സൂംബാ ചുവടുവച്ച് പ്രവേശനോത്സവം

കാസർകോട്
സ്‌കൂളിലെ മുഴുവൻ വിദ്യാർഥികളും അധ്യാപകരും പങ്കാളിയാകുന്ന സൂംബാനൃത്തച്ചുവടുകളുമായി മടിക്കൈ സെക്കൻഡ് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ ജില്ലാതല പ്രവേശനോത്സവം. ഈ വർഷം മുതൽ സ്‌കൂൾ പഠനത്തിൽ ഉൾപ്പെടുത്തിയ കായിക പരിശീലനത്തിൽ സൂംബാ നൃത്തവും ഉൾപ്പെടുന്നു. വിദ്യാലയത്തിലെ അറുന്നൂറോളം കുട്ടികളാണ് രണ്ടിന് രാവിലെ സുംബാംനൃത്തത്തിൽ അണിനിരക്കുക. 16 അധ്യാപികമാരുടെ നേതൃത്വത്തിൽ ഇതിനായി പരിശീലനം ആരംഭിച്ചു. ഉദ്‌ഘാടന സമ്മേളനത്തിന് ശേഷമാണ് ഓഡിറ്റോറിയത്തിൽ സൂംബാ അവതരിപ്പിക്കുക. വിദ്യാർഥികളുടെ ശാരീരിക ക്ഷമത വർധിപ്പിക്കാനുള്ള നിർദേശത്തിന്റെ ഭാഗമായാണ് സൂംബാനൃത്തം കായികപരിശീലനത്തിൽ ഉൾപ്പെടുത്തിയത്. കുട്ടികളുടെ അഭിരുചിക്ക് ഇണങ്ങിയ വ്യായാമമുറ എന്നതാണ് പ്രധാന പരിഗണന. വരും ദിവസങ്ങളിൽ മുഴുവൻ വിദ്യാലയങ്ങളിലും കുട്ടികളെ സൂംബാ പരിശീലിപ്പിക്കും. രാവിലെ ഒമ്പതിനാണ് ഉദ്‌ഘാടന സമ്മേളനം. നവാഗതർ ഉൾപ്പെടയുള്ള കുട്ടികളെ സ്‌കൂൾ കവാടത്തിൽ നിന്ന് ഘോഷയാത്രയായാണ് വരവേൽക്കുക. പ്രവേശനോത്സവം രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ഉദ്‌ഘാടനം ചെയ്യും. ഉദ്‌ഘാടനസമ്മേളനത്തിന് ശേഷം റെയിബോചെയിൻ, ഗാനസല്ലാപം, സംഗീതശിൽപം, ഏകപാത്രനാടകം എന്നിവയുമുണ്ടാകും. ഈ വർഷം മുതൽ പാഠ്യപദ്ധതിയുടെ ഭാഗമാകുന്ന പ്രവൃത്തിപരിചയത്തിലേക്ക് വിദ്യാർഥികളെ ആകർഷിക്കുന്നതാണ് കടലാസുകൊണ്ടുള്ള റെയിൻബോ ചെയിൻ.









0 comments