കളിക്കളത്തിനായി നാടൊരുമിക്കുന്നു


സ്വന്തം ലേഖകൻ
Published on Jul 24, 2025, 02:00 AM | 1 min read
നീലേശ്വരം
അനേകം കായികതാരങ്ങളെ വളർത്തിയെടുത്ത നാട് ജനകീയ കൂട്ടായ്മയിലൂടെ കളിസ്ഥലമൊരുക്കാനുള്ള ഒരുക്കത്തിലാണ്. ലഹരിയിലേക്ക് വഴിതെറ്റുന്ന യുവതയെ കളിക്കളങ്ങളുടെയും ഒത്തുചേരലിന്റെയും വഴിയിലേക്ക് നടത്തുകയെന്ന ദൗത്യം നാട് ഒരുമയോടെ ഏറ്റെടുക്കുന്നു. മടിക്കൈ കൂട്ടപ്പുന്നയിലെ അക്ഷയ ക്ലബാണ് സ്വന്തമായി ഭൂമി വിലയ്‌ക്ക് വാങ്ങി കളിസ്ഥലം ഒരുക്കാൻ മുന്നിട്ടിറങ്ങുന്നത്. ഇന്ത്യൻ വനിതാ ഫുട്‌ബോൾ താരം പി മാളവിക, സന്തോഷ് ട്രോഫി താരം നിതീഷ് ബങ്കളം, മുൻ ജില്ലാ ഫുട്‌ബോൾ താരങ്ങളായ മണി ബങ്കളം, മുൻ ദേശീയ വനിതാ ഹാൻഡ് ബോൾ താരം ഷീബ നാരായണൻ തുടങ്ങി ഒട്ടേറെ താരങ്ങൾ ഈ ഗ്രാമത്തെ പ്രതിനിധീകരിക്കുന്നുണ്ട്. ഇവരൊക്കെ സമീപത്തെ ക്ലബ്ബുകളുടെ ഗ്രൗണ്ടിൽ കളിച്ചുതിളങ്ങിയ താരങ്ങളാണ്. കളിക്കായി സമീപ ക്ലബുകളുടെ മൈതാനവും കക്കാട്ട് സ്കൂൾ മൈതാനവുമാണ് നാട്ടുകാർ ആശ്രയിക്കുന്നത്. അറുപത് സെന്റ് സ്ഥലമാണ് കളിക്കളത്തിനായി 35 ലക്ഷം രൂപയ്‌ക്ക് വാങ്ങുന്നത്. ജനകീയ കമ്മറ്റി രൂപീകരിച്ച് സാമ്പത്തിക സമാഹരണം ആരംഭിച്ചു. ബിരിയാണി ചാലഞ്ച്, ആക്രി സാധനങ്ങൾ ശേഖരിക്കൽ ഉൾപ്പെടയുള്ള മാർഗങ്ങളിലൂടെയും പണം കണ്ടെത്തും. എം വി രാജൻ കള്ളിപ്പാൽ ചെയർമാനും വി വി വിനോദ് കൺവീനറുമായാണ് കമ്മറ്റി. നിർമാണ കമ്മിറ്റി ഓഫീസ് പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത ഉദ്‌ഘാടനംചെയ്‌തു. എം വി രാജൻ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രകാശൻ, ഫുട്‌ബോൾ താരം പി മാളവിക എന്നിവർ സംസാരിച്ചു. ഏഷ്യൻ കപ്പ് ടീമിലേക്ക് യോഗ്യത നേടിയ മാളവികയെ അനുമോദിച്ചു.









0 comments