അതിരൂക്ഷം, വളം ക്ഷാമം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Sep 21, 2025, 02:00 AM | 1 min read

നീലേശ്വരം

വിളകൾക്ക് വളംചേർക്കാൻ സമയമായിട്ടും രാസവളങ്ങൾക്ക് കടുത്തക്ഷാമം തുടരുന്നത് കർഷകർക്ക് തിരിച്ചടിയായി. മാസങ്ങളായി തുടരുന്ന ലഭ്യതക്കുറവിന് ഇതുവരെ പരിഹാമായിട്ടില്ല. മഴ മാറി തെങ്ങ് കവുങ്ങ്, റബ്ബർ, കുരുമുളക് എന്നിവയ്ക്ക് വളപ്രയോഗം നടത്തേണ്ട സമയമായെങ്കിലും രാസവളങ്ങൾ വേണ്ടത്ര ലഭിക്കുന്നില്ലെന്നാണ് കർഷകർ പറയുന്നത്. വിളകൾക്ക് ഇടതുറന്ന് വളംചേർക്കേണ്ട സമയമാണിത്. കാലി വളം, പച്ചില എന്നിവയ്ക്ക് പുറമേ രാസവളങ്ങളുമാണ് ചേർക്കുന്നത്. റബ്ബർ, കുരുമുളക് എന്നിവയ്ക്ക് രാസവളങ്ങളാണ് പ്രധാനം. എന്നാൽ കടകളിൽ രാസവളങ്ങൾ ആവശ്യത്തിന് ലഭിക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി. പൊട്ടാഷും യൂറിയയും 
കിട്ടാനേയില്ല പൊട്ടാഷ്, യൂറിയ എന്നിവ ലഭിക്കാനാണ് ഏറ്റവും ബുദ്ധിമുട്ട്. ഇവ ചേരുന്ന മിക്സ്ചർ വളങ്ങളും വേണ്ടത്ര ലഭിക്കുന്നില്ല. ഉൽപന്നങ്ങൾക്കു വില ഇടിയുകയും വളത്തിന്‌ വില കൂടുകയും ചെയ്താൽ കൃഷി എങ്ങനെ മുന്നോട്ടുകൊണ്ടുപോകും എന്നാണ് കർഷകരുടെ ചോദ്യം. യൂറിയയ്ക്ക് ഒരുകിലോയ്ക്ക് ആറുരൂപയാണ് സബ്സിഡി നിരക്ക്. പൊട്ടാഷ് ഒരുചാക്കിന് 1040 രൂപയും. പക്ഷേ ക്ഷാമം കാരണം രണ്ടിനും വില കൂടുതൽ നൽകേണ്ടിവരുന്നെന്നു കർഷകർ പറയുന്നു. മിക്സ്ചർ വളങ്ങളുടെ മറ്റൊരു പ്രധാന ഘടകമായ ഡൈ അമോണിയം ഫോസ്ഫേറ്റും ആവശ്യത്തിന്‌ ലഭിക്കുന്നില്ല. വിലയിലും വർധനയുണ്ട്. ഫാക്ടംഫോസിന് കാര്യമായ ക്ഷാമമില്ലെങ്കിലും വിലയിൽ വർധനയുണ്ട്‌. 1,390 രൂപയാണ് ചാക്കിനു വില. കേന്ദ്ര സർക്കാറിന്റെ കയറ്റുമതി നയത്തിന്റെ ഭാഗമായാണ് ലഭ്യതക്കുറവും വിലക്കയറ്റവും സൃഷ്ടിച്ചിരിക്കുന്നത്. ആഭ്യന്തര ആവശ്യങ്ങൾക്കുള്ള വളങ്ങൾ ലഭ്യമാക്കാതെ കമ്പനികൾക്ക് ലാഭമുണ്ടാക്കാനാണ് കയറ്റുമതിയ്ക്ക് പ്രോത്സാഹനം നൽകുന്നതെന്നും കർഷക സംഘടനകൾ പറയുന്നു. വെട്ടിക്കുറച്ചത് വിൽപനക്കാർക്കും തിരിച്ചടിയായി.



deshabhimani section

Related News

View More
0 comments
Sort by

Home