വിള്ളലുണ്ട്; ഇടിയുന്നുണ്ട്
പതിയിരിപ്പുണ്ട് ഷിരൂർ മോഡൽ ദുരന്തം

വീരമലക്കുന്നിൽ ദേശീയപാതയിലേക്ക് ഇടിഞ്ഞ് വീണ മണ്ണ് ജെസിബി ഉപയോഗിച്ച് നീക്കുന്നു

സ്വന്തം ലേഖകൻ
Published on Jul 24, 2025, 09:00 AM | 1 min read
ചെറുവത്തൂർ
മണ്ണിടിച്ചിൽ ഭീതിയുടെ മുൾമുനയിലായ ദേശീയപാതയിൽ അപകടം തടയാൻ നടപടികളൊന്നും സ്വീകരിക്കാതെ ദേശീയപാത അതോറിറ്റി. സുരക്ഷയെക്കുറിച്ച് പഠിക്കാൻ കമ്മിറ്റിയെ നിയോഗിച്ചതല്ലാതെ പതിയിരിക്കുന്ന ദുരന്തം തടയാൻ ഇതുവരെ കാര്യക്ഷമമായ നടപടി ഉണ്ടായില്ല. മണ്ണിടിച്ചിലിന്റെ പശചാത്തലത്തിൽ വീരമലക്കുന്നിലും മട്ടലായിക്കുന്നിലും ജില്ലാ ഭരണസംവിധാനം ഡ്രോൺ നിരീക്ഷണം നടത്തിയിരുന്നു. ഇതിൽ കുന്നിൽ വിള്ളലുകളുള്ളതായി കണ്ടെത്തി. പരിശോധനയുടെ പശ്‌ചാത്തലത്തിൽ അപകട സാധ്യത വിശദീകരിച്ച് ദേശീയപാത അതോറിറ്റിക്ക് ജില്ലാ ഭരണ സംവിധാനം മൂന്നാഴ്‌ച മുമ്പ് റിപ്പോർട്ട് കൈമാറിയിരുന്നു. ഇത് സംബന്ധിച്ച് ഒരു മറുപടിയും ലഭിച്ചില്ല. തിരക്കേറിയ ദേശീയപാതയിൽ ഷിരൂരിലേതിന് സമാനമായ ദുരന്തത്തിന് കളമൊരുക്കുകയാണ് ദേശീയപാത അതോറിറ്റി. വിള്ളലുണ്ടെന്ന് കണ്ടെത്തിയ ഭാഗത്താണ് ബുധനാഴ്‌ച കുന്നിടിഞ്ഞത്. ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തിൽ രൂപീകരിച്ച വിദഗ്‌ധ സംഘം പേരിന് പരിശോധ നടത്തിപ്പോയെങ്കിലും ഇതിലും നടപടിയില്ല. വൈകരുത് മുൻകരുതൽ ചെറുവത്തൂർ കർണാടക ഷിരൂർ മോഡലുള്ള ഭൂഘടനയാണ് ദേശീയപാത പരിസരത്തെ വീരമലക്കുന്ന് പ്രദേശം. ഷിരൂരിൽ ഒരുഭാഗത്ത് മലയും എതിർവശം പല സംസ്ഥാനങ്ങളിൽ നിന്നും കടന്നുപോകുന്ന ചരക്ക് വാഹനം പാർക്ക് ചെയ്യുകയും ജീവനക്കാർ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് വിശ്രമിക്കുകയും ചെയ്യുന്ന ഇടമായിരുന്നു. ഇതിന് തൊട്ടടുത്തായി പുഴയും. ഇതിന് സമാനമാണ് വീരമലക്കുന്നും പരിസരവും. ഒരുവശം വീരമലക്കുന്ന്, മറുവശത്ത് ഹോട്ടൽ. ഇതര സംസ്ഥാനത്തു നിന്നെത്തുന്ന ചരക്ക് വാഹനങ്ങൾ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കാനും അതിനുശേഷം വിശ്രമിക്കാനും വാഹനങ്ങൾ നിർത്തിയിടുന്ന സ്ഥലം കൂടിയാണിത്. അമ്പത് മീറ്റർ ദൂരത്ത് പുഴയും ഒഴുകുന്നുണ്ട്. വീരമല പൂർണമായും ഇടിഞ്ഞാൽ താഴേക്ക് പതിച്ച് ഹോട്ടലും ഇതിന് താഴെ താമസിക്കുന്ന നിരവധി വീടുകളും നാമാവശേമാകും.









0 comments