പൾസ് പോളിയോ: തുള്ളി മരുന്ന് വിതരണം നാളെ 1261 ബൂത്തുകൾ സജ്ജമായി

കാസർകോട്
പൾസ് പോളിയോ രോഗ പ്രതിരോധ ദിനമായ ഞായറാഴ്‌ച ജില്ലയിലെ 1,08,217 കുട്ടികള്‍ക്കും അതിഥിതൊഴിലാളികളുടെ 922 കുട്ടികള്‍ക്കും തുള്ളിമരുന്ന് നല്‍കാൻ 1,261 പോളിയോ ബൂത്തുകള്‍ സജ്ജീകരിക്കും. സ്ഥിരമായ അംഗവൈകല്യത്തിലേക്കോ മരണത്തിലേക്കോ നയിക്കുന്ന രോഗമാണ് പോളിയോ മൈലീറ്റസ് അഥവാ പിള്ളവാതം. മലിനമാക്കപ്പെട്ട ഭക്ഷണത്തിലൂടെയും പാനീയങ്ങളിലൂടെയുമാണ് രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത്. പ്രതികൂലസാഹചര്യങ്ങളിലും ചെറുത്തുനില്‍ക്കാന്‍ കരുത്തുള്ള വൈറസുകള്‍ കുട്ടികളെയാണ് ബാധിക്കുക. വൈറസ് രോഗമായതിനാൽ ഫലപ്രദമായ ചികിത്സയില്ല. 100 ശതമാനം ഫലപ്രദമായ പ്രതിരോധ ചികിത്സ ലഭ്യമാണ്. കുത്തിവെപ്പും തുള്ളിമരുന്നുമാണിവ. ചെലവു കുറഞ്ഞതും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതുമാണ് തുള്ളിമരുന്ന്. അഞ്ചുവയസിൽ താഴെയുള്ള കുട്ടികള്‍ക്ക് തുള്ളിമരുന്ന് പ്രതിരോധശേഷി ഉറപ്പാക്കുന്നതിനാണ് ഈ പരിപാടി ലക്ഷ്യമിടുന്നത്. അങ്കൺവാടികള്‍, സ്‌കൂളുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, ബസ്‌സ്‌റ്റാൻഡുകൾ, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങി കുട്ടികള്‍ വരാന്‍ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും ബൂത്തുകള്‍ സ്ഥാപിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ ഞായർ രാവിലെ എട്ടുമുതല്‍ അഞ്ചുവരെ തുള്ളിമരുന്ന് വിതരണം ചെയ്യും. പോളിയോ ദിനത്തില്‍ വാക്‌സിന്‍ ലഭിക്കാത്ത കുട്ടികള്‍ ഉണ്ടെങ്കില്‍ അവരെ കണ്ടെത്തി വളണ്ടയിര്‍മാര്‍ മുഖേന വീടുകളില്‍ വാക്‌സിന്‍ നല്‍കും. തുള്ളിമരുന്ന് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം രാവിലെ 8.30ന് പള്ളിക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ സി എച്ച് കുഞ്ഞമ്പു എംഎല്‍എ നിര്‍വഹിക്കും.









0 comments