ അഗസ്റ്റിൻ, പ്രൊഫ. ആർ ലത നായർ, പ്രൊഫ. നിർമല പത്മനാഭൻ, പ്രൊഫ. എം എസ്‌ കല എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


അന്ന്‌ 41, ഇന്ന്‌ 4263


കൊച്ചി

പഴയ കൊച്ചി സംസ്ഥാനത്തെ ആദ്യ വനിതാ കലാലയമെന്ന ഖ്യാതിയോടെ 1925- ജൂൺ 15നാണ്‌ സെന്റ് തെരേസാസ് കോളേജ് സ്ഥാപിതമാകുന്നത്. സ്ത്രീശാക്തീകരണം എന്ന ലക്ഷ്യവുമായി കാർമലൈറ്റ് സിസ്റ്റേഴ്സ് ഓഫ് സെന്റ് തെരേസ (സിഎസ്‌എസ്‌ടി) സന്യാസിനി സമൂഹം ആരംഭിച്ച കോളേജിൽ തുടക്കത്തിൽ 41 വിദ്യാർഥിനികൾ മാത്രമാണുണ്ടായിരുന്നത്. ഇന്ന് ബിരുദ, ബിരുദാനന്തര, ഗവേഷണ തലങ്ങളിലായി 25 ഡിപ്പാർട്‌മെന്റുകളിലായി 4263 വിദ്യാർഥിനികളാണ്‌ ഇവിടെ പഠിക്കുന്നത്.



2014-ൽ സ്വയംഭരണപദവി നേടിയ കോളേജ്, ദേശീയതലത്തിൽ നാക് അക്രഡിറ്റേഷനിൽ എ പ്ലസ്‌ പ്ലസ്‌ ഗ്രേഡും എൻഐആർഎഫ് റാങ്കിങ്ങിൽ രാജ്യത്തെ കോളേജുകളിൽ 60–ാംസ്ഥാനവും കരസ്ഥമാക്കി.


സ്വാതന്ത്ര്യ സമരസേനാനി അക്കമ്മ ചെറിയാൻ, കെ ആർ ഗൗരിയമ്മ, മേഴ്‌സി രവി, ജമീല പ്രകാശം, ജസ്റ്റിസ്‌ അനു ശിവരാമൻ, പ്രശസ്ത നടിമാരായ റാണി ചന്ദ്ര, സംയുക്ത വർമ, ദിവ്യ ഉണ്ണി, സംവൃത സുനിൽ, അമല പോൾ, അസിൻ, ഗായിക സുജാത മോഹൻ, രഞ്ജിനി ജോസ്, വൈക്കം വിജയലക്ഷ്മി, എഴുത്തുകാരി ജയശ്രീ മിശ്ര, വിജയലക്ഷ്മി തുടങ്ങി രാഷ്ട്രീയ, സാമൂഹിക, കലാ-കായികരംഗങ്ങളിൽ പ്രമുഖരായ നിരവധി വനിതകളെ വാർത്തെടുത്ത പാരമ്പര്യമാണ് കോളേജിനുള്ളത്.




deshabhimani section

Related News

View More
0 comments
Sort by

Home