കയ്യൂരിന്റെ സ്വപ്‌നം പകർത്തിയ ക്യാമറ

‘മീനമാസത്തിലെ സൂര്യൻ’ സിനിമയുടെ ചിത്രീകരണത്തിനിടയിൽ ഛായാഗ്രാഹകൻ ഷാജി എൻ കരുൺ, കയ്യൂർ സമര സേനാനി ചൂരിക്കാടൻ കൃഷ്ണൻനായർ, സംവിധായകൻ ലെനിൻ രാജേന്ദ്രൻ, കയ്യൂർ സമര സേനാനി കെ പി വെള്ളുങ്ങ, നിർമാതാവ് സി ജി ഭാസ്കരൻ എന്നിവർ
കെ വി രഞ്ജിത്
Published on Apr 29, 2025, 03:00 AM | 2 min read
കയ്യൂർ
കാലം 1985 ഏപ്രിൽ 14: മീനമാസത്തിലെ സൂര്യൻ സിനിമയുടെ പാക്കപ്പ്; പാക്കപ്പ് എന്ന് പറഞ്ഞാൽ ഒന്നും നാട്ടുകാർക്ക് മനസിലാകില്ല. എങ്കിലും സംവിധായകൻ ലെനിൻ രാജേന്ദ്രൻ ചിത്രീകരണം പൂർത്തിയാക്കി എല്ലാരെയും വിളിച്ചുകൂട്ടി. അന്നത്തെ വിദ്യാർഥി നേതാവ് എം രാജഗോപാലൻ എല്ലാർക്കും സ്വാഗതം പറയുന്നു. വേദിയിൽ നിന്നിറങ്ങി ഷാജി എൻ കരുൺ യോഗത്തിൽ പങ്കെടുത്തവരെ സ്വന്തം കണ്ണുകളാൽ പകർത്തി. ഇയാളെന്താ ഇങ്ങനെ എല്ലാരേം മുഖം നോക്കി നടക്കുന്നത് എന്ന് കയ്യൂർ സമരസേനാനി കൂടിയായ പി ടി അമ്പാടിക്കുഞ്ഞി പറഞ്ഞപ്പോൾ അന്നത്തെ സിപിഐ എം നേതാവ് പി ഗോപാലൻ വൈദ്യർ പറഞ്ഞു അവൻ സിനിമക്കാരനല്ലേ... ആ കാഴ്ചയിൽ നിറയെ നമ്മുടെ നാടിന്റെ സ്വപ്നമുണ്ടാകും. അതിനും മുമ്പ് വിശാലമായ ചീമേനി കുന്നിനെക്കുറിച്ച് ജി അരവിന്ദൻ കഥാകൃത്ത് സക്കറിയക്ക് അയച്ച കത്തിൽ പറയുന്നുണ്ട്. "ഒരിക്കൽ ചന്ദന നിറവും പിന്നെ ഹരിതാഭവുമാകുന്ന ചീമേനിക്കുന്ന്, അത് പകർത്താൻ ഷാജി എന്റെ കൂടെയുണ്ട്. അത് മനോഹരമായി പകർത്തി; അത് കുമ്മാട്ടിയുമായി. പിന്നീട് രാവണീശ്വരത്തും കാഞ്ഞങ്ങാടും, മടിക്കൈ ഏച്ചിക്കാനത്തും പോയി പിറവി എന്ന സിനിമയെടുക്കുമ്പോഴും ഷാജി എൻ കരുണിന്റെ ബാലപാഠം കയ്യൂരായിരുന്നു. മീനമാസത്തിലെ സൂര്യൻ സിനിമ ചിത്രീകരിക്കുമ്പോൾ ആ ടീമിൽ മിക്കവരും സ്ഥിരം സിനിമാക്കാരായിരുന്നില്ല.- അവർ നാട്ടുകാർ ആയിരുന്നു. വള്ളിക്കര മുണ്ടുടുത്ത് ഷാജിയുടെ നേതൃത്വത്തിൽ ലെനിനും ടീമും വരുന്ന കാഴ്ച മായുന്നില്ലെന്ന് മുൻ കയ്യൂർ - ചീമേനി പഞ്ചായത്ത് പ്രസിഡന്റ് എം ബാലകൃഷ്ണൻ പറഞ്ഞു. ‘‘സിനിമാക്കാർക്ക് താമസിക്കാനുള്ള സൗകര്യമൊന്നും അന്ന് കയ്യൂരിലില്ല, എങ്കിലും പുല്ലുമേഞ്ഞ വീട്ടിലും, നീലേശ്വരത്തും നിന്ന് അവർ സഹിച്ചു നിറച്ച സിനിമയാണ് മീനമാസത്തിലെ സൂര്യൻ. -കയ്യൂരിനെ പ്രമേയമാക്കി പിന്നേയും പല സിനിമകൾ വന്നെങ്കിലും ഷാജി എൻ കരുൺ വന്നപ്പോഴുള്ള നാടിന്റെ യഥാർഥ ചിത്രം പകർത്തൽ പിന്നീടുണ്ടായില്ലെന്ന് സിപിഐ എം ലോക്കൽ സെക്രട്ടറിയായിരുന്ന ടി ദാമോദരൻ പറഞ്ഞു. പിറവിയും, വാനപ്രസ്ഥവും കഴിഞ്ഞ് എ കെ ജി യെക്കുറിച്ചുള്ള സിനിമ എടുക്കുമ്പോഴും ഷാജി എൻ കരുൺ കയ്യൂരിനെ മറന്നിരുന്നില്ല. അദ്ദേഹത്തിന്റെ വാക്കുകേട്ട് , കൊട്ടമ്പാളയിട്ട് അഭിനയിച്ചവർ, അമരാവതിയിലെയും മുടവൻമുകളിലെയും തൊഴിലാളികളായി.









0 comments