ചിരട്ട ഇനി അധികപ്പറ്റല്ല

പൊന്നുംവിലയാണ്‌ 
 കളയല്ലേ

വാഹനത്തിൽ ചിരട്ടകൾ ശേഖരിച്ച്‌ കൊണ്ടുപോകുന്നു
avatar
സ്വന്തം ലേഖകൻ

Published on Jul 30, 2025, 02:00 AM | 1 min read


ചെറുവത്തൂർ

തേങ്ങ ചിരകിക്കഴിഞ്ഞാൽ പിന്നെ ചിരട്ട ഒരറ്റ ഏറാണ്‌. അടുപ്പിനുതാഴെ ഒരുമൂലയിൽ വെറുതെ കിടക്കും. ഉണങ്ങിക്കഴിഞ്ഞാൽ എടുത്ത്‌ അടുപ്പിലിടും. ഗ്യാസും, ഇൻഡക്‌ഷൻ കുക്കറും, കെറ്റിലും, ഓവനുമെല്ലാം അടുക്കള ഭരിക്കുന്നതിനുംമുമ്പ് ചിരട്ടകളായിരുന്നു അടുപ്പുകളിൽ കത്തിപ്പടർന്നത്. തെങ്ങുകൾ സുലഭമായ കേരളത്തിൽ ചിരട്ടകൾക്ക് ക്ഷാമമുണ്ടായിരുന്നില്ല. അടുപ്പുകളിൽ എരിഞ്ഞ്‌ തീർന്നിരുന്ന ചിരട്ടക്കിപ്പോൾ വൻ ഡിമാൻഡാണ്‌. വിപണിയിൽ പൊന്നുംവിലയുള്ള വസ്‌തുവായി മാറിയിരിക്കുകയാണ്‌ ചിരട്ട. രാജ്യാന്തര വിപണിയിൽ ചിരട്ടക്ക്‌ ഡിമാൻഡ്‌ കൂടിയതോടെ ചിരട്ടകൾ കൂട്ടത്തോടെയെടുക്കാൻ ഓരോ പ്രദേശങ്ങളിലെയും വീട്ടുമുറ്റത്ത്‌ വാഹനങ്ങളിൽ ഇടനിലക്കാർ എത്തുകയാണ്‌. ചിരട്ട എടുക്കുന്ന സ്ഥാപനങ്ങളിലേക്ക്‌ ശേഖരിക്കുന്ന ചിരട്ടകൾ ഇവർ എത്തിച്ച്‌ നൽകും. കിലോ ആയും എണ്ണത്തിന്‌ അനുസരിച്ചുമാണ്‌ ഇപ്പോൾ വില നൽകുന്നത്‌. ഒരു ചിരട്ടക്ക്‌ ഒരുരൂപയും ഒരുകിലോക്ക്‌ 38 രൂപയുമാണ്‌ വില. ഉച്ചൂളികൾ ചൂളകൾ കത്തിച്ചെടുത്ത്‌ കക്കത്തോടുകൾ നീറ്റിയെടുക്കാൻ ചിരട്ടയാണ്‌ ഉപയോഗിക്കുന്നത്‌. ചിരട്ടയിൽനിന്നും നിർമിക്കുന്ന മൂല്യവർധിത വസ്‌തുക്കൾക്കൾക്ക് വിപണിയിൽ ആവശ്യക്കാരേറെയുണ്ട്‌. ജല ശുദ്ധീകരണത്തിനായി നിർമിക്കുന്ന ഇലക്‌ട്രോണിക്‌സ്‌ ഉപകരണങ്ങളിലും, മറ്റ്‌ വിവിധ രതത്തിലുള്ള ജല ശുദ്ധീകരണത്തിനും ചിരട്ടക്കരി അവിഭാജ്യ ഘടകമാണ്‌. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ ചിരട്ടക്കരി നിർമിക്കുന്ന ഫാക്ടറികളിലേക്ക് കേരളത്തിൽനിന്ന് ലോഡ് കണക്കിന് ചിരട്ട കയറ്റി അയക്കുന്നു. ഇറ്റലി, ജർമനി, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പ്രധാനമായും ചിരട്ട കയറ്റുമതി. ഇവിടങ്ങളിൽ പ്രധാനമായും കരിയുണ്ടാക്കി ജലശുദ്ധീകരണം നടത്തുന്നതിനാണ്‌ ചിരട്ട ഉപയോഗിക്കുന്നത്. വെള്ളം, പഞ്ചസാര, പഴച്ചാറ് എന്നിവ ശുദ്ധീകരിക്കാനും, സൗന്ദര്യവർധക വസ്തുക്കളുടെ നിർമാണത്തിനും ചിരട്ടപ്പൊടി ഉപയോഗിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home