ജീവൻ ബാക്കിയായി തലനാരിഴയ്‌ക്ക്

വീരമലക്കുന്നിൽ അപകടത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട അധ്യാപിക സിന്ധു ഹരീഷ്, എം രാജഗോപാലൻ എംഎൽഎയോടും കലക്ടർ കെ ഇമ്പശേഖറിനോടും സംഭവം വിവരിക്കുന്നു
പി വിജിൻദാസ്
Published on Jul 24, 2025, 02:00 AM | 1 min read
ചെറുവത്തൂർ
രാവിലെ വിളമ്പാനുള്ള പലഹാരം ഒരുക്കുകയായിരുന്നു വീരമലക്കുന്നിന് സമീപത്തെ രതീഷ് ഹോട്ടലിലെ തൊഴിലാളികളായ അരവിന്ദൻ മയിച്ചയും കെ വി രൂപേഷും. മഴ ചാറിച്ചാറി പെയ്യുന്നുണ്ട്. പെട്ടെന്നാണ് ശബ്ദം കേട്ടത്. അടുക്കളയുടെ ജനലിലൂടെ കുന്ന് ഇടിയുന്നത് കണ്ടു. അത് നോക്കിക്കൊണ്ടിരിക്കെ മണ്ണ് വീഴുന്നതിന് സമീപത്തായി ഒരു കാർ നിൽപ്പുണ്ട്. ഇരുവരും കാറിനടുത്തേക്ക് കുതിച്ചു. മണ്ണിൽ കാൽ പുതഞ്ഞ് പോകുന്നുണ്ട്. ഏറെ പണിപ്പെട്ട് കാറിനടുത്തേക്ക് എത്തുമ്പോഴേക്കും ഇടിഞ്ഞിറങ്ങിയ മണ്ണ് കാറിനെ മറ്റൊരു ദിശയിലേക്ക് തള്ളിമാറ്റിക്കഴിഞ്ഞിരുന്നു. കാറിനടുത്തെത്തി ഉടൻ ഡോർ തുറന്ന് ഡ്രൈവിങ് സീറ്റിലെ ബെൽട്ട് അഴിച്ചുമാറ്റി വണ്ടിയോടിച്ചിരുന്ന സ്‌ത്രീയെ രക്ഷപ്പെടുത്തി ഹോട്ടലിലേക്ക് എത്തിക്കുകയായിരുന്നു. കാഞ്ഞങ്ങാട് നിന്നും കൊടക്കാടേക്ക് പോവുകയായിരുന്ന പടന്നക്കാട് എസ്‌എൻ ടിടിഐ അധ്യാപിക സിന്ധു ഹരീഷാണ് തലനാരിഴക്ക് ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത്. മണ്ണിടിയുന്നത് കണ്ടപ്പോൾ തന്ന കാർ പരമാവധി വലതുവശത്തേക്ക് വെട്ടിച്ചു. അപ്പോഴേക്കും മണ്ണ് തള്ളിവന്ന് കാറിന്റെ ഒരു ഭാഗം മൂടി. അതോടെ എൻജിൻ ഓഫായി. തള്ളിവന്ന മണ്ണ് കാറിനെ മീറ്ററുകളോളം തള്ളിക്കൊണ്ടുപോയി. ഭാഗ്യത്തിനാണ് കാർ കുഴിയിലേക്ക് മറിയാതിരുന്നത്. ജീവൻ പോയി എന്ന് ഉറപ്പിച്ചപ്പോഴാണ് രണ്ടുപേർ ഓടിയെത്തി ഡോർ തുറന്ന് സീറ്റ് ബെൽട്ട് അഴിച്ച് രക്ഷപ്പെടുത്തിയത്’’–- സിന്ധു പറഞ്ഞു. കൊടക്കാട് സ്‌കൂളിൽ പരിശീലനത്തിനയച്ച വിദ്യാർഥികളെ കാണാൻ പോവുകയായിരുന്നു സിന്ധു. ഷിരൂരിലെയും വയനാട്ടിലെയുമെല്ലാം ഇത്തരം അപകടം കേട്ടറിഞ്ഞതേയുള്ളൂ. നേരിട്ട് അനുഭവിച്ചപ്പോഴാണ് അതിന്റെ തീവ്രത മനസിലായത്. ജീവൻ തിരിച്ച് കിട്ടിയത് ഭാഗ്യമെന്ന് സിന്ധുവിന് പറഞ്ഞവസാനിപ്പിക്കാൻ തന്നെ വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല.









0 comments