അബു പണിതുയർത്തി , സ്വന്തം വീട്

കെട്ടിടനിർമാണത്തൊഴിലാളിയായ അബു നിലവിലെ ഇടുങ്ങിയ വീടിനുള്ളിൽ

ശ്രീരാജ് ഓണക്കൂർ
Published on Sep 26, 2025, 03:00 AM | 1 min read
കൊച്ചി
കെട്ടിടനിർമാണ തൊഴിലാളിയായ അബു ഫോർട്ട് കൊച്ചി പാണൻ കോളനി പുറന്പോക്കിലാണ് ആദ്യം താമസിച്ചിരുന്നത്. കുടുംബവുമായി അന്തിയുറങ്ങിയിരുന്നത് ഓലപ്പുരയിൽ. അടച്ചുറപ്പുള്ള കോൺക്രീറ്റ് വീട്ടിൽ ആദ്യമായി താമസിച്ചത് സോമസുന്ദരപ്പണിക്കർ മേയറായിരിക്കെ പുറന്പോക്ക് നിവാസികളെ കൊഞ്ചേരിയിലെ വീടുകളിൽ പുനരധിവസിപ്പിച്ചപ്പോഴാണ്. 23 വർഷമായി താമസിച്ചുവരുന്ന ആ വീട്ടിൽനിന്നാണ് അബു, 27ന് മുഖ്യമന്ത്രി ഉദ്‌ഘാടനംചെയ്യുന്ന തുരുത്തിയിലെ പുതിയ ഫ്ലാറ്റിലേക്ക് മാറുന്നത്. തുരുത്തി ഫ്ലാറ്റിന്റെ നിർമാണ സൈറ്റിൽ തൊഴിലാളിയായിരുന്നു അബു.
ലോകത്തിലെവിടെയും ഇത്തരത്തിലൊരു പുനരധിവാസം നടന്നതായി തന്റെ അറിവിലില്ലെന്ന് അബു. ഇത്രയേറെ സാധു കുടുംബങ്ങളെ മികച്ച സൗകര്യത്തിൽ ഒന്നിച്ചൊരിടത്ത് പുനരധിവസിപ്പിക്കുന്നത് അപൂർവമാണ്. അതിന് എൽഡിഎഫ് സർക്കാരിനേട് നന്ദിയുണ്ടെന്നും അബു സന്തോഷക്കണ്ണീരോടെ പറയുന്നു. അബുവിന്റെ ഭാര്യ ഖദീജ ബീവി മരിച്ചു. ആറ് മക്കൾ വേറെ വീടുകളിലാണ് താമസം. ഒറ്റയ്‌ക്കാണെങ്കിലും വൃത്തിയും അടച്ചുറപ്പമുള്ള വീട്ടിലേയ്‌ക്ക് മാറുന്നതിന്റെ സന്തോഷത്തിലാണ് അബു.
അയൽവാസിയും കെട്ടിടനിർമാണ തൊഴിലാളിയുമായ എ എ റഫീഖും 23 വർഷമായി കൊഞ്ചേരിയിൽ താമസിക്കുന്നു. അയൽക്കാരനൊപ്പം പുതിയ ഫ്ലാറ്റ് സമുച്ചയത്തിലേയ്‌ക്ക് മാറുന്നതിന്റെ സന്തോഷത്തിലാണ് റഫീഖും ഭാര്യ ബീവിയും രണ്ട് മക്കളും. അടുത്തിടെ കെട്ടിടത്തിൽനിന്ന് വീണ് കാലുകൾക്ക് ഗുരുതര പരിക്കേറ്റ് വീൽചെയറിലാണ് റഫീഖ് ഇപ്പോൾ.









0 comments