ഭീതിയുടെ താഴ്‌വരയിൽ 8 കുടുംബങ്ങൾ

പി വിജിൻദാസ്
Published on Jul 25, 2025, 02:00 AM | 1 min read
ചെറുവത്തൂർ
വാപിളർന്ന് നിൽക്കുന്ന വീരമലക്കുന്നിന്റെ താഴ്‌വാരത്തിൽ ഭീതിയോടെ ഓരോ രാത്രിയും തള്ളിനീക്കുകയാണ് ഏതാനും കുടുംബങ്ങൾ. കുന്നിൻ താഴ്‌വാരത്തിലെ എട്ട് കുടുംബങ്ങളും മനസമാധാനത്തോടെ ഉറങ്ങിയിട്ട് മാസങ്ങളായി. വീട്ടിൽ നിന്ന് പുറത്തിറങ്ങിയാൽ കാണുന്നത് എപ്പോൾ വേണമെങ്കിലും ഇടിഞ്ഞിറങ്ങാമെന്ന മട്ടിൽ ഭീതിയുണർത്ത മല. വീണ്ടുവിചാരമോ, മുൻകരുതലോ ഇല്ലാതെ തുരന്നെടുത്ത മലയുടെ മുകളിൽ മഴപെയ്യുമ്പോൾ ഇവരുടെ മനസ് മൂടിക്കെട്ടും. ഏതു നിമിഷവും കുന്ന് പൊട്ടിത്തകർന്ന് ഒഴുകിയിറങ്ങാമെന്ന ഭീതി ഇവരുടെ ജീവിതത്തെയാകെ അനിശ്‌ചത്വത്തിലാക്കി. മഴ ശക്തിയായി പെയ്‌താൽ കുന്നിൽ നിന്നും ചെളിയും വെള്ളവും വീടിനടുത്തേക്ക് ഒഴുകിയെത്തുന്നു. മഴ കനത്താൽ വില്ലേജ് ഓഫീസിൽ നിന്നുള്ളവർ എത്തി ബന്ധുവീടുകളിലേക്ക് മാറാൻ പറയും. ‘‘ബന്ധു വീടെല്ലാം ദൂരെയാണ്.. നമ്മക്ക് പോവാനൊന്നും ആവൂലപ്പാ... മലയിടിഞ്ഞാൽ ഈടത്തന്നെ മരിക്കലേ നിവൃത്തിയുള്ളൂ’’–- കുന്നരുവത്തെ ഇടുപ്പയിൽ നാരായണിയുടെ ആവലാതി വീരമലക്കുന്നിന് സമീപം താമസിക്കുന്ന ഓരോ കുടുംബങ്ങളുടെയും ഭീതിയാണ്. കുന്നിടിക്കുമ്പോൾ ആരും വന്നില്ലല്ലോ പിന്നെന്തിനാണ് ഇപ്പോൾ വരുന്നതെന്ന ചോദ്യമുയർത്തുന്നു. ഭീതിയുടെ താഴ്‌വരയിൽ ജീവനും കൈയിൽ പിടിച്ച് ഇനിയും എത്രനാൾ താമസിക്കണമെന്നതിന് അധികാരികൾക്ക് മറുപടിയില്ല. താൽകാലികമായി മാറ്റിപ്പാർപ്പിക്കുന്നതിലൂടെ കുന്നിടിയുന്നതിന് പരിഹാരമാകുമോ? കുന്ന് ഇടിയുന്നത് തടയാൻ നടപടികളല്ലേ വേണ്ടത് എന്നതാണ് ഇവരുടെ ചോദ്യം.









0 comments