കാസർകോടിന് കാന്തിയായി

പെരിയാട്ടടുക്കത്ത് 
ജോമിക്കുറിഞ്ഞി പൂത്തു

പെരിയാട്ടടുക്കത്ത് പൂത്ത  ജോമിക്കുറിഞ്ഞി
avatar
കെ വി രഞ്ജിത്

Published on Sep 10, 2025, 02:00 AM | 1 min read

കാസർകോട്

ജൈവവൈവിധ്യങ്ങൾ നിറഞ്ഞ കാസർകോട് ജില്ലക്ക് കാന്തിയായി എട്ടുവർഷത്തിനുശേഷം പൂക്കുന്ന ജോമിക്കുറിഞ്ഞി പൂത്തു. പനയാൽ പെരിയാട്ടടുക്കത്തെ എഴുത്തുകാരനും കർഷകനുമായ കണ്ണാലയം നാരായണന്റെ വീട്ടുപറമ്പിലാണ് ജോമിക്കുറിഞ്ഞി (Strobilanthes jomyi) പൂത്തത്. ലോകത്ത് കാസർകോട് ജില്ലയിലും കർണാടകയുടെ ചില ഭാഗങ്ങളിലും മാത്രം വളരുന്ന സസ്യമാണിത്‌. 2016 ൽ കാസർകോട് പാണ്ടിയിലാണ് സസ്യത്തെ ആദ്യം കണ്ടെത്തിയത്. കാഞ്ഞങ്ങാട് മുതൽ കർണാടക അതിർത്തി വരെയുള്ള ചെങ്കൽപാറ പ്രദേശത്താണ് സസ്യം വളരുന്നത്. ഇന്ത്യയിൽ കുറഞ്ഞി ഗവേഷണത്തിൽ വിദഗ്ധനായ പാലാ സെന്റ് തോമസ് കോളേജിലെ പ്രൊഫസർ ഡോ. ജോമി അഗസ്ത്യന്റെ ആദരസൂചകമായാണ് Strobilanthes jomyi എന്ന പേര് നൽകിയത്. എട്ട് വർഷത്തിൽ ഒരിക്കലാണ് സസ്യം പൂക്കുന്നതും വിത്തുകൾ ഉണ്ടാവുന്നതും അതിനുശേഷം പൂർണമായും നശിച്ചുപോകും. പുതിയ തൈ വളർന്ന് എട്ടുവർഷം പൂർത്തിയാകുമ്പോഴാണ് വീണ്ടും സസ്യം പൂക്കുന്നത്. 2016ൽ പൂത്ത പാണ്ടിയിലെ സസ്യങ്ങൾ 2024 വീണ്ടും പൂക്കുകയുണ്ടായി. പെരിയാട്ടടുക്കത്ത് ഇപ്പോൾ മറ്റൊരു തലമുറയിലെ സസ്യങ്ങളാണ് പൂത്തത്. ഇളം വയലറ്റ് നിറത്തിൽ തൂങ്ങിക്കിടക്കുന്ന പൂക്കളും പുറത്തേക്ക് തള്ളി നിൽക്കുന്ന കേസരങ്ങളും ചെടിയുടെ പ്രത്യേകതകളാണ്. കാലാവസ്ഥ മാറ്റം ചെങ്കൽ പാറയിൽ വളരുന്ന സസ്യങ്ങളെ പ്രതികൂലമായി ബാധിച്ചു കൊണ്ടിരിക്കുന്നുവെന്ന് സസ്യ ഗവേഷനും കാസർകോട് ഗവ. കോളേജിലെ ബോട്ടണി വിഭാഗം പ്രൊഫസറുമായ ഡോ. പി ബിജു പറഞ്ഞു. ഈ ഇനം കുറിഞ്ഞിക്ക് അർബുദത്തെ പ്രതിരോധിക്കാൻ ശേഷിയുണ്ടെന്ന് ക്രൈസ്റ്റ് കല്‍പ്പിത സർവകലാശാല ലൈഫ് സയൻസ് വകുപ്പിലെ അസി. പ്രൊഫസർ ഡോ. അഭിരാം സുരേഷും അദ്ദേഹത്തിന്റെ ഗൈഡും വകുപ്പുമേധാവിയുമായ അസോസിയേറ്റ് പ്രൊഫസർ ഡോ. ഫാ ജോബി സേവ്യറും അടുത്തിടെ കണ്ടെത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home