കേരളോത്സവം നടത്താതെ മധൂർ പഞ്ചായത്ത്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Oct 11, 2025, 02:00 AM | 1 min read


ഉളിയത്തടുക്ക

യുവജനങ്ങളുടെ കലാപരവും സാംസ്‌കാരികവും കായികവുമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിന്‌ അവസരമൊരുക്കുന്ന കേരളോത്സവത്തോട്‌ മുഖംതിരിച്ച്‌ മധൂർ പഞ്ചായത്ത്‌. മറ്റിടങ്ങളിലെല്ലാം സംഘാടകസമിതികൾ രൂപീകരിച്ച്‌ മത്സരങ്ങൾ ആരംഭിച്ചിട്ടും മധൂർ പഞ്ചായത്തിൽ ഫണ്ടില്ലെന്ന പേരിൽ കേരളോത്സവം ഒഴിവാക്കുകയാണ്‌ ബിജെപി നേതൃത്വത്തിലുള്ള ഭരണസമിതി ചെയ്‌തത്‌. ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും മത്സരം പൂർത്തിയാക്കി ബ്ലോക്കുതല മത്സരങ്ങളും തുടങ്ങി. സംസ്ഥാന യുവജന ക്ഷേമബോർഡും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേർന്നാണ്‌ മത്സരം സംഘടിപ്പിക്കുന്നത്‌. ഇതിന്‌ എല്ലാ തദ്ദേശസ്ഥാപനത്തിലും കോർഡിനേറ്ററുണ്ടാകും. യൂത്ത്‌ ക്ലബ്ബുകൾ, യുവ ക്ലബ്ബുകൾ, അവളിടം ക്ലബ്ബുകൾ, ടീം കേരള, മറ്റു ക്ലബ്ബുകൾ, കലാ–- സാംസ്‌കാരിക സംഘടനകൾ, സ്‌പോർട്‌സ്‌ ക്ലബ്ബുകൾ, കുടുംബശ്രീ, സന്നദ്ധ സംഘടനകൾ, രാഷ്ട്രീയപാർടികളുടെ യുവജന സംഘടനകൾ, കലാ–- കായിക രംഗത്തെ പ്രമുഖർ തുടങ്ങിയവരുടെ പങ്കാളിത്തം ഉറപ്പുവരുത്തി ജനകീയമായാണ്‌ കേരളോത്സവങ്ങൾ നടക്കാറുള്ളത്‌. കേരളോത്സവം നടത്തുന്നതിൽ ഭരണക്കാർ കാട്ടുന്ന ഉദാസീനത പഞ്ചായത്തിലെ യുവാക്കളുടെ കലാ, സാംസ്‌കാരിക, കായിക മികവ്‌ പ്രകടിപ്പിക്കുന്നതിനുള്ള അവസരം ഇല്ലാതാക്കുകയാണ്‌. ഇതിനെതിരെ പല ക്ലബ്ബുകളും യുവജന സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്‌. പഞ്ചായത്തിലെ എൽഡിഎഫ്‌ അംഗങ്ങളുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധവും സംഘടിപ്പിച്ചു. വിവിധ ക്ലബ്‌ അംഗങ്ങൾ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home