-‘സന്ധ്യ’ ഒഴിഞ്ഞു, -മടങ്ങി ആദ്യ കൊറിയർ

ശ്രീരാജ് ഓണക്കൂർ
കൊച്ചി
സാനു ഒഴിഞ്ഞ ‘സന്ധ്യ’യിൽ ആദ്യമായി മേൽവിലാസക്കാരനില്ലാതെ ആ പുസ്തകങ്ങൾ മടങ്ങി. കോട്ടയം ഡിസി ബുക്സിൽനിന്ന് വന്ന പുസ്തകങ്ങളടങ്ങിയ കൊറിയറുമായി പോസ്റ്റ്മാൻ തിങ്കളാഴ്ച പ്രൊഫ. എം കെ സാനുവിന്റെ കാരിക്കാമുറി ക്രോസ്റോഡിലെ വീടായ "സന്ധ്യ'യിൽ എത്തി. വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് മാഷ് എഴുതിയ ജീവചരിത്രം ‘ബഷീർ: ഏകാന്തവീഥിയിലെ അവധൂതൻ’ പുസ്തകത്തിന്റെ പുതിയ പതിപ്പുമായി എത്തിയ പോസ്റ്റ്മാൻ ഒറ്റപ്പാലം സ്വദേശി പ്രദീപ് ദുഃഖത്തോടെയാണ് മടങ്ങിയത്.
എം കെ സാനുവിന്റെ വീട്ടിലേക്കുള്ള കൊറിയറുകൾ കൂടുതലും താനാണ് നൽകിയിരുന്നതെന്ന് എറണാകുളം നോർത്ത് പോസ്റ്റ് ഓഫീസിലെ വി പ്രദീപ് പറഞ്ഞു. ആദ്യമായാണ് കൊറിയർ മടങ്ങുന്നത്. അദ്ദേഹത്തിന് കൂടുതലും വന്നിരുന്നത് പുസ്തകങ്ങളായിരുന്നുവെന്നും പ്രദീപ്. നിയമപ്രകാരം കൊറിയർ എത്തിയിട്ടുണ്ടെന്നും മേൽവിലാസക്കാരനില്ലാത്തിനാൽ മടക്കി അയക്കുകയാണെന്നും അറിയിക്കാനാണ് വീട്ടിലെത്തിയതെന്നും പ്രദീപ് പറഞ്ഞു.
മാഷില്ലാത്ത ‘സന്ധ്യ’ ഇപ്പോഴും ദുഃഖസാന്ദ്രമാണ്. അദ്ദേഹത്തിന്റെ ശൂന്യമായ ഇരിപ്പിടവും അനാഥമായ പുസ്തകങ്ങളും ഇവിടെയെത്തുന്നവർക്ക് സമ്മാനിക്കുന്നത് തീരാനഷ്ടത്തിന്റെ തീവ്രവേദന.
ആശുപത്രിയിലാകുന്നതിനു മുമ്പുവരെ അച്ഛൻ സാംസ്കാരികപരിപാടികളിൽ സജീവമായിരുന്നുവെന്ന് മക്കളായ എം എസ് രഞ്ജിത്തും എം എസ് ഹാരിസും പറഞ്ഞു. ഇൗ ആഴ്ച നടക്കാനിരിക്കുന്ന പല പരിപാടികളിലേക്കും ക്ഷണമുണ്ടായിരുന്നുവെന്നും ഇരുവരും പറഞ്ഞു. തിങ്കളാഴ്ചയും പ്രമുഖർ ഉൾപ്പെടെ നിരവധിപേർ മാഷിന്റെ ഓർമകളുമായി ‘സന്ധ്യ’യിലെത്തി. ബിഹാർ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ, കോൺഗ്രസ് നേതാവ് എം എം ഹസ്സൻ തുടങ്ങിയവർ വീട്ടിലെത്തി അനുശോചനം അറിയിച്ചു.
മഹാരാജാസ് അനുശോചിച്ചു
കൊച്ചി
പ്രൊഫ. എം കെ സാനുവിന്റെ നിര്യാണത്തിൽ മഹാരാജാസ് കോളേജിൽ അനുശോചനയോഗം ചേർന്നു. ഇംഗ്ലീഷ് മെയിൻ ഹാളിൽ ചേർന്ന യോഗത്തിൽ പ്രിൻസിപ്പൽ ഡോ. എസ് ഷജില ബീവി അധ്യക്ഷയായി. ഗവേണിങ് ബോഡി അംഗം ഡോ. എം എസ് മുരളി, ഡോ. കെ വി ജയമോൾ, സൂപ്രണ്ട് സി ടി മധു, വിദ്യാർഥി പ്രതിനിധി ആദിൽകുമാർ എന്നിവർ സംസാരിച്ചു.
മഹാരാജാസ് അലുമ്നി അസോസിയേഷന്റെ അനുശോചനയോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. ടി വി സുജ അധ്യക്ഷയായി. പൂർവവിദ്യാർഥികളായ പ്രൊഫ. പി കെ രവീന്ദ്രൻ, ഡോ. മേരി മെറ്റിൽഡ, ഡോ. ടി എസ് ജോയ്, പ്രിൻസിപ്പൽ ഡോ. എസ് ഷജില ബീവി, ഗവേണിങ് ബോഡി അംഗം ഡോ. എം എസ് മുരളി, ഡോ. എസ് അഞ്ജലി, ഡോ. കെ ഷിജി തുടങ്ങിയവർ സംസാരിച്ചു. അധ്യാപകരും വിദ്യാർഥികളും പൂർവവിദ്യാർഥികളും ചടങ്ങിൽ പങ്കെടുത്തു.
അനുസ്മരിച്ച് കൊച്ചി പൗരാവലി
കൊച്ചി
കൊച്ചി പൗരാവലിയുടെ ആഭിമുഖ്യത്തിൽ പ്രൊഫ. എം കെ സാനു അനുസ്മരണ യോഗം ചേർന്നു. ശ്രീനാരായണ സേവാസംഘം പ്രസിഡന്റ് അഡ്വ. എൻ ഡി പ്രേമചന്ദ്രൻ അധ്യക്ഷനായി. പ്രൊഫ. എം തോമസ് മാത്യു പ്രമേയം അവതരിപ്പിച്ചു. ടി ജെ വിനോദ് എംഎൽഎ, അഡ്വ. തമ്പാൻ തോമസ്, അഹമ്മദ് കബീർ, അഡ്വ. രാജൻ ബാബു, ജസ്റ്റിസ് കെ സുകുമാരൻ, ജസ്റ്റിസ് പി എസ് ഗോപിനാഥൻ, എൻ എം പിയേഴ്‌സൺ, കെ എ അലി അക്ബർ, സിഐസിസി ജയചന്ദ്രൻ, പി പി രാജൻ തുടങ്ങിയവർ സംസാരിച്ചു.
സംസ്കാരവും മനുഷ്യത്വവും ഉയർത്തിപ്പിടിച്ചയാൾ
കൊച്ചി
സംസ്കാരത്തെയും മനുഷ്യത്വത്തെയും ഉയർത്തിപ്പിടിച്ചയാളായിരുന്നു പ്രൊഫ. എം കെ സാനുവെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. സാനുമാഷിന്റെ വസതിയിൽ കുടുംബാംഗങ്ങളെ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ബിഹാറിൽ ആയിരുന്നതിനാൽ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം അവരോട് പറഞ്ഞു.
എം കെ സാനു പുസ്തകങ്ങളുമായി കൂടുതൽ സമയം ചെലവഴിച്ചിരുന്ന കട്ടിൽ, വിജയരാഘവന് മക്കൾ കാണിച്ചുകൊടുത്തു. വീടിനുള്ളിൽ വച്ചിരുന്ന സാനുമാഷിന്റെ ചിത്രത്തിന്റെ മുന്നിൽ അദ്ദേഹം ഒരുനിമിഷം നിശ്ശബ്ദനായി. മക്കളായ എം എസ് രഞ്ജിത്, എം എസ് ഹാരിസ്, എം എസ് രേഖ, ഡോ. എം എസ് ഗീത, മരുമകൻ സി കെ കൃഷ്ണൻ എന്നിവരെ അനുശോചനമറിയിച്ചാണ് എ വിജയരാഘവൻ മടങ്ങിയത്.
സാനുമാഷിന്റെ ഓർമകളിൽ അബ്ദുൾ കലാം
കൊച്ചി
സാനു മാഷിനൊപ്പമുള്ള മൂന്നുപതിറ്റാണ്ടുകാലത്തെ ഓർമകളുമായി സന്തതസഹചാരിയായ സിപിഐ എം എറണാകുളം ടൗൺ ലോക്കൽ കമ്മിറ്റി അംഗം അബ്ദുൾ കലാം തിങ്കളാഴ്ചയും മാഷിന്റെ വീടായ ‘സന്ധ്യ’യിലെത്തി. 30 വർഷമായി മാഷിനൊപ്പമാണ് കലാമിന്റെ പകലിരവുകൾ ഏറെയും. കോവിഡ് കാലത്തിനുശേഷമുള്ള എല്ലാ പരിപാടികളിലും മാഷിനൊപ്പം ഉണ്ടാകാൻ ശ്രദ്ധവയ്ക്കാറുണ്ട്. ദിവസവും രാവിലെ ‘മാഷേ... എന്ന വിളിയോടെ ‘സന്ധ്യ’യിൽ എത്തിയാൽ അന്നത്തെ യാത്രകളിൽ ഒപ്പംകൂടും. വിശേഷങ്ങൾ പറഞ്ഞും അറിവ് പകർന്നുമുള്ള ആ യാത്രകൾ കലാമിന് എന്നും പ്രിയപ്പെട്ടതായിരുന്നു. ‘കലാം എന്റെ അവസാന ശിഷ്യനാ’ണെന്ന് ഒരിക്കൽ തോളിൽത്തട്ടി മാഷ് പറഞ്ഞത് വലിയഅംഗീകാരമായി മനസ്സിൽ സൂക്ഷിക്കുന്നു. ശ്രീനാരായണ സർവകലാശാലയിൽ മലയാളം പിജി ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോഴും പ്രോത്സാഹിപ്പിച്ചു. യാത്രകളിൽ തനിക്കുമാത്രമായി മാഷ് ക്ലാസുകളെടുത്തതും കലാം ഓർമിക്കുന്നു. ലീലാതിലകവും ഭാഷാഭൂഷണവും ഒക്കെ വിശദീകരിച്ചു തന്നു. നല്ല നർമബോധമുള്ള ആളായിരുന്നു സാനുമാഷെന്നും കലാം ഓർമിച്ചു.









0 comments