കളം നിറഞ്ഞ്‌ എൽഡിഎഫ്‌

തെരഞ്ഞെടുപ്പ്
വെബ് ഡെസ്ക്

Published on Nov 11, 2025, 03:00 PM | 2 min read

കാസർകോട്‌

കുടുതൽ വോട്ടുകൾ, കൂടുതൽ സീറ്റുകൾ, കൂടുതൽ തദ്ദേശ സ്ഥാപനങ്ങൾ– തെരഞ്ഞെടുപ്പിനായുള്ള നേരിട്ടുള്ള പ്രചാരണത്തിലേക്ക്‌ ആത്മവിശ്വാസത്തോടെ രംഗത്തിറങ്ങുന്പോൾ എൽഡിഎഫ്‌ ഉന്നം വയ്‌ക്കുന്നത്‌ ഇതാണ്‌. സർക്കാരിന്റെ വികസനനേട്ടങ്ങളും ജനക്ഷേമ പ്രവർത്തനങ്ങളുമാണ്‌ എൽഡിഎഫ്‌ പ്രചാരണ വിഷയമാക്കുക. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫിൽനിന്ന്‌ പിടിച്ചെടുത്ത ജില്ലാ പഞ്ചായത്തിൽ കൂടുതൽ സീറ്റുകളോടെ വിജയം ഉറപ്പിക്കുകയാണ്‌ എൽഡിഎഫ്‌ ലക്ഷ്യം. മൂന്ന്‌ നഗരസഭകളിൽ രണ്ടും ആറ്‌ ബ്ലോക്ക്‌ പഞ്ചായത്തുകളിൽ നാലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനായിരുന്നു. 38 പഞ്ചായത്തുകളിൽ 19 ഇടത്ത്‌ എൽഡിഎഫിനാണ്‌ ഭരണം. സ്ഥാനാർഥി നിർണയത്തിന്റെ അവസാനഘട്ട ചർച്ചകളിലാണ്‌ മുന്നണി. ജില്ലാ പഞ്ചായത്തിലേക്കും നഗരസഭകളിലേക്കുമുള്ള മുന്നണി ചർച്ചകൾ ഏതാണ്ട്‌ പൂർത്തിയായി. ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാർഥികളെ ചൊവ്വാഴ്‌ച വൈകിട്ടോ ബുധനാഴ്‌ചയോ പ്രഖ്യാപിക്കും. അപസ്വരങ്ങളില്ലാതെയാണ്‌ എൽഡിഎഫ്‌ സീറ്റ്‌ വിജഭനം പൂർത്തിയാക്കിയത്‌. സംസ്ഥാനസർക്കാരും ത്രിതല പഞ്ചായത്ത്‌ സംവിധാനങ്ങളും നടപ്പാക്കിയ വികസനവും ക്ഷേമപ്രവർത്തനങ്ങൾക്കും ഉയർത്തിക്കാട്ടി പ്രചാരണത്തിൽ സജീവമാകാനാണ്‌ എൽഡിഎഫ്‌ തീരുമാനം. ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണ്‌ യുഡിഎഫിന്റെ കൈയിലുണ്ടായിരുന്ന ജില്ലാ പഞ്ചായത്ത്‌ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ പിടിച്ചെടുത്തത്‌. എൽഡിഎഫ്‌– 8, യുഡിഎഫ്‌– 7, ബിജെപി– രണ്ട്‌ എന്നിങ്ങനെയാണ്‌ കക്ഷിനില. ചെറുവത്തൂർ, കരിന്തളം, കള്ളാർ, മടിക്കൈ, പെരിയ, ബേഡകം, പിലിക്കോട്‌, ചെങ്കള ഡിവിഷനുകൾ നേടിയാണ്‌ എൽഡിഎഫ്‌ ജില്ലാ പഞ്ചായത്ത്‌ പിടിച്ചെടുത്തത്‌. ഇത്തവണ ഡിവിഷനുകൾ 18 ആയി. ബേക്കലാണ്‌ പുതിയ ഡിവിഷൻ. കാഞ്ഞങ്ങാട്‌, നീലേശ്വരം നഗരസഭകൾ മികച്ച ഭൂരിപക്ഷത്തിലാണ്‌ എൽഡിഎഫ്‌ ഭരിക്കുന്നത്‌. ജില്ലാ ആസ്ഥാനമായ കാസർകോട്‌ നഗരസഭ യുഡിഎഫിന്റെ കൈയിലാണ്‌. നീലേശ്വരം നഗരസഭയിൽ 32 ഡിവിഷനുകളിൽ എൽഡിഎഫ്‌ –21, യുഡിഎഫ്‌– 9, എസ്‌ഡിപിഐ –1 എന്നിങ്ങനെയാണ്‌ കക്ഷി നില. കാഞ്ഞങ്ങാട്‌ 43 ഡിവിഷനുകളിൽ എൽഡിഎഫ്‌– 24, യുഡിഎഫ്‌– 13, ബിജെപി – 6 എന്നിങ്ങനെയാണ്‌ സീറ്റുകൾ. കാസർകോട്‌ നഗരസഭയിൽ യുഡിഎഫ്‌ –21, ബിജെപി–14, ലീഗ്‌ വിമതർ–2, സിപിഐ എം– 1 എന്നിങ്ങനെയാണ്‌ കക്ഷിനില. ആറ്‌ ബ്ലോക്ക്‌ പഞ്ചായത്തുകളിൽ കാഞ്ഞങ്ങാട്‌, നീലേശ്വരം, കാറഡുക്ക, പരപ്പ എന്നിവ എൽഡിഎഫ-ിനാണ്‌. കാസർകോടും മഞ്ചേശ്വരവുമാണ്‌ യുഡിഎഫിന്‌. തദ്ദേശ തെരഞ്ഞെടുപ്പിലെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ്‌ കഴിഞ്ഞ തവണ എൽഡിഎഫ്‌ 19 പഞ്ചായത്തുകൾ നേടിയത്‌. 15 ഇടത്താണ്‌ യുഡിഎഫ്‌ ഭരണം. ബെള്ളൂർ, കാറഡുക്ക, മധൂർ പഞ്ചായത്തുകളിൽ ബിജെപി. മഞ്ചേശ്വരത്ത്‌ ആർക്കും ഭൂരിപക്ഷമില്ല. സീറ്റ്‌ വിഭജന ചർച്ച പൂർത്തിയാക്കാനാകാതെ യുഡിഎഫ്‌ പ്രയാസപ്പെടുകയാണ്‌. പലയിടത്തും മുസ്ലിംലീഗ്‌ പിണങ്ങി. മൂന്നുവട്ടം മത്സരിച്ചവർക്ക്‌ വീണ്ടും അവസരം നൽകാൻ ലീഗ്‌ തീരുമാനിച്ചതോടെ പലയിടത്തും പതിവുകാർ സ്ഥാനാർഥികളായി രംഗപ്രവേശം ചെയ്‌തത്‌ പാർടിയിൽ കലാപത്തിന്‌ തിരികൊളുത്തിയിട്ടുണ്ട്‌. കാഞ്ഞങ്ങാട്‌, കാസർകോട്‌ നഗരസഭകളിൽ തർക്കം രൂക്ഷമാണ്‌. ബിജെപിയിലും മുന്പില്ലാത്തവിധം ഉൾപ്പാർടി കലഹമുണ്ട്‌. പുനസംഘടന സൃഷ്ടിച്ച ഗ്രൂപ്പുപോരിൽ സംഘടനാസംവിധാനം നീർജീവമാണ്‌. പുനസംഘടനയോടെ കെ സുരേന്ദ്രൻ പക്ഷത്തെ വെട്ടിനിരത്തുകയായിരുന്നു.​



deshabhimani section

Related News

View More
0 comments
Sort by

Home