മുന്നേറ്റം തുടരാൻ, വിജയവഴിയിൽ

ജില്ലാപഞ്ചായത്ത് ചെങ്കള ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി സഹർബാനു സാഗർ ചെർക്കള ദിനേശിലെത്തി വോട്ടർമാരെ കാണുന്നു
കെ സി ലൈജുമോൻ
Published on Nov 22, 2025, 02:30 AM | 1 min read
ചെർക്കള
"ഞാളെ നാട്ടിലെ മിക്ക വീട്ടിലും ഇന്ന് വല്യ സന്തോഷാവും... മിക്കോർക്കും 3600 ഉറുപ്യ പെൻഷൻ കിട്ട്യോലും... ഇതെന്നും വേണ്ടേ.... അതോണ്ടന്നെ ഞാളെയെല്ലാം വോട്ട് ഒരിക്കലും മാറൂല.... ' ചെർക്കള ദിനേശിലെത്തിയ സഹർബാനു സാഗറിനെ ചേർത്തുപിടിച്ച് തൊഴിലാളികൾ നൽകുന്ന ഇൗ ഉറപ്പാണ് ജില്ലാപഞ്ചായത്ത് ചെങ്കള ഡിവിഷനിലെ വിജയവഴിയെന്ന് സംശയമില്ലാതെ പറയാം. മുസ്ലിംലീഗിന്റെ സിറ്റിങ് ഡിവിഷൻ കഴിഞ്ഞ തവണ ഷാനവാസ് പാദൂരിനെ സ്വതന്ത്ര സ്ഥാനാർഥിയാക്കി എൽഡിഎഫ് പിടിച്ചെടുത്തതാണ്. അഞ്ചുവർഷം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റായി ഏവർക്കും സ്വീകാര്യനായി മാറിയ ഷാനവാസ് വികസനകാര്യങ്ങളിൽ സ്വന്തം ഡിവിഷനോട് നൂറുശതമാനം നീതിപുലർത്തിയാണ് കാലാവധി പൂർത്തിയാക്കിയത്. പഴയതിൽനിന്നും ചെങ്കളയുടെ മണ്ണിന് നേരിയ മാറ്റമുണ്ടെങ്കിലും ഡിവിഷൻ നിലനിർത്താനുറച്ച മനസ്സാണ് വോട്ടർമാർക്കുള്ളത്. നാടിന്റെ വികസനത്തുടർച്ചയ്‌ക്ക് വേണ്ടിയാണ് സിപിഐ എം സ്വതന്ത്ര സ്ഥാനാർഥിയായ സഹർബാനു സാഗർ വോട്ടർമാരെ കാണുന്നത്. വെള്ളി രാവിലെ കലക്ടറേറ്റിലെത്തി ഒരുസെറ്റ് പത്രിക കൂടി സമർപ്പിച്ചശേഷമാണ് വോട്ടർമാരെ കാണാനായി സ്ഥാനാർഥിയും പ്രവർത്തകരും ഇറങ്ങിയത്. നിശ്ചയിച്ച പൊതുപര്യടനം തുടങ്ങിയില്ലെങ്കിലും കല്ലുംകൂട്ടം, ബേവിഞ്ച, ചേരൂർ, ചെർക്കള ദിനേശ് എന്നിവിടങ്ങളിലെത്തി വോട്ടർമാരെ കണ്ടു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം വിവിധ ടൗണുകളിലെ സ്ഥാപനങ്ങൾ, ആഘോഷ പരിപാടികളിൽ പങ്കെടുത്തും വീടുകൾ സന്ദർശിച്ചും വോട്ടുറപ്പിക്കാനായി. കാസർകോട് ബ്ലോക്ക് പഞ്ചായത്തിലെ ചെമ്മനാട്, എടനീർ, പാടി, ചെങ്കള ഡിവിഷനുകളും കാറഡുക്ക ബ്ലോക്കിലെ പൊവ്വൽ ഡിവിഷനും ഉൾക്കൊള്ളുന്നതാണ് ചെങ്കള ജില്ലാപഞ്ചായത്ത് ഡിവിഷൻ.









0 comments