അടിയന്തരാവസ്ഥക്ക് അമ്പത് വർഷം
അണയില്ല കനൽ

നീലേശ്വരം
അടിയന്തരാവസ്ഥയെ അറബിക്കടലിൽ താഴ്ത്തിയ പോരാളികളുടെ ഉശിര് തരിമ്പുപോലും ചോർന്നിട്ടില്ലെന്ന് ഓർമപ്പെടുത്തി മുഷ്ടിചുരുട്ടിയുള്ള അഭിവാദ്യം. ഭരണകൂട ഭീകരതയുടെ പൊള്ളുന്ന ഓർമകളുമായി അടിയന്തരാവസ്ഥക്കെതിരെ പൊരുതിയവരുടെ ഒത്തുചേരലിന് കനൽക്കാലം താണ്ടിയ വികാരവായ്പുണ്ടായിരുന്നു. നീലേശ്വരം ആരാധന ഓഡിറ്റോറിയത്തിലെ കൂട്ടായ്മ ഓർമകളുടെ സമരമാവുകയായിരുന്നു. അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റിയാണ് പോരാളികളുടെ സംഗമം ഒരുക്കിയത്. ‘നവ ഫാസിസത്തിന്റെ കാലത്ത് അർധ ഫാസിസം മറക്കരുത്' എന്ന സന്ദേശം ഉയർത്തിയ സംഗമത്തിൽ 128 അടിയന്തരാവസ്ഥാ വിരുദ്ധ പോരാളികളെ ആദരിച്ചു. അടിയന്തരാവസ്ഥയിൽ ലോക്കപ്പ് മർദനമേറ്റവർ, മാസങ്ങളോളം ജയിലിൽ കഴിഞ്ഞവർ, ഒളിവിൽ കഴിയേണ്ടി വന്നവരെല്ലാം ഒത്തുചേർന്നു. ഒരുമിച്ച് ലോക്കപ്പിൽ പൊലീസിന്റെ ഭീകര മർദനമേറ്റവർ വീണ്ടും കണ്ടപ്പോൾ പറയാൻ കഥകളേറെ. വേദന നിറഞ്ഞ പഴയ ഓർമകളോർത്ത് അവരാരും കരഞ്ഞില്ല. പുതിയ കാലത്ത് രാജ്യത്തുണ്ടാകുന്ന സമാന അവസ്ഥയെ നേരിടാൻ പുതുതലമുറക്ക് കരുത്തുണ്ടാകണമെന്ന് അവർ ഓർമപ്പെടുത്തി. മാസങ്ങളോളം ജയിലിൽ കഴിഞ്ഞ് പുറത്തിറങ്ങിയശേഷം ആദ്യമായി തമ്മിൽ കാണുവർ വരെയുണ്ടായിരുന്നു സംഗമത്തിൽ. മിസ, ഡിഐആർ തടവുകാരായി കണ്ണൂർ സെൻട്രൽ ജയിൽ, കാസർകോട് സബ് ജയിൽ എന്നിവിടങ്ങളിൽ മാസങ്ങളോളം തടവിൽ കഴിഞ്ഞവർ, പയ്യന്നൂർ, ചന്തേര, നീലേശ്വരം, ഹൊസ്ദുർഗ്, കാസർകോട് സ്റ്റേഷൻ മുതൽ പുനെ സ്റ്റേഷനിൽ വരെ ഭീകര മർദനത്തിനിരയായവർ വരെ സംഗമത്തിനെത്തി. മിസ വാറണ്ടിനെ തുടർന്ന് ദീർഘകാലം ഒളിവിൽ കഴിഞ്ഞ മുൻ എംപിയും സിപിഐ എം കേന്ദ്ര കമ്മറ്റിയംഗവുമായിരുന്ന പി കരുണാകരന് സംസ്ഥാന കമ്മറ്റിയംഗം കെ പി സതീഷ് ചന്ദ്രൻ ഉപഹാരം നൽകി. ദീർഘകാലം തടവിൽ കഴിഞ്ഞ മുതിർന്ന നേതാവ് എം വി കോമൻ നമ്പ്യാർ, ജില്ലാ സെക്രട്ടറിയറ്റംഗം പി ജനാർദനൻ, മുൻ ജില്ലാ കമ്മറ്റിയംഗം ടി കോരൻ തുടങ്ങിയ പോരാളികളെയാണ് ആദരിച്ചത്. പി കരുണാകരൻ, എം രാജഗോപാലൻ എംഎൽഎ, കെ പി സതീഷ് ചന്ദ്രൻ എന്നിവർ ഉപഹാരം നൽകി. സംഗമം പി കരുണാകരൻ ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി എം രാജഗോപാലൻ എംഎൽഎ അധ്യക്ഷനായി. പി ജനാർദനൻ, വി പി പി മുസ്തഫ എന്നിവർ സംസാരിച്ചു. നീലേശ്വരം ഏരിയാ സെക്രട്ടറി എം രാജൻ സ്വാഗതം പറഞ്ഞു. പിറവി സിനിമാപ്രദർശനവുമുണ്ടായി.









0 comments