അദാലത്തിൽ 57 പരാതികൾക്ക് പരിഹാരം
‘ഹെൽത്തി റിലേഷൻഷിപ്' ക്യാന്പയിനുമായി വനിതാ കമീഷൻ

കൊച്ചി
ആരോഗ്യകരമായ ബന്ധങ്ങൾ (ഹെൽത്തി റിലേഷൻഷിപ്) സംബന്ധിച്ച കൃത്യമായ ധാരണ സമൂഹത്തിലുണ്ടാക്കാൻ ഇടപെടൽ ശക്തിപ്പെടുത്തണമെന്ന് വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. രണ്ടുദിവസങ്ങളിലായി വൈഎംസിഎ ഹാളില്‍ നടന്ന വനിതാ കമീഷൻ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അധ്യക്ഷ. വനിതാ കമീഷൻ നടത്തുന്ന പരിപാടികളിൽ പ്രധാന വിഷയമായി ‘ഹെൽത്തി റിലേഷൻഷിപ്' ഏറ്റെടുത്തതായും സതീദേവി പറഞ്ഞു. പരാതികളിൽ അധികവും വിവാഹ ജീവിതത്തിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതാണ്. പങ്കാളികൾ തമ്മിൽ പരസ്‌പര ധാരണയില്ലാത്തതിന്റെ പ്രശ്‌നങ്ങളാണ് കൂടതലും. ഇവ കുട്ടികളെയും ബാധിക്കും. ഒറ്റയ്‌ക്ക് താമസിക്കുന്ന സ്ത്രീകളുടെ പരിരക്ഷ ഉറപ്പാക്കാൻ വാർഡ് ജാഗ്രതാ സമിതികൾ ഇടപെടണമെന്നും കമീഷൻ അധ്യക്ഷ പറഞ്ഞു.
അദാലത്തിൽ 57 പരാതികള്‍ തീര്‍പ്പാക്കി. ഒമ്പത് പരാതികളിൽ പൊലീസില്‍നിന്നും രണ്ട് പരാതികളിൽ ജാഗ്രതാസമിതികളിൽനിന്നും റിപ്പോർട്ട് തേടും. 180 പരാതികളാണ് ലഭിച്ചത്. 112 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. പുതിയതായി അഞ്ച് പരാതികൾകൂടി ലഭിച്ചു. കമീഷൻ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, എലിസബത്ത് മാമൻ മത്തായി, വി ആർ മഹിളാമണി, കമീഷൻ ഡയറക്ടർ ഷാജി സുഗുണൻ, പാനൽ അഭിഭാഷകരായ അഡ്വ. സ്മിത ഗോപി, അഡ്വ. കെ വി രാജേഷ്, അഡ്വ. വി എ അമ്പിളി, കൗൺസിലർ ബി പ്രമോദ് എന്നിവർ പരാതികൾ കേട്ടു.









0 comments