നാളെയാണ്, നാളെയാണ്; നാമനിർദേശപത്രികാ സമർപ്പണം വെള്ളിയാഴ്ച അവസാനിക്കും

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദേശപത്രിക സമർപ്പിക്കാനുള്ള സമയ പരിപരിധി വെള്ളിയാഴ്ച (നവംബർ 21) അവസാനിക്കും. ഉച്ചയ്ക്ക് മൂന്ന് മണിവരെ പത്രിക സമർപ്പിക്കാം.
നിർദിഷ്ട യോഗ്യതയുള്ള സ്ഥാനാർഥികൾ നാമനിർദേശപത്രികയും 2എ ഫോമും പൂർണമായി പൂരിപ്പിച്ച് നിക്ഷേപ തുകയും അടച്ച് പ്രതിജ്ഞ ചെയ്ത് നിശ്ചിത ഫോമിൽ ഒപ്പുവച്ച് അതത് വരണാധികാരിക്ക് സമർപ്പിക്കണം. ശനിയാഴ്ച നാമനിർദേശപത്രികളുടെ സൂക്ഷ്മപരിശോധന നടത്തും. സൂക്ഷ്മ പരിശോധനയ്ക്കുശേഷം മത്സരിക്കുന്ന സ്ഥാനാർഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസർ തയ്യാറാക്കി പ്രസിദ്ധീകരിക്കും.
സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി തിങ്കൾ (നവംബർ 24 ) ഉച്ചകഴിഞ്ഞ് 3 മണി വരെയാണ്. സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന സമയത്തിന് ശേഷം റിട്ടേണിംഗ് ഓഫീസർ, മത്സരിക്കുന്ന സ്ഥാനാർഥികളുടെ പട്ടിക പ്രസിദ്ധീകരിക്കും. മലയാളം അക്ഷരമാലാ ക്രമത്തിലാണ് സ്ഥാനാർഥികളുടെ പേര് പട്ടികയിൽ ഉൾപ്പെടുത്തുക. സ്ഥാനാർഥിയുടെ പേര്, വിലാസം, അനുവദിച്ച ചിഹ്നം എന്നിവയാണ് പട്ടികയിലുണ്ടാവുക. റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത്/മുനിസിപ്പാലിറ്റി ഓഫീസിലും മത്സരിക്കുന്ന സ്ഥാനാർഥികളുടെ പട്ടിക പരസ്യപ്പെടുത്തും








0 comments