അഭയമാണിവിടം, വറ്റാൻ വിടില്ല

പാണ്ടിക്കോട്ട് പള്ളം

സ്വന്തം ലേഖകൻ
Published on Nov 06, 2025, 02:30 AM | 1 min read
നീലേശ്വരം
അനേകായിരം ജീവനുകൾക്ക് അഭയമായ ചെങ്കൽകുന്നുകളിലെ സവിശേഷമായ ജല ആവാസവ്യവസ്ഥയായ പാണ്ടിക്കോട്ടെ പള്ളം സംരക്ഷണ പ്രവൃത്തി പൂർത്തിയായി. അപൂർവ ജലസസ്യങ്ങളായ മുള്ളൻ കൃഷ്ണകേസരം, കാസർകോടൻ ബ്ലിക്സ എന്നിവ ലോകത്ത് പാണ്ടിക്കോട്ട് പള്ളത്തിൽ മാത്രമാണ് വളരുന്നത്. കാസർകോട് ഗവ. കോളേജിലെ സസ്യശാസ്ത്ര വിഭാഗമാണ് ഇൗ അപൂർവ സസ്യങ്ങളെ പാണ്ടിക്കോട്ട് പള്ളത്തിൽനിന്നും കണ്ടെത്തിയത്. നെയ്തലാമ്പൽ വിഭാഗത്തിൽ വരുന്ന മുള്ളൻ കൃഷ്ണകേസരം മനോഹരമായ ജലസസ്യമാണ്. വയലറ്റ് നിറത്തിലുള്ള കേസരങ്ങൾ, വിത്തിന്റെ ഇരുവശങ്ങളിലുള്ള നീണ്ട മുള്ളുകൾ എന്നിവ ഈ അപൂർവ സസ്യത്തിന്റെ പ്രത്യേകതകളാണ്. ഹൈഡ്രോക്യാരിറ്റ്സിയേ കുടുംബത്തിൽപ്പെട്ട കാസർകോട് ബ്ലിക്സയിൽ ഗോളാകൃതിയിലുള്ള കേസരങ്ങളാണ് കാണപ്പെടുന്നത്. കാസർകോടൻ ബ്ലിക്സയിൽ കാണപ്പെടുന്ന ജലപരാഗണ രീതി ഈ ജനുസ്സിൽ ആദ്യമായാണ് കണ്ടെത്തിയത്. 2012ൽ ജില്ലയിൽ നിന്നും കണ്ടെത്തിയ അപൂർവ ജല സസ്യമായ തുള്ളുനാടൻ റോട്ടാലയും പാണ്ടിക്കോട്ട് പള്ളത്തിലുണ്ട്. നിരവധി ജീവജാലങ്ങൾക്ക് ആവാസ വ്യവസ്ഥ ഒരുക്കുന്ന അര ഏക്കറോളം വിസ്തൃതിയുള്ള ഈ പള്ളം സമീപപ്രദേശങ്ങളിലെ ജലലഭ്യതയേയും വളരെയധികം സ്വാധീനിക്കുന്നു. ലോകത്ത്, മറ്റെവിടെയും കാണാത്ത അപൂർവ സസ്യങ്ങൾ വളരുന്ന പാണ്ടിക്കോട്ട് പള്ളത്തിന്റെ സംരക്ഷണം നഗരസഭയുടെ നേതൃത്വത്തിലാണ് നടപ്പാക്കിയത്. സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ സാമ്പത്തിക സാങ്കേതിക സഹായത്തോടെ നടപ്പിലാക്കിയ മാതൃക ബിഎംസി പദ്ധതിയായ സംരക്ഷണ പദ്ധതി പൂർത്തീകരണം ഗരസഭ ചെയർപേഴ്‌സൺ ടി വി ശാന്ത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി അധ്യക്ഷനായി. സ്ഥിരം സമിതി ചെയർപേഴ്‌സൺമാരായ കെ പി രവീന്ദ്രൻ, വി ഗൗരി , ടി പി ലത, പി ഭാർഗവി, കൗൺസിലർ ദാക്ഷായണി കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. ജൈവവൈവിധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ വി എം അഖില പദ്ധതിയെക്കുറിച്ചും അപൂർവ സസ്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചു. തുടർന്ന് പള്ളം സംരക്ഷണ പ്രതിജ്ഞയുമെടുത്തു.









0 comments