വനിതാ കമീഷൻ അദാലത്ത് ; സ്ത്രീകളുടെ മാനസികസംഘർഷങ്ങൾ ഒഴിവാക്കാൻ കൗൺസലിങ് ശക്തിപ്പെടുത്തും

കൊച്ചി
സ്ത്രീകൾ ഇരകളാകുന്ന വിവിധ പ്രശ്നങ്ങളിൽ അവരുടെ മാനസികസംഘർഷങ്ങൾ ഒഴിവാക്കുന്നതിന് സംസ്ഥാനത്താകെ വനിതാ കമീഷന്റെ നേതൃത്വത്തിൽ കൗൺസലിങ് ശക്തിപ്പെടുത്തുമെന്ന് വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. വനിതാ കമീഷൻ സംഘടിപ്പിച്ച അദാലത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
തൊഴിലിടങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളാണ് കമീഷനുമുമ്പിൽ കൂടുതലായി ലഭിക്കുന്നത്. തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷിതത്വത്തോടെ തൊഴിൽ ചെയ്യാൻ സാഹചര്യമൊരുക്കുന്ന പോഷ് ആക്ട് (പ്രൊട്ടക്‌ഷൻ ഓഫ് സെക്‌ഷ്വൽ ഹരാസ്‌മെന്റ് ഇൻ വർക്‌പ്ലേസ്) അനുശാസിക്കുന്ന ആഭ്യന്തര പരാതിപരിഹാരസമിതി (ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി) ശക്തിപ്പെടുത്തണമെന്നും അവർ പറഞ്ഞു.
അദാലത്തിന്റെ അവസാനദിനം 21 പരാതികൾ തീർപ്പാക്കി. അഞ്ചു പരാതികളിൽ വിവിധ വകുപ്പുകളിൽനിന്ന് റിപ്പോർട്ട് തേടി. രണ്ടു പരാതികൾക്ക് കൗൺസലിങ് സംവിധാനം ഏർപ്പെടുത്തി. കമീഷൻ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മൻ മത്തായി, വി ആർ മഹിളാമണി, ഡയറക്ടർ ഷാജി സുഗുണൻ, അഭിഭാഷകരായ സ്മിത ഗോപി, വി എ അമ്പിളി, പി യമുന, കൗൺസലർ ബി പ്രമോദ് എന്നിവരും പരാതികൾ കേട്ടു.









0 comments