90 ശതമാനം സർക്കാർ ജീവനക്കാരും പണിമുടക്കി

അഖിലേന്ത്യ പണിമുടക്ക്‌ ; വ്യവസായജില്ല സ്‌തംഭിച്ചു

All India General Strike ernakulam

ദേശീയ പണിമുടക്കിനെത്തുടർന്ന് തിരക്കൊഴിഞ്ഞ എറണാകുളം പാലാരിവട്ടം ബൈപാസിലൂടെ നീങ്ങുന്ന സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ പ്രകടനം / ഫോട്ടോ: സുനോജ് നൈനാൻ മാത്യു

വെബ് ഡെസ്ക്

Published on Jul 10, 2025, 03:15 AM | 2 min read


കൊച്ചി

കേന്ദ്രസർക്കാരിന്റെ തൊഴിലാളി, കർഷക ദ്രോഹ നടപടികൾക്ക്‌ കനത്ത താക്കീതായി മാറിയ അഖിലേന്ത്യ പണിമുടക്കിൽ വ്യവസായജില്ല പൂർണമായി സ്‌തംഭിച്ചു. സംയുക്ത ട്രേഡ്‌ യൂണിയൻ സമിതി ആഹ്വാനം ചെയ്‌ത പണിമുടക്കിൽ തൊഴിലാളിസമൂഹവും പൊതുജനങ്ങളും യോജിച്ച്‌ അണിനിരന്നതോടെ ജില്ലയിലെ ചെറുതും വലുതുമായ തൊഴിലിടങ്ങളാകെ നിശ്ചലമായി. പണിമുടക്കിനോടനുബന്ധിച്ച്‌ തൊഴിലെടുക്കുന്നവരുടെ സംഘടിതശക്തി വിളിച്ചോതി തൊഴിൽശാലകൾ, കേന്ദ്രസർക്കാർ ഓഫീസുകൾ എന്നിവയ്‌ക്കുമുന്നിലും നഗരകേന്ദ്രങ്ങളിലും ഉജ്വലറാലിയും സമരക്കൂട്ടായ്‌മകളും സംഘടിപ്പിച്ചു. വിവിധ തൊഴിലാളി സംഘടനകൾ സമരകേന്ദ്രങ്ങളിലേക്ക്‌ പ്രകടനമായെത്തി അഭിവാദ്യമർപ്പിച്ചു.


കൊച്ചി റിഫൈനറി തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുന്നത്‌ തടഞ്ഞ്‌ ബിപിസിഎൽ മാനേജ്‌മെന്റ്‌ കോടതിവിധി സമ്പാദിച്ചെങ്കിലും വലിയൊരു വിഭാഗം തൊഴിലാളികൾ പണിമുടക്കിൽ അണിനിരന്നു. പണിമുടക്കിയ തൊഴിലാളികൾ ഒന്നടങ്കം അണിനിരന്ന്‌ റിഫൈനറിയുടെ പ്രധാന കവാടം ഉപരോധിച്ചു. സിഐടിയു അഖിലേന്ത്യ കൗൺസിൽ അംഗം


സി കെ മണിശങ്കർ ഉദ്ഘാടനം ചെയ്തു. എം വൈ കുര്യാച്ചൻ അധ്യക്ഷനായി. എം വിശ്വപ്പൻ, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം ജി അജി, എം പി ഉദയൻ, ബി ഹരികുമാർ എന്നിവർ സംസാരിച്ചു.


കൊച്ചി തുറമുഖ തൊഴിലാളികൾ, വല്ലാർപാടം ടെർമിനലിലെ ലോറി- ട്രക്ക് തൊഴിലാളികൾ, എഫ്എസിടി, എച്ച്എംടി, സെസ്, കിൻഫ്രപാർക്ക്, ഐആർഇ, ടിസിസി, അപ്പോളോ, ഹിൻഡാൽകോ, എച്ച്‌ഒസി, ടെൽക്, കെൽ തുടങ്ങിയ ഇടങ്ങളിലെ സ്ഥിരം, കരാർ തൊഴിലാളികളും ചെറുകിട വ്യവസായ എസ്‌റ്റേറ്റുകളിലെ തൊഴിലാളികളും പണിമുടക്കി. എല്ലായിടത്തും റാലികളും പൊതുയോഗവും ചേർന്നു.


കൊച്ചി വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് തൊഴിലാളികൾ, നേവൽബേസിലെ സിവിലിയൻ കരാർ തൊഴിലാളികൾ, വാണിജ്യ, വ്യാപാര സ്ഥാപനങ്ങളിലെ കയറ്റിറക്ക്, നിർമാണം, മത്സ്യം, ഷോപ്പ്, ടാങ്കർലോറി, ലൈറ്റ് മോട്ടോർ, ബസ്, ബോട്ട് സർവീസ് തൊഴിലാളികളും പണിമുടക്കിൽ അണിനിരന്നു.


strike



സർക്കാർ
 ഓഫീസുകൾ 
പ്രവർത്തിച്ചില്ല

പണിമുടക്കിനെത്തുടർന്ന്‌ സർക്കാർ ഓഫീസുകളുടെയും പ്രവർത്തനം നിലച്ചു. കാക്കനാട് സിവിൽ സ്റ്റേഷൻ ഉൾപ്പെടെ ജില്ലയിലെ സർക്കാർ ഓഫീസുകൾ ബഹുഭൂരിഭാഗവും അടഞ്ഞുകിടന്നു. തുറന്ന സർക്കാർ ഓഫീസുകളിൽ നാമമാത്ര ഹാജർമാത്രം. 90 ശതമാനം സർക്കാർ ജീവനക്കാരും പണിമുടക്കിന്റെ ഭാഗമായി.


കലക്ടറേറ്റ്, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ ഓഫീസ്, തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ഓഫീസ്, ഇറിഗേഷൻ ഡിവിഷൻ ഓഫീസ്, സ്പെഷ്യൽ എംപ്ലോയ്‌മെന്റ്, ജില്ലാ വ്യവസായകേന്ദ്രം, അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോൾ ഓഫീസ്, മൈനിങ് ആൻഡ് ജിയോളജി, പിഡബ്ല്യുഡി റോഡ്സ് ഡിവിഷൻ എറണാകുളം, കൊച്ചി കോർപറേഷൻ, ജില്ലാ ഫിഷറീസ് ഓഫീസ്, ജിഎസ്‌ടി ടാക്സ് പെയർ- ജോയിന്റ്‌ കമീഷണർ ഓഫീസുകൾ, ഇടപ്പള്ളി പിഡബ്ല്യുഡി ഓഫീസുകൾ തുടങ്ങിയ പ്രധാന ഓഫീസുകൾ പ്രവർത്തിച്ചില്ല.


ജില്ലാ ലേബർ ഓഫീസിലെ 38 പേരിൽ ഒരാളും ജില്ലാ മെഡിക്കൽ ഓഫീസിലെ 82 പേരിൽ 7 പേരും കൊച്ചി കോർപറേഷൻ ഓഫീസിലെ 164 പേരിൽ 15 പേരും വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ 103 പേരിൽ 8 പേരും പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസിലെ 69 പേരിൽ രണ്ടുപേരുംമാത്രമാണ് ജോലിക്ക് ഹാജരായത്. അധ്യാപക മേഖലയിലും പണിമുടക്ക് പൂർണമായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചില്ല. പണിമുടക്കിനെ വൻ വിജയമാക്കിയ ജീവനക്കാർക്കും അധ്യാപകർക്കും അഭിവാദ്യമർപ്പിച്ച് ആക്‌ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ്‌ ആഭിമുഖത്തിൽ ഏരിയ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി.


പണിമുടക്ക്‌
 സർവകലാശാലകളിൽ പൂർണം

ദേശീയ പണിമുടക്കിനെ തുടർന്ന് സംസ്ഥാനത്തെ എല്ലാ സർവകലാശാലകളുടെയും പ്രവർത്തനം പൂർണമായും സ്തംഭിച്ചു. ആകെയുള്ള ജീവനക്കാരിലും അധ്യാപകരിലും 75 ശതമാനം പണിമുടക്കി. ക്യാമ്പസുകളിൽ പ്രകടനവും നടത്തി. പണിമുടക്ക്‌ സമ്പൂർണമാക്കിയ ജീവനക്കാരെയും അധ്യാപകരെയും കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. പി കെ ബിജുവും ജനറൽ സെക്രട്ടറി ഹരിലാലും അഭിവാദ്യം ചെയ്തു.





deshabhimani section

Related News

View More
0 comments
Sort by

Home