ഇ എം എസ് എത്തി; പൊലീസ് ചവുട്ടിമെതിച്ച പാലായിയിൽ

പി പ്രകാശൻ
Published on Jun 25, 2025, 02:30 AM | 1 min read
നീലേശ്വരം
പാലായി ദേശത്തിന് മുറിവുണങ്ങാത്ത പീഡനകാലത്തിന്റെ ഓർമപ്പെടുത്തലാണ് അടിയന്തരാവസ്ഥ. അമ്പതാണ്ട് മുമ്പത്തെ പൊലീസ് തേർവാഴ്‌ച ഇപ്പോഴും മറവിയുടെ ഇരുൾ പടരാത്ത ദേശചരിത്രമാണ് മുതിർന്ന തലമുറയ്‌ക്ക്. ഭരണത്തണലിൽ കോൺഗ്രസുകാർ നടത്തിയ അക്രമത്തെ പ്രതിരോധിച്ചതിനാണ് പൊലീസ് സംഘം അഴിഞ്ഞാടിയത്. ദാരിദ്രത്തിന്റെ കയ്പുകുടിച്ചിരുന്ന ജനതയെ ജീവനോപാധികൾ തകർത്ത് നിർവീര്യമാക്കുകയായിരുന്നു പൊലീസ് തന്ത്രം. 1976 സെപ്‌തംബർ നാലിനായിരുന്നു പാലായിയിലെ പൊലീസ് നരനായാട്ടിന് തുടക്കം. വീടുകൾ അടിച്ചുതകർത്തു. വീട്ടുസാധനങ്ങൾ കൊള്ളയടിച്ചു. പലർക്കും പൊലീസ് മർദനത്താൽ വീട് ഉപേക്ഷിക്കേണ്ടിവന്നു. കെ കെ കാരിക്കുട്ടിയുടെ വീട്ടുസാധനങ്ങൾ തകർത്തു. ഭാര്യ കുമ്പച്ചിയെ മർദിച്ചു. സി സി കുഞ്ഞിക്കണ്ണന്റെ വീട്ടിലെ അടുപ്പിൽ ഭക്ഷണം ഉണ്ടാക്കിവച്ചിരുന്ന കലം അടിച്ചുതകർത്തു. തുലാമാസത്തിലെ വാവൊരുക്കലിനായി അമ്മ ചിറമ്മൽ മാധവി വച്ചുണ്ടാക്കിയ ഭക്ഷണമാണ് ചിതറിത്തെറിച്ചത്. കെ പി ഗോപാലന്റെ വീട്ടുപകരണങ്ങൾ തകർത്തു. കാലത്ത് അമ്പുവിന്റെ വീട്ടുസാധനങ്ങൾ കിണറ്റിലിറ്റു. പൊലീസ് ആക്രമണത്തിൽ എം ബാലകൃഷ്‌ണന്റെ പശു ചത്തു. പി കെ പൊക്കന്റെ പീടികയിലെ സാധനങ്ങൾ പുഴയിലെറിഞ്ഞു. കെ പി ദാമോദരന്റെ ചായക്കട അടിച്ചുതകർത്തു. കെ പി അപ്പൂട്ടിയുടെ സിമന്റ് ചാക്ക് കിണറ്റിലിട്ടു. വടക്കത്തി വളപ്പിൽ മാണിക്കത്തിന്റെ വീട്ടുസാധനങ്ങൾ കിണറ്റിലെറിഞ്ഞു. പലയിടത്തും വീട്ടുസാധനങ്ങൾ കൊള്ളയടിച്ചു. സകലതും നഷ്ടപ്പെട്ട പാർടി പ്രവർത്തകർക്കും അനുഭാവികൾക്കും ആത്മധൈര്യം പകരാൻ 1976 നവംബർ അഞ്ചിന് ഇ എം എസ് പാലായിയിലെത്തി. ‘‘സ്‌കൂളിനടുത്ത് വാഹനമിറങ്ങിയാണ് ഇ എം എസ് എത്തിയത്. ഒന്നര കീലോമീറ്ററോളം നടന്നാണ് പൊലീസ് നായാട്ടുനടത്തിയ വീടുകൾ സന്ദർശിച്ചത്–’’- അന്ന് ഇ എം എസിന് വഴികാട്ടിയായ സിപിഐ എമ്മിന്റെ പേരോൽ ഈസ്‌റ്റ് ലോക്കൽ കമ്മിറ്റി അംഗം സി സി കുഞ്ഞിക്കണ്ണൻ ഓർക്കുന്നു. പാലായി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇ എം എസ് എത്തിയത് 1976 നവംബർ എഴിന്റെ ദേശാഭിമാനി പ്രസിദ്ധീകരിച്ചിട്ടുണ്ട്. നീലേശ്വരം വിജയലക്ഷ്‌മി ടാക്കീസിൽ ഇ എം എസ് പങ്കെടുത്ത് പ്രതിഷേധ യോഗം ചേരാൻ തീരുമാനിച്ചിരുന്നു. എന്നാൽ അനുമതി അവസാന നിമിഷം പൊലീസ് റദ്ദാക്കി. തുടർന്ന് പള്ളിക്കരയിൽ സിപിഐ എം നേതാവ് പി അമ്പാടിയുടെ വീട്ടിലാണ് യോഗം ചേർന്നത്.









0 comments