വാസ്തുവിദ്യാ മികവിന്റെ 
സുകുമാര നിര്‍മിതികള്‍

വാസ്തുവിദ്യ മികവിന് ലഭിച്ച ഉപഹാരങ്ങൾക്കരികിൽ ചാലിങ്കാല്‍ 
ചെക്കിയാര്‍പ്പിലെ കെ വി സുകുമാരൻ
avatar
ടി കെ പ്രഭാകരകുമാര്‍

Published on Aug 08, 2025, 02:30 AM | 1 min read

പെരിയ

വാസ്തുവിദ്യാ മികവിലൂടെ സുകുമാരൻ രൂപം നൽകിയത്​ നൂറിലേറെ മനോഹര നിര്‍മിതികള്‍. ക്ഷേത്രങ്ങള്‍ക്കും കഴകങ്ങള്‍ക്കും തറവാടുകള്‍ക്കും ആകര്‍ഷകമായ മേല്‍മാടുകള്‍ നിര്‍മിച്ച്​ വൈഭവം തെളിയിച്ച ചാലിങ്കാല്‍ ചെക്കിയാര്‍പ്പിലെ കെ വി സുകുമാരന്​ ഇപ്പോൾ തിരക്കൊഴിഞ്ഞ്​ നേരമില്ല. കുറ്റിക്കോല്‍ തമ്പുരാട്ടി കഴകത്തിന്റെ മേല്‍മാട് നിര്‍മാണത്തിന്റെ പണിപ്പുരയിലാണ് ഇപ്പോൾ സുകുമാരൻ. കുണ്ടംകുഴി ബെദിര കൊട്ടാരത്തിന്റെ നിര്‍മാണപ്രവൃത്തിയും ഏറ്റെടുത്തിട്ടുണ്ട്. മാവുങ്കാല്‍ വിശ്വകര്‍മക്ഷേത്രത്തിന് കീഴിലുള്ള ഗുരുമഠത്തിന്റെ മേല്‍മാട് നിര്‍മിച്ചതും സുകുമാരനാണ്. 2023ല്‍ കരുവാക്കോട് രാജരാജേശ്വരി ക്ഷേത്ര കമ്മിറ്റി പട്ടും വളയും നല്‍കി ആദരിച്ചിരുന്നു. ഈ ചടങ്ങില്‍ വിശ്വകര്‍മന്‍ എന്ന സ്ഥാനപ്പേരും ലഭിച്ചു. അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്ര കമ്മിറ്റി സ്വര്‍ണപതക്കം നല്‍കി. മറ്റ് നിരവധി ക്ഷേത്രകമ്മിറ്റികളും ആദരിച്ചിട്ടുണ്ട്. അജാനൂര്‍ കടപ്പുറം കുറുംബ ഭഗവതി ക്ഷേത്രം, നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് എന്നിവിടങ്ങളിലും നിര്‍മിതി നടത്തി. കാസര്‍കോട് ജില്ലയിലെയും കര്‍ണാടകയിലെയും ക്ഷേത്രങ്ങളുടെ നിര്‍മിതിക്കാണ് വാസ്തുവിദ്യയിലുള്ള തന്റെ പ്രാവീണ്യം കൂടുതൽ പ്രയോജനപ്പെടുത്തുന്നത്. അച്ഛന്‍ കുഞ്ഞമ്പു വിശ്വകര്‍മനില്‍നിന്നാണ് വാസ്തുവിദ്യ സ്വായത്തമാക്കിയത്. പ്രീഡിഗ്രി പഠനശേഷം പതിനേഴാം വയസുമുതല്‍ അച്ഛനോടൊപ്പം ക്ഷേത്ര നിര്‍മാണജോലിക്ക് പോയിത്തുടങ്ങി. കുഞ്ഞമ്പു വിശ്വകര്‍മന്‍ ആറ് വര്‍ഷം മുമ്പാണ് മരിച്ചത്. സഹോദരങ്ങളായ പത്മനാഭന്‍, മനോഹരന്‍, മുരളീധരന്‍ എന്നിവരും മറ്റുബന്ധുക്കളും സുകുമാരനെ ജോലിയില്‍ സഹായിക്കുന്നു. ഭാര്യയും മൂന്ന് മക്കളുമടങ്ങുന്നതാണ് കുടുംബം.



Tags
deshabhimani section

Related News

View More
0 comments
Sort by

Home