ഒരു പൈസ കുടിശികയില്ലാതെ 3600 രൂപ വീതം കൈകളിലേക്ക്; പ്രഖ്യാപനത്തെ യാഥാർത്ഥ്യമാക്കി സർക്കാർ; അഭിമാനമെന്ന് ധനമന്ത്രി

പെൻഷൻ തുകയായ 3600രൂപ കൈപ്പറ്റിയ കൊല്ലം കരിക്കോട് മണ്ണമല ഷഫീഖ് മൻസിലിൽ എ ബദറുദ്ദീനും ഭാര്യ ജമീല ബീവിയും (ഇടത്), കെ എൻ ബാലഗോപാൽ (വലത്)
തിരുവനന്തപുരം: ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ വെറുംവാക്കല്ലെന്ന് വീണ്ടും തെളിയിച്ച് എൽഡിഎഫ് സർക്കാർ. ഒരു പൈസ പോലും കുടിശികയില്ലാതെ, സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ വിതരണം നടത്തിയത് സർക്കാരിന്റെ ഇച്ഛാശക്തിയുടെ തെളിവായി. 62 ലക്ഷം ഗുണഭോക്താക്കൾക്ക് ഒരു ഗഡു ക്ഷേമപെൻഷൻ കുടിശ്ശികയുായ 1600 രൂപയും ഈ മാസത്തെ വർധിപ്പിച്ച പെൻഷൻ തുക 2000 രൂപയും ചേർത്ത് 3600 രൂപ ജനങ്ങളിലെത്തിക്കാൻ സർക്കാരിനായി.
കേന്ദ്രസർക്കാർ സംസ്ഥാനത്തിനു മുകളിൽ ചുമത്തുന്ന ബഹുമുഖവും അപ്രതീക്ഷിതവുമായ സാമ്പത്തിക ഉപരോധങ്ങളെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലത്ത് ഇത് സാധിച്ചു എന്നത് ഏറെ അഭിമാനകരമാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗം മെച്ചപ്പെടുത്താനും കടം- ജിഎസ്ഡിപി അനുപാതം കുറച്ചു കൊണ്ടുവരാനും സർക്കാരിന് കഴിഞ്ഞു. സംസ്ഥാനത്തിന്റെ തനത് വരുമാനത്തിലും വലിയ വർദ്ധനവ് നാം കൈവരിച്ചു. കേന്ദ്ര വിഭവ കൈമാറ്റത്തിൽ ഉണ്ടായ വെട്ടിക്കുറവാണ് സംസ്ഥാനത്ത് ധനഞെരുക്കമുണ്ടാക്കുന്നത്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിക്കാൻ കഴിഞ്ഞതിൽ അതിയായ ചാരിതാർത്ഥ്യമുണ്ട്.
ചെയ്യാൻ കഴിയുന്നത് മാത്രമേ ഇടതുപക്ഷം പറയാറുള്ളൂ. പറയുന്നതെല്ലാം ചെയ്യുകയും ചെയ്യും. ഇതാണ് ഇടതുസർക്കാരിന്റെ വാക്കെന്നും ധനമന്ത്രി പറഞ്ഞു.
പെൻഷൻ വിതരണത്തിനായി 1864 കോടി രൂപ ഒക്‌ടോബർ 31ന് ധനവകുപ്പ് അനുവദിച്ചിരുന്നു. ഒരുമാസത്തെ ക്ഷേമ പെൻഷൻ നൽകാൻ നേരത്തെ 900 കോടിയോളം രൂപയാണ് വേണ്ടിയിരുന്നത്. മാസം 400 രൂപകൂടി വർധിച്ചതിനാൽ 1050 കോടി രൂപ വേണം. ഇതിലെ നാമമാത്രമായ കേന്ദ്ര വിഹിതം കേന്ദ്രസർക്കാർ അനുവദിച്ചിട്ടില്ലെങ്കിലും അതും സംസ്ഥാനം മുൻകൂട്ടി വഹിക്കുകയാണ്. ഗുണഭോക്താക്കളിൽ പകുതിയോളം പേർക്ക് ബാങ്ക് അക്കൗണ്ട് വഴിയും ബാക്കിയുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലും പെൻഷൻ എത്തും. ഒമ്പതര വർഷത്തെ എൽഡിഎഫ് ഭരണത്തിൽ 80, 671 കോടി രൂപയാണ് സർക്കാർ പെൻഷനുവേണ്ടി അനുവദിച്ചത്.









0 comments