കാറ്റുവിതച്ചത് കനത്ത നഷ്ടം നടുവൊടിഞ്ഞ് നേന്ത്രവാഴക്കർഷകർ

നീലേശ്വരം
നേരത്തേയെത്തിയ കാലവർഷം നേന്ത്രവാഴ കർഷകർക്ക് നൽകിയത് തീരാദുരിതം. ദിവസങ്ങളായി കനത്തുപെയ്ത മഴയിലും കാറ്റിലും വാഴകൾ പകുതിയും ഒടിഞ്ഞുവീണെങ്കിലും ബാക്കിയായത് ഉൽപാദന ചിലവിനെങ്കിലുമാവുമെന്ന് കരുതിയ കർഷകർക്ക് നിരാശയാണ് ഫലം. ദിവസങ്ങളോളം കൃഷിയിടത്തിൽ വെള്ളം കെട്ടിനിന്ന് വാഴയുടെ വേര് ചീഞ്ഞ് മുഴുവനായും നശിക്കുകയാണ്. വെള്ളമിറങ്ങി വെയിൽ വന്നതോടെ ഇലകൾ മുഴുവൻ പഴുത്ത് വാഴകൾ ഒടിഞ്ഞുവീഴാൻ തുടങ്ങി. മൂപ്പെത്താത്ത കുലകൾ മൊത്ത കച്ചവടക്കാർക്ക് ആവശ്യമില്ല. പലരും കൃഷിയിടത്തിൽതന്നെ ഉപേക്ഷിച്ച് പോവുകയാണിപ്പോൾ. പാടങ്ങളിൽനിന്ന് വെള്ളമിറങ്ങാത്തും കർഷകരെ ദുരിതത്തിലാക്കി. മടിക്കൈ വയൽ, മണക്കടവ്, നാദക്കോട്ട്, കണിച്ചിറ, കക്കാട്ട്, അരയി തുടങ്ങി വിവിധ പ്രദേശങ്ങളിലായി പതിനായിരത്തോളം നേന്ത്രവാഴകൾ നിലംപൊത്തി. മടിക്കൈ വയലിൽ കന്നാടത്ത് ചന്ദ്രൻ, ചന്ദ്രൻ കായക്കീൽ, ഷൈജു നീരളി, രാജേഷ് നീരളി, നാരായണൻ മതിരക്കോട്ട്, നാദക്കോട്ട് ഭാസ്കരൻ പൂവത്തടി, നാരായണി, അരയിയിൽ പി കെ മധു, നാസർ, പി ഇബ്രാഹിം, മൊയ്‌തു തോയമ്മൽ, ഇഖ്ബാൽ എന്നിവരുടെ വാഴകളാണ് നശിച്ചത്. ബാങ്കിൽനിന്നും വായ്‌പയെടുത്തും കടംവാങ്ങിയും കൃഷി ആരംഭിച്ച കർഷകർ ദുരിതപെയ്ത്തിൽ കടക്കെണിയിലാവുമോ എന്ന ആശങ്കയിലാണ്. പാകമാവാത്ത വാഴകളാണ് നശിച്ചവയിലേറേയും.









0 comments