കടലാക്രമണം രൂക്ഷം
ഭീതിയിൽ ജന്മകടപ്പുറം

ഉദുമ
കടലാക്രമണം രൂക്ഷമായതോടെ ജന്മക്കടപ്പുറത്ത് നിരവധി തെങ്ങുകൾ കടപുഴകി. ജന്മകടപ്പുറം നാർച്ചിക്കുണ്ടിലെ എൻ കെ കുമാരന്റെ 10 തെങ്ങ്, എൻ കെ നാരായണന്റെ നാല് തെങ്ങ്, കടപ്പുറം രാമന്റെ തെങ്ങിൻ തൈകൾ എന്നിവ നശിച്ചു. ജന്മ ബീച്ചിലേക്കുള്ള റോഡ് പകുതി തകർന്നു. നാട്ടുകാർ മണൽ നിറച്ച ചാക്കുകൾ നിരത്തി ബാക്കിയുള്ള റോഡ് സംരക്ഷിച്ചിട്ടുണ്ട്. പ്രദേശത്തും ഒട്ടേറെ തെങ്ങുകൾ ഏത് സമയത്തും നിലം പൊത്തുന്ന അവസ്ഥയിലാണ്. കൊവ്വൽ, കാപ്പിൽ കടപ്പുറങ്ങളിലും കടലേറ്റം രൂക്ഷമാണ്. ടെട്രോപോഡ് കടൽ ഭിത്തി നിർമിച്ച് കടലേറ്റത്തിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തൃക്കണ്ണാട് ക്ഷേത്രത്തിന് മുന്നിലെ കടപ്പുറത്തുള്ള പള്ളിവേട്ട മണ്ഡപം സംരക്ഷിക്കാൻ കരിങ്കല്ലുകൾ നിരത്തി. കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്രം ഭരണസമിതിയാണ് ഇതിന് മുന്നിട്ടിറങ്ങിയത്. പരിസരങ്ങളിൽ ചിതറിക്കിടന്ന കരിങ്കല്ലുകൾ മണ്ണുമാന്തി ഉപയോഗിച്ച് പള്ളിവേട്ട മണ്ഡപത്തിന്റെ തറയോട് ചേർത്ത് അട്ടിയിട്ട ശേഷം മണ്ണ് നിറച്ചാണ് അപകട ഭീഷണി ഒഴിവാക്കിയത്. ശക്തമായ കടലേറ്റത്തിൽ മണ്ഡപത്തിന്റെ അടിത്തറ മുഴുവനും കാണാവുന്ന വിധം മണ്ണ് നഷ്ടപ്പെട്ടിരുന്നു. കോട്ടിക്കുളം, മാളിക വളപ്പ്, ചിറമ്മൽ, തൃക്കണ്ണാട്, ഗോപാല പേട്ട എന്നിവടങ്ങളും കടലാക്രമണ ഭീഷണിയിലാണ്.









0 comments