സ്വപ്നങ്ങൾക്കുമുന്നിൽ ദേവദത്തന്​ ഒന്നും തടസമല്ല

ദേവദത്തൻ

ദേവദത്തൻ

avatar
പി വിജിൻദാസ്‌

Published on Jul 30, 2025, 02:30 AM | 1 min read

ചെറുവത്തൂർ

ശരീരത്തെ ബാധിച്ച അവശതകളെ മനോധൈര്യം കൊണ്ട്​ നേരിട്ട ദേവദത്തന്റെ ജീവിതത്തിൽ ഒരു പൊൻ തിളക്കം കൂടി. എംഎ ഇംഗ്ലീഷ് പരീക്ഷയിൽ കോളജിലെ ടോപ്പർ സ്ഥാനമാണ്​ ഉദിനൂർ കിനാത്തിലെ ഇ വി ദേവദത്തൻ നേടിയത്​. പയ്യന്നൂർ കോളേജിൽനിന്നും ഭിന്നശേഷിക്കാർക്കുള്ള ഗ്രേസ് മാർക്ക് പരിഗണിക്കാതെ 71 ശതമാനം മാർക്ക് നേടിയാണ് ഒന്നാമതെത്തിയത്. ജന്മനാ സെറിബ്രൽ പാൾസി ബാധിതനാണ്​ ദേവദത്തൻ. അസുഖം തന്റെ പഠനയാത്രക്ക്​ തടസമാകില്ലെന്ന്​ ദേവദത്തൻ നേരത്തേതന്നെ തെളിയിച്ചിരുന്നു. പ്ലസ്ടു പരീക്ഷയിൽ ഇംഗ്ലീഷിൽ നാലു മാർക്കിന്റെ കുറവിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നഷ്ടപ്പെട്ടെങ്കിലും അതേ വിഷയത്തിൽ മികവ്​ തെളിയിച്ചിരിക്കുകയാണിപ്പോൾ. അസുഖം തന്റെ സഞ്ചാര സ്വാതന്ത്ര്യത്തിന് തടസം നിന്നപ്പോൾ നിശ്ചയദാർഢ്യവും വീട്ടുകാരുടെ പിന്തുണയും കൈമുതലാക്കിയാണ്​​ ദേവദത്തൻ ഓരോ കടമ്പയും കടന്നത്​. പ്ലസ് ടു പരീക്ഷ മുതൽ പഠിച്ച സ്ഥാപനങ്ങളിലൊക്കെ ഒന്നാമതായിരുന്നു. ബിരുദ പഠനത്തിന് ചേർന്നതുമുതൽ ഉണ്ടാക്കിയ മികവുകളെല്ലാം രോഗത്തെ തോൽപിക്കുന്നതായിരുന്നു. ബിരുദ പരീക്ഷയിൽ 92 ശതമാനമായിരുന്നു മാർക്ക്.​ എംഎ പരീക്ഷയിൽ ലഭിച്ച 71 ശതമാനം മാർക്ക് ഗ്രേസ് മാർക്ക് ചേർക്കുന്നതോടെ 80 ശതമാനത്തിന് മുകളിലാകും. എംഎ ആദ്യ വർഷത്തിൽ തന്നെ ഇംഗ്ലീഷിൽ നെറ്റ് പരീക്ഷയും ഭിന്നശേഷി വിഭാഗക്കാർക്കായുള്ള ജെആർഎഫും നേടി. ഇനി യുജിസി സ്കോളർഷിപ്പോടെ പിഎച്ച്ഡിയാണ് സ്വപ്നം. മാതാപിതാക്കളുടെയും ഇരട്ട സഹോദരിയുടെയും തുണയിൽ സ്കൂളിലെത്തിയ ദേവദത്തൻ പരിമിതികളെ മനക്കരുത്ത് കൊണ്ടാണ്​ നേരിട്ടത്​. ബിരുദ പഠനത്തിനായി പയ്യന്നൂർ കോളജിൽ ചേർന്നപ്പോൾ അതേ ക്ലാസിൽ ഉണ്ടായിരുന്ന സഹോദരി പഠനം പൂർത്തിയാക്കി സൗത്ത് ഇന്ത്യൻ ബാങ്കിൽ ഉദ്യോഗസ്ഥയായി. ദേവദത്തനെ കോളജിൽ കൊണ്ടു വിടുന്നത് മുൻ പ്രവാസിയായിരുന്ന അച്ഛൻ ഇ വി ഹേമചന്ദ്രനായിരുന്നു. പയ്യന്നൂർ കോളജ് ഇംഗ്ലീഷ് വകുപ്പ് നൽകിയ പിന്തുണയാണ് ഈ നേട്ടങ്ങൾക്ക് പിറകിലെന്ന് ദേവദത്തൻ പറഞ്ഞു. തൃക്കരിപ്പൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപിക കെ രാജലക്ഷ്മിയാണ് അമ്മ.



deshabhimani section

Related News

View More
0 comments
Sort by

Home