മട്ടുപ്പാവിലുണ്ട്
നല്ല നാടൻ കോഴികൾ

പിലിക്കോട് വയലിലെ കെ രഷിത വീടിന്റെ മട്ടുപ്പാവിലെ കോഴി ഫാമിൽ
പി വിജിൻദാസ്
Published on Jun 23, 2025, 02:30 AM | 1 min read
ചെറുവത്തൂർ
വീടിന്റെ മട്ടുപ്പാവിൽ ഫാമൊരുക്കി കോഴികൃഷി നടത്തി വിജയകഥ തീർക്കുകയാണ് പിലിക്കോട് വയലിലെ എം പവിത്രനും ഭാര്യ കെ രഷിതയും. സാധാരണ ഇറച്ചിക്കോഴി കൃഷിയാണ് ഫാമുകളിൽ വിപണനാടിസ്ഥാനത്തിൽ നടത്തുന്നതെങ്കിൽ ഇവിടെ നല്ല നാടൻ കോഴികളെ മാത്രമാണ് വളർത്തുന്നത്. ഒന്നരവർഷം മുമ്പാണ് കോഴി കൃഷി എന്ന ആശയം തോന്നിയത്. പക്ഷെ ഫാം നിർമിക്കാനാവശ്യമായ സ്ഥലപരിമിതി തടസമായി. അപ്പോൾ തോന്നിയ ആശയമാണ് മട്ടുപ്പാവ് എന്നത്. മട്ടുപ്പാവിൽ കൃഷിക്കായുള്ള കൂടൊരുക്കി കോഴികളെ എത്തിച്ച് വളർത്താനും ആരംഭിച്ചു. രണ്ട് ലക്ഷം രൂപയാണ് മുടക്കുമുതൽ. പഞ്ചായത്തിന്റെ സബ്‌സിഡിയുമുണ്ട്. നിലവിൽ 200 നാടൻ കോഴികളുണ്ട്. കൃഷി ലാഭകരമാണെന്നും പരിപാലനത്തിന് അധികസമയം ചിലവഴിക്കേണ്ടതില്ലെന്നും ഇവർ പറയുന്നു. ഒരു കോഴിക്ക് ദിവസം 100 ഗ്രാം തീറ്റ നൽകും. വീട്ടിൽ കൃഷിചെയ്യുന്ന അസോളയും നൽകും. ദിവസവും കൂട് വൃത്തിയാക്കുന്നതിനാൽ ദുർഗന്ധമില്ല. ദിവസേന 190 മുട്ട ലഭിക്കും. നാടൻ മുട്ടക്കും ആവശ്യക്കാർ ഏറെയാണ്. വിപണിയിൽ ഏഴ് രൂപ അമ്പത് പൈസക്കാണ് മുട്ട നൽകുന്നത്. മുട്ടയിടൽ നിർത്തിയാൽ കോഴികളെ ഇറച്ചിക്കായി വിപണിയിൽ നൽകും. പശുഫാമും ഇവർക്കുണ്ട്. കറവയുള്ള ആറ് പശുക്കളാണുള്ളത്.









0 comments