അമീബിക് മസ്തിഷ്കജ്വരം : യുവതിയിൽ കണ്ടെത്തിയത് പുതിയ വകഭേദം , അപകടനില തരണം ചെയ്തു

കൊച്ചി
അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ലക്ഷദ്വീപ് സ്വദേശിനി അപകടനില തരണം ചെയ്തു. പൂർണ ആരോഗ്യം വീണ്ടെടുക്കാൻ ചികിത്സയും നിരീക്ഷണവും തുടരുന്നതായും ആശുപത്രി വാർത്താക്കുറിപ്പിൽ പറഞ്ഞു. അമീബിക് മസ്തിഷ്കജ്വര രോഗികളിൽ സാധാരണ കാണുന്ന നെഗ്ലീരിയയിൽനിന്ന് വ്യത്യസ്തമായി അകന്തമീബ എന്ന പുതിയ വകഭേദമാണ് യുവതിയിൽ കണ്ടെത്തിയത്.
നെഗ്ലീരിയയെ അപേക്ഷിച്ച്, അപകടം കുറഞ്ഞ ഉപവിഭാഗമാണ് അകന്തമീബയെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. തുടക്കത്തിൽത്തന്നെ രോഗനിർണയം നടത്താനായത് സഹായകമായെന്നും അവർ പറഞ്ഞു. കഠിനമായ തലവേദന, ഛർദി, കണ്ണിന്റെ ചലനവൈകല്യം എന്നിവയെത്തുടർന്ന് മൂന്നാഴ്ചമുമ്പാണ് യുവതി ചികിത്സതേടിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ തലച്ചോറിന്റെ ഇടതുവശത്ത് പഴുപ്പ് കണ്ടെത്തി. വിശദപരിശോധനയിലാണ് അകന്തമീബ വകഭേദംമൂലമുള്ള മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്.









0 comments