സ്‌റ്റുഡിയോ ഒരുക്കി അക്ഷയ്‌ കാത്തിരിക്കുന്നു

വെള്ളിത്തിരവന്ന്‌ തൊടുമൊരുനാൾ

വീട്ടിലൊരുക്കിയ സ്‌റ്റുഡിയോയിൽ അക്ഷയ്‌ രാമകൃഷ്‌ണൻ

വീട്ടിലൊരുക്കിയ സ്‌റ്റുഡിയോയിൽ അക്ഷയ്‌ രാമകൃഷ്‌ണൻ

avatar
പി വിജിൻദാസ്‌

Published on Jun 12, 2025, 02:00 AM | 1 min read

ചെറുവത്തൂർ

‘നിങ്ങൾ അഭിലാഷങ്ങളെ തീവ്രമായി പിന്തുടരുക; നിങ്ങൾ അതായിത്തീരുമെന്ന’ ചൊല്ല്‌ ഹൃദയത്തിൽ കൊത്തിവച്ചിട്ടുണ്ട്‌ അക്ഷയ്‌. ഉപജീവനത്തിനായി മീൻ വിൽക്കുമ്പോഴും സിനിമയെന്ന സ്വപ്‌നലോകം ഇന്നല്ലെങ്കിൽ നാളെ ഒപ്പമുണ്ടാവുമെന്ന്‌ അക്ഷയ്‌ രാമകൃഷ്‌ണന്‌ ഉറച്ച്‌ വിശ്വസിക്കാനാവുന്നത്‌ അതിനാലാണ്‌. വെറുതെ സിനിമ തേടിവരുന്നത്‌ കാത്തിരിക്കുകയോ സെറ്റുകളിൽ ചാൻസ്‌ തേടി അലയുകയോ അല്ല ഈ ചെറുപ്പക്കാരൻ. മീൻ വിറ്റ തുക മിച്ചം പിടിച്ച്‌ വീട്ടിലൊരു സിനിമാ സ്‌റ്റുഡിയോ ഒരുക്കി സ്വപ്‌നങ്ങളെ തീവ്രതയോടെ പിന്തുടരുകയാണയാൾ. ചീമേനി പാംപെരിങ്ങാരയിലെ അക്ഷയ്‌ രാമകൃഷ്‌ണൻ ചെറുപ്പം തൊട്ടേ സ്വപ്‌നം കാണുന്നുണ്ട്‌ സിനിമാഭിനയം. ‘കുമ്മാട്ടി’ പോലെ ശ്രദ്ധയാകർഷിച്ച സിനിമകൾ പലതും ചിത്രീകരിച്ച ചീമേനിയുടെ മണ്ണ്‌ ആ സ്വപ്‌നത്തെ താലോലിച്ച്‌ വലുതാക്കി. കേരളത്തിനകത്തും പുറത്തും സെറ്റുകളിൽ അലഞ്ഞ നാളുകളിൽ രണ്ട്‌ സിനിമകളിൽ അഭിനയിച്ചെങ്കിലും റിലീസായില്ല. എന്നാൽ വിട്ടുകൊടുക്കാൻ മനസ്‌ വന്നില്ല. മീൻ വിൽപനയിൽനിന്നും ലഭിക്കുന്ന വരുമാനത്തിൽ ഒരുപങ്ക്‌ സിനിമാ സ്വപ്‌നത്തിനായി മാറ്റിവച്ചു. പണി തീരാത്ത വീട്ടിൽ ഇയാളുടെ മോഹങ്ങളുടെ നേർക്കാഴ്‌ചയുണ്ട്‌. ക്യാമറ, ട്രോളി, ലൈറ്റുകൾ, കംപ്യൂട്ടർ എന്നുവേണ്ട സിനിമ ചിത്രീകരിച്ച്‌ ഡബ്ബ്‌ ചെയ്‌ത്‌ എഡിറ്റ്‌ ചെയ്‌ത്‌ പുറത്തിറക്കാനുള്ള എല്ലാ പണിയായുധങ്ങളും വീട്ടിലുണ്ട്‌. വീടിന്‌ ചെലവഴിച്ചതിലേറെ തുക സ്വപ്‌ന സാക്ഷാൽക്കാരത്തിന്‌ മാറ്റിവച്ചതിന്റെ തിളപ്പുണ്ട്‌ ആ വീട്ടിൽ. പ്രതിസന്ധികളെ അതിജീവിച്ച്‌ മുന്നേറാൻ സഞ്ചാരിയായ സന്തോഷ്‌ ജോർജ്‌ കുളങ്ങരയുടെ വാക്കുകളാണ്‌ പ്രചോദനം. സ്വന്തമായി തിരക്കഥയെഴുതാനുള്ള തയ്യാറെടുപ്പിലാണ്‌ ഇദ്ദേഹം. പ്രാഥമിക വിദ്യാഭ്യാസം മാത്രം കൈമുതലായുള്ള അക്ഷയ്‌ എഡിറ്റിങ്ങും തിരക്കഥ എഴുത്തും കാമറ കൈകാര്യം ചെയ്യാനുമെല്ലാം പഠിച്ചത്‌ യുട്യൂബ്‌ വഴിയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home