കാണാം, കയ്യൂർ കാഴ്‌ചകൾ

പി വിജിൻദാസ്
Published on Aug 27, 2025, 02:30 AM | 1 min read
ചെറുവത്തൂർ
ഗ്രാമീണ സൗന്ദര്യം തുളുമ്പുന്ന കുന്നും പുഴയും പാടവും നിറഞ്ഞു നിൽക്കുന്ന കയ്യൂർ ചീമേനി പഞ്ചായത്തിലെ കുളിർമയേകുന്ന കാഴ്‌ചകൾ വിനോദ സഞ്ചാരത്തിന്റെ അനന്തസാധ്യതകൾ യാത്രക്കാർക്കായി തുറന്നിടുന്നു.
പോത്താംകണ്ടം അരിയിട്ടപാറ
കാവും ജലസമ്പന്നമായ പള്ളവും ഇടചേർന്ന് നിൽക്കുന്ന അപൂർവം ഇടമാണ് അരിയിട്ടപ്പാറ. കാലവർഷം കനത്ത് വെള്ളം നിറഞ്ഞാൽ സമീപ തോടുകളിലേക്ക് തെളിവെള്ളം നൽകുന്ന പള്ളം. കാട്ടുപക്ഷികളുടെയും വെള്ള വയറൻ പരുന്തിന്റെയും വംശ നാശം നേരിടുന്ന പക്ഷികളുടെയും ആശ്രയ കേന്ദ്രം. നീലക്കുറിഞ്ഞി പോലെ അപൂർവം പൂക്കളെ മാർത്തട്ടിൽ ചേർത്തുവെക്കുന്ന ഇടം കൂടിയാണിത്. മഴക്കാലമെത്തിയാൽ നെടും ചൂരി പോലുള്ള അപൂർവ മത്സ്യങ്ങളുടെ പ്രജനനത്തിന് പ്രാണവായുവേകുന്ന ഇടം. നെയ്‌പുല്ലുകളുടെയും അരിപ്പുല്ലുകളുടെയും തനത് പുല്ലുകളുടെയും ഇടയിൽ പൂമ്പാറ്റകളുടെയും പുൽച്ചാടികളുടെയും ആവാസ വ്യവസ്ഥയായും അരിയിട്ടപ്പാറ മാറും.
ഗുഹയും അപൂർവ സസ്യവും
മുനിയറകൾ മാർത്തട്ടോട് ചേർത്ത് നിൽക്കുന്ന അരിയിട്ടപ്പാറ ജിയോളജി വിഭാഗത്തിന്റെ പാഠ പുസ്‌തകം കൂടിയാണ്. അരിയിട്ടപ്പാറയെക്കുറിച്ച് കേട്ടറിഞ്ഞ് എത്തുന്ന ഗവേഷണ വിദ്യാർഥികളും വിനോദസഞ്ചാരികളും ഏറെ.
കാഴ്‌ചകൾ സമ്മാനിച്ച് കാക്കടവ്
തേജസ്വിനി പുഴയിൽ കാക്കടവ് നിർമിച്ച തടയണയും ഡാമും കാണാനും സഞ്ചാരികൾ ഏറെയുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രധാന കുടിവെള്ള ശ്രോതസുകൂടിയാണ് തടയണ. വെള്ളക്കെട്ടും വെള്ളത്തിന്റെ ഒഴുക്കും ഉദയവും അസ്‌തമയവുമെല്ലാം കാണാൻ ഇവിടെ സഞ്ചാരികളുകളുടെ കേന്ദ്രമായി മാറി.
ഇവിടെയുണ്ട് കടലോരത്തെ വെല്ലുന്ന വൈബ്
തേജസ്വിനി പത്തായിപ്പാറയിൽ പുഴ വലിഞ്ഞ് ഉണ്ടായതാണ് പത്തായപ്പാറ. പുഴയോരത്ത് കടൽക്കര പോലെ പൂഴി മണ്ണ് അവശേഷിപ്പിക്കും. അപൂർവ മരങ്ങളുടെ തണലും ഇവിടത്തെ സമ്പന്നമാക്കുന്നു. .
അരിയിട്ടപാറയിൽ അധ്യാപക വിദ്യാർഥികളും
അധ്യാപക പരിശീലനത്തിന്റെ ഭാഗമായി പ്രകൃതിയെ പഠിക്കാൻ വർഷങ്ങളായി വിദ്യാർഥികൾ അരിയിട്ടപ്പാറയിൽ എത്തുന്നതും പതിവ് കാഴ്‌ച. ജിയോളജിക്കൽ വിഭാഗവും ചരിത്രകാരന്മാരും അരിയിട്ടപ്പാറയുടെ സവിശേഷത അറിഞ്ഞ് ഇവിടെ നേരത്തേ എത്തി ഗവേഷണം നടത്തിയിരുന്നു. പുരാതന ഗുഹകളും അപൂർവ സസ്യങ്ങളും കണ്ടെത്തിയതിന് പിന്നാലെ കണ്ണിവയൽ ഗവ. അധ്യാപക പരിശീലന കേന്ദ്രത്തിലെ വിദ്യാർഥികളും നിരവധി തവണ അരിയിട്ടപ്പാറയിലെത്തി.









0 comments