ആരോഗ്യകേരളത്തെ നയിച്ച്‌

കയ്യൂർ– ചീമേനി

കയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽനിന്ന് ചികിത്സയ്ക്കുശേഷം മരുന്നുമായി മടങ്ങുന്നവർ

കയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽനിന്ന് ചികിത്സയ്ക്കുശേഷം മരുന്നുമായി മടങ്ങുന്നവർ

avatar
പി വിജിൻദാസ്‌

Published on Sep 21, 2025, 02:00 AM | 3 min read

കയ്യൂർ

ആരോഗ്യമാണ്‌ കയ്യൂർ ചീമേനി പഞ്ചായത്തിന്റെ ഫോക്കസ്‌. ആരോഗ്യമുള്ള ജനത എന്ന സങ്കൽപം പഞ്ചായത്തിന്റെ പദ്ധതി പ്രവർത്തനങ്ങളിലും ഇടപെടലുകളിലും തെളിഞ്ഞുകാണാം. ആരോഗ്യ മേഖലയിലെ എല്ലാ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നത്‌ കയ്യൂരിലെ കുടുംബാരോഗ്യ കേന്ദ്രമാണ്‌. മികച്ച ചികിത്സാ സ‍‍ൗകര്യം ലഭ്യമാക്കി മലയോര ജനതക്കും എൻഡോസർഫാൻ ദുരിതബാധിതർക്കും താങ്ങാവുന്നുണ്ട്‌ കുടുംബാരോഗ്യകേന്ദ്രം. എട്ട്‌ ഉപകേന്ദ്രങ്ങളെ ഏകോപിപ്പിച്ചാണ്‌ ആരോഗ്യമേഖലയുടെ പ്രവർത്തനം. ​കയ്യൂർ കുടുംബാരോഗ്യകേന്ദ്രം ഇരുനിലകളിലായി ആധുനിക സംവിധാനത്തോടെയാണ്‌ കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്‌. വൈകിട്ട്‌ ആറുരെയുണ്ട്‌ ഒപി സ‍ൗകര്യം. പഞ്ചായത്ത്‌ നിയമിച്ചതുൾപെടെ നാല്‌ ഡോക്ടർമാരുടെയും നാല്‌ നഴ്‌സുമാരുടെയും സേവനം ലഭ്യമാണ്‌. മികച്ച ലാബ്‌, ആസ്‌മ രോഗികൾക്കായി ശ്വാസ്‌, വിഷാദ രോഗ പ്രതിരോധത്തിനായി ആശ്വാസ്‌, ജീവിത ശൈലീരോഗ ക്ലിനിക്ക്‌ എന്നിവ പ്രവർത്തിക്കുന്നു. ഫിസിയോ തെറാപ്പി, കണ്ണ്‌ പരിശോധന എന്നിവക്കും പ്രത്യേകം ബ്ലോക്കുകൾ ഉണ്ട്‌. എൻഡോസൾഫാൻ രോഗികൾക്ക്‌ വീട്ടുമുറ്റ സേവനം, ആംബുലൻസ്‌ സേവനം, കിടപ്പുരോഗികൾക്കായി സാന്ത്വനപരിചരണം എന്നിവയും നടപ്പാക്കുന്നു. ​എല്ലാവിഭാഗത്തെയും ചേർത്തുപിടിക്കുന്നു ഗർഭിണികൾ, കുട്ടികൾ, വിദ്യാർഥികൾ, യുവാക്കൾ, മുതിർന്ന പ‍ൗരൻമാർ എന്നിവരുടെ മാനസികവും ശാരിരികവുമായ ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്തുന്നതാണ്‌ വിവിധ പദ്ധതികളിലൂടെ. മുതിർന്ന പ‍ൗരന്മാരുടെ ആരോഗ്യപരിരക്ഷയക്കായി സ്നേഹ സ്പർശം, ആയുർവേദ ചികിത്സാ പദ്ധതി എന്നിവ നടപ്പിലാക്കുന്നു. അതിഥി തൊഴിലാളികൾക്കായി ഹമാര മെഹ്മാൻ, ഡയാലിസിസ്‌ വേണ്ടിവരുന്ന രോഗികൾക്കായി പ്രാണ രക്ഷ, അതിദാരിദ്ര്യ നിർമാർജന ചികിത്സാ സേവന പദ്ധതിയായ പ്രത്യാശ, ജീവിതശൈലി രോഗനിയന്ത്രണ പദ്ധതിയായ മിടിപ്പ്, ക‍ൗമാര ആരോഗ്യ പരിരക്ഷക്ക് വേണ്ടി മുകുളം, രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആരോഗ്യ ജാഗ്രത, എസ്‌സി, എസ്‌ടി വിഭാഗത്തിനായി കൈത്താങ് എന്നിങ്ങനെ വ്യത്യസ്തങ്ങളായ ആരോഗ്യ സേവന പ്രവർത്തനങ്ങൾ കയ്യൂരിനുണ്ട്‌. ​ബസ് സ്‌റ്റാൻഡ്‌ നിർമാണവും പശ്ചാത്തല വികസനവും കൃഷി, വിദ്യാഭ്യാസം, ശുചിത്വം, പശ്ചാത്തല വികസനം, പിന്നോക്ക ക്ഷേമം തുടങ്ങിയ മേഖലകളിൽ പഞ്ചായത്ത്‌ തിളക്കമാർന്ന നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്‌. എം രാജഗോപാലൻ എംഎൽഎയുടെ ആസ്‌തി വികസന ഫണ്ട്‌ ഉപയോഗിച്ച്‌ നിർമിക്കുന്ന ബസ്‌റ്റാൻഡ്‌ കം ഷോപ്പിങ് കോംപ്ലക്‌സ്‌, ഓപ്പൺ ഓഡിറ്റോറിയം നിർമാണം അവസാന ഘട്ടത്തിലാണ്‌. കാർഷിക മേഖലയിൽ നെൽകൃഷിക്കുള്ള സബ്‌സിഡി, കൂലി ചിലവ്‌, കറവപ്പശുവിതരണം, കോഴി വിതരണം, തെങ്ങ്‌ കവുങ്ങ്‌ എന്നിവക്കായുള്ള വളം വിതരണം തുടങ്ങിയവ മികച്ച നിലയിൽ തുടരുന്നു. ലൈഫിൽ ഉൾപെടുത്തി 182 വീടുകൾ നിർമിച്ച്‌ നൽകി. എസ്‌സി, എസ്‌ടി വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പ്‌, പഠന സാമഗ്രി വിതരണം, ഞണ്ടാടി ബഡ്‌സ്‌ സ്‌കൂൾ നവീകരണം, ബഡ്‌സ്‌ സ്‌കൂളിന്‌ വാഹനം എന്നിവ പ്രധാന നേട്ടങ്ങളാണ്‌. മുഴുവൻ അങ്കണവാടികളിലും സ്‌കൂളിലും വാട്ടർ പ്യൂരിഫൈയർ സ്ഥാപിച്ചു. പരന്പരാഗതമായ പച്ചത്തുരുത്തുകൾ സംരക്ഷിക്കുന്നതിനൊപ്പം പുതിയ പച്ചത്തുരുത്തുകൾക്ക്‌ പദ്ധതി നടപ്പാക്കി. പ്രധാന തോടുകളെ സംരക്ഷിക്കാൻ കയർ ഭൂവസ്‌ത്രമൊരുക്കി. ​ശുചിത്വസുന്ദരം കയ്യൂർ– ചീമേനി 34 ഹരിത കർമസേനാഗങ്ങളുടെ നേതൃത്വത്തിലാണ്‌ പഞ്ചായത്തിന്റെ ശുചിത്വ സംവിധാനം ഭംഗിയായി പ്രവർത്തിക്കുന്നത്‌. വിവിധ പ്രദേശങ്ങളിലുള്ള 51 മിനി എംസിഎഫുകളിലായാണ്‌ മാലിന്യം തരംതിരിച്ച്‌ സൂക്ഷിക്കുന്നത്‌. വെള്ളാട്ട് പ്രവർത്തിക്കുന്ന എംസിഎഫ്‌ നല്ല നിലയിൽ പ്രവർത്തിക്കുന്നു. ആധുനിക സംവിധാനത്തോടെ രണ്ടാമത്തെ എംസിഎഫ്‌ ചീമേനിയിൽ നിർമിക്കാൻ ഒരുക്കം തുടങ്ങി. ചന്തമുള്ള ചീമേനി, ചേലുള്ള ചാനടുക്കം, പാങ്ങുള്ള പള്ളിപ്പാറ, കയ്യൂർ തുടങ്ങിയ ട‍ൗണുകളുടെ സ‍ൗന്ദര്യവൽക്കരണം പൂർത്തിയാക്കി. ട‍ൗണുകളിൽ വേസ്റ്റ് ബിൻ, എല്ലാ സ്കൂളുകളിലും പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥാപനങ്ങളിലും മാലിന്യ സംസ്കരണ സംവിധാനം ഒരുക്കി. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുന്നു. ​കണ്ണായി കുടുംബശ്രീ; താങ്ങായി തൊഴിലുറപ്പ്‌ കുടുംബശ്രീയുടെ ഇടപെടലും തൊഴിലുറപ്പിന്റെ സേവനവും ലഭിക്കാത്ത കുടുംബങ്ങൾ പഞ്ചായത്ത്‌ പരിധിയിലില്ല. നിരവധി ചെറുസംരഭങ്ങളാണ്‌ കുടുംബശ്രീ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. തേനീച്ച കൃഷി, തേനിന്‌ വിപണിയൊരുക്കാൻ ചീമേനിയിൽ ഒരുക്കിയ മധുശ്രീ തേൻകട, അങ്കൺവാടി കുട്ടികൾക്കുള്ള പോഷകാഹാര നിർമാണ യൂണിറ്റായ കയ്യൂരിലെ ന്യൂട്രിമിക്‌സ്‌, കുടുംബശ്രീ ഹോട്ടലുകൾ എന്നിവ ഇതിൽ ചിലത്‌ മാത്രം. 1500 കുടുംബങ്ങൾക്കാണ്‌ തൊഴിലുറപ്പിൽ എല്ലാ വർഷവും 100 തൊഴിൽ ലഭ്യമാക്കുന്നത്‌.


കരുതലേകിയ പദ്ധതികൾ

നിരവധി എൻഡോസൾഫാൻ ദുരിതബാധിതരുള്ള പഞ്ചായത്താണ്‌ കയ്യൂർ ചീമേനി. സാധാരണക്കാരായ കുടുംബങ്ങൾക്ക്‌ ഉപകാരപ്പെടുന്ന ധാരാളം പദ്ധതികൾ പശ്‌ചാത്തല വികസന മേഖലയിൽ നടപ്പാക്കി. പിന്നോക്ക വിഭാഗങ്ങൾക്കായുള്ള പ്രത്യേക കരുതൽ പദ്ധതികളും ആവിഷ്‌കരിച്ചു. ആരോഗ്യ, വിദ്യാഭ്യാസ, കാർഷിക മേഖലയിൽ മികച്ച മുന്നേറ്റമുണ്ടായി. മുഴുവൻ കിടപ്പ്‌ രോഗികൾക്കും സാന്ത്വന പരിചരണ സേവനം എത്തിക്കുന്നു. ബസ് ‍സ്റ്റാൻഡും ഷോപ്പിങ് കോംപ്ലക്‌സും പൂർത്തിയായാൽ ചീമേനി ട‍ൗണിന്റെ വികസനത്തിന്‌ വേഗം കൂടും. എ ജി അജിത്ത്‌കുമാർ, പഞ്ചായത്ത്‌ പ്രസിഡന്റ്‌


ദീർഘവീക്ഷണം നേട്ടമായി

ആരോഗ്യ മേഖലയിലേതിന്‌ സമാനമായി മറ്റ്‌ ജനക്ഷേമപ്രവർത്തനങ്ങളിലും പഞ്ചായത്ത്‌ ദീർഘവീക്ഷണത്തോടെ ഇടപെടുന്നു. കുടുംബശ്രീ വഴി നിരവധി സംരഭങ്ങൾ ആരംഭിക്കാൻ സാധിച്ചു. തൊഴിലുറപ്പ്‌ തൊഴിലാളികൾക്ക്‌ നൂറ്‌ ദിവസം തൊഴിൽ ലഭ്യമാക്കി. തൊഴിലുറപ്പ്‌ പദ്ധതിയിൽ വ്യക്തിഗത ആസ്‌തിവികസനത്തിലൂടെ നിരവധി കുടുംബങ്ങൾക്ക്‌ സേവനം ലഭ്യമായി. എം ശാന്ത, പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌



deshabhimani section

Related News

View More
0 comments
Sort by

Home