തെളിമാനം പുഞ്ചിരിതൂകി; 
അറിവുത്സവത്തിൻ മണിമുഴങ്ങി

രാവണീശ്വരം ജിഎച്ച്എസ്എസിൽ  ഒന്നാംതരത്തിൽ പ്രവേശനം നേടിയവരുടെ ആഹ്ലാദം
വെബ് ഡെസ്ക്

Published on Jun 03, 2025, 03:00 AM | 3 min read

കാസർകോട്‌

ഒരുമയുടെ രസവും ചന്തവുമായി പുതിയ അധ്യയന വർഷത്തിന്‌ ഉല്ലാസത്തുടക്കം. മഴ മാറിനിന്ന തെളിഞ്ഞ പകലിൽ പ്രവേശനോത്സവ ഗാനത്തിന്റെ മധുരത്തോടെയായിരുന്നു പുതിയ അധ്യയനവർഷാരംഭം. ഒന്നിച്ച്‌, ഒന്നായി, ഒന്നാവാം എന്ന സന്ദേശത്തിലാണ്‌ ഇക്കുറി പ്രവേശനോത്സവം. ജില്ലയിൽ 592 പൊതുവിദ്യാലയങ്ങളിലും വിപുലമായ പ്രവേശനോത്സവം ഉണ്ടായിരുന്നു. നവാഗതരെ അക്ഷരത്തൊപ്പി ചാർത്തിയും പൂച്ചെണ്ടും മധുരവും കളിക്കോപ്പുകളും നൽകിയാണ്‌ പലയിടത്തും വരവേറ്റത്‌. ശിശുസൗഹൃദ വിദ്യാലയം എന്ന കാഴ്‌ചപ്പാടിലൂന്നിയാണ്‌ സ്‌കൂളുകൾ പുതിയ അധ്യയനവർഷത്തിന്‌ ഒരുങ്ങിയത്‌. രക്ഷാകർതൃസമിതികളും സന്നദ്ധസംഘടനകളും ചേർന്ന്‌ പ്രവേശനോത്സവത്തിന്‌ വിപുലമായ ഒരുക്കങ്ങൾ ഏർപ്പെടുത്തിയിരുന്നു. ജില്ലാ പ്രവേശനോത്സവം മേക്കാട്ട്‌ മടിക്കൈ സെക്കൻഡ്‌ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലായിരുന്നു. രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയായിരുന്നു ഉദ്‌ഘാടകൻ. മുഴുവൻ കുട്ടികളും അധ്യാപകരും ചേർന്നുള്ള സൂംബാ നൃത്തമായിരുന്നു ഉദ്‌ഘാടന ചടങ്ങിലെ സവിശേഷത. കുട്ടികളിൽ ശാരീരികവും മാനേസികവുമായ ആരോഗ്യം ഉറപ്പാക്കുന്നതിന്‌ ഈ വർഷം മുതൽ സൂംബാനൃത്തം അഭ്യസിപ്പിക്കുന്നുണ്ട്‌. ജില്ലാ പ്രവേശനോത്സവം മടിക്കൈ സെക്കന്റ്‌ ജിവിഎച്ച്എസ്എസ്സിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി അധ്യക്ഷയായി. ഇ ചന്ദ്രശേഖരൻ എംഎൽഎ മുഖ്യാതിഥിയായി. മുൻ എംപി പി കരുണാകരൻ നവാഗതർക്ക് സമ്മാനം നൽകി. പഞ്ചായത്ത് പ്രസിഡന്റ്‌ എസ് പ്രീത, വൈസ് പ്രസിഡന്റ്‌ വി പ്രകാശൻ, രമ പത്മനാഭൻ, പ്രഭാകരൻ കാത്തിരക്കാൽ, എസ്എസ്കെ ജില്ലാ പ്രോജക്ട് കോഡിനേറ്റർ വി എസ് ബിജുരാജ്, എ സി ഉദയകുമാരി, വിദ്യാകിരണം കോഡിനേറ്റർ ടി പ്രകാശൻ, ബിപിസി ഡോ. കെ വി രാജേഷ്, രഘുറാം ഭട്ട് തുടങ്ങിയവർ സംസാരിച്ചു. ഡിഡിഇ ടി വി മധുസൂദനൻ സ്വാഗതവും പ്രിൻസിപ്പൽ പ്രീതി നന്ദിയും പറഞ്ഞു. കുട്ടികൾ നൃത്തശില്പം അവതരിപ്പിച്ചു. റെയിൻബോ ചെയിൻ, സൂംബ ഡാൻസ്, നാടൻപാട്ട് എന്നിവ അരങ്ങേറി. ചിറ്റാരിക്കൽ ഉപജില്ല സ്കൂൾ പ്രവേശനോത്സവം പരപ്പ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു. എ ആർ വിജയകുമാർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ കെ ശകുന്തള മുഖ്യാതിഥിയായി. വിവിധ മേഖലയിൽ മികവ്‌ തെളിയിച്ച വിദ്യാർഥികൾക്ക്‌ പഞ്ചായത്ത് അംഗം കെ രമ്യ ഉപഹാരം നൽകി. ബാലകൃഷ്ണൻ, ആയിഷ ഗഫൂർ, ബിപിസി സി ഷൈജു, ജയപ്രകാശ്, കെ റഷീദ്, കെ പ്രഭാവതി, കെ വി രാഗേഷ്, എസ് മഴ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ കെ രാജി സ്വാഗതവും പ്രധാനധ്യാപകൻ പി ജനാർദ്ദനൻ നന്ദിയും പറഞ്ഞു. നവാഗതർക്ക്‌ വിവിധ സംഘടനകളും വ്യക്തികളും പഠന കിറ്റുകൾ നൽകി. പായസവിതരണവും നടന്നു. ബേക്കൽ ഉപജില്ലാ പ്രവേശനോത്സവം അജാനൂർ ഗവ. ഫിഷറീസ് യുപി സ്കൂളിൽ ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ സബീഷ് അധ്യക്ഷനായി. പ്രഭാത ഭക്ഷണം പദ്ധതിയുടെയും പാലിനൊപ്പം ഹോർലിക്സ്, ബൂസ്റ്റ് പദ്ധതിയുടെയും ലോഞ്ചിങ്‌ എംഎൽഎ നിർവഹിച്ചു. പദ്ധതിയുടെ സ്പോൺസർമാരായ പാലായി കുഞ്ഞബ്ദുള്ള ഹാജി, സുരേന്ദ്രൻ അബുദാബി എന്നിവരെ ആദരിച്ചു. നവാഗതർക്ക് വിവിധ സംഘടനകൾ പഠനോപകരണങ്ങൾ നൽകി. എഇഒ ഇൻ ചാർജ് സി അശോകൻ മുഖ്യാതിഥിയായി. ഡയറ്റ് ലക്ചറർ ഇ വി നാരായണൻ അക്കാദമിക കലണ്ടർ പ്രകാശിപ്പിച്ചു. ബിപിസി കെ എം ദിലീപ് കുമാർ, കെ രവീന്ദ്രൻ, കെ അശോകൻ, ഗോവിന്ദൻ നമ്പൂതിരി, അഷ്റഫ് പറമ്പത്ത്, നൗഷാദ് കൊത്തിക്കാൽ, എ ഹമീദ് ഹാജി, എ പി രാജൻ, എ അബ്ദുള്ള, നദീറ ബാനു, ജാഫർ പാലായി, ഷഫീഖ് ആവിക്കൽ, രമ്യാ സുനിൽ, സി സുലേഖ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ വി മോഹനൻ സ്വാഗതവും കെ സജിത നന്ദിയും പറഞ്ഞു. ബൈജു എസ് വൈക്കത്തിന്റെ സംഗീത പരിപാടിയുമുണ്ടായി. ചെറുവത്തൂർ ഉപജില്ലാ പ്രവേശനോത്സവം കൊടക്കാട് ഗവ. വെൽഫെയർ യുപി സ്കൂളിൽ എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ പി പി പ്രസന്നകുമാരി അധ്യക്ഷയായി. എഇഒ രമേശൻ പുന്നത്തിരിയൻ, കെ പി രഞ്ജിത്ത്‌, ഡോ. എ പ്രസന്ന, ബിപിസി വി വി സുബ്രഹ്‌മണ്യൻ, എൻ കെ ജയദീപ്, കെ ഷിമോദ്, എൻ വി ലിവിൻകുമാർ, എം എ ജയചന്ദ്രൻ, വി അജിത, പി ദിലീപ്, കെ നന്ദിത, കെ ശ്രുതി എന്നിവർ സംസാരിച്ചു. വിദ്യാർഥികൾക്ക് പാഠപുസ്തകം, യൂണിഫോം, തിമിരി സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നവാഗതർക്ക് ബാഗ്‌ എന്നിവ നൽകി.



deshabhimani section

Related News

View More
0 comments
Sort by

Home