ഇൗസ്‌റ്റ് എളേരിയിൽ കുഴഞ്ഞുമറിഞ്ഞ് കോൺഗ്രസ്
വിമതർ 6 വാർഡിൽ; റിബൽ വേറെ

ചിറ്റാരിക്കാൽ
രണ്ടുപതിറ്റാണ്ടായി കോൺഗ്രസിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള പോര് തുടരുന്ന ഇൗസ്‌റ്റ് എളേരി പഞ്ചായത്തിൽ ആറുവാർഡുകളിൽ വിമത വിഭാഗം പത്രിക നൽകി. ഡിസിസി വൈസ് പ്രസിഡന്റ് ജയിംസ് പന്തമാക്കന്റെ നേതൃത്വത്തിലാണ് ഒരുവിഭാഗം കോൺഗ്രസ് പ്രവർത്തകർ പത്രിക നൽകിയത്. വ്യാഴാഴ്ച മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ 18 വാർഡുകളിലേക്കും ഔദ്യോഗിക സ്ഥാനാർഥികൾ പത്രിക നൽകിയിരുന്നു. സമവായമാകാത്തതിനെ തുടർന്നാണ് ജെയിംസ് വിഭാഗം പത്രിക സമർപ്പിച്ചത്. ഒന്നാംവാർഡ് മണ്ഡപം - ഷിജിത്ത് കുഴുവേലി, 3 ചിറ്റാരിക്കാൽ സൗത്ത് -–ജെ സി ടോം , 5 കാവുന്തല -–റിജേഷ് കാവുന്തല, 9 പാലാവയൽ– -സിജോ വഴുതനപ്പള്ളി, 10 കണ്ണിവയൽ –-മാത്യു സെബാസ്റ്റ്യൻ പാലമറ്റം , 11 മുനയംകുന്ന്– -ഷേർലി ചിങ്കല്ലേൽ എന്നിവരാണ് സ്ഥാനാർഥികൾ. ജെയിംസ് പന്തമ്മാക്കൽ, ജിജി കമ്പല്ലൂർ, ജിജി തോമസ് താച്ചറുകുടിയിൽ എന്നിവരുടെ നേത്വത്തിലായിരുന്നു പത്രിക സമർപ്പണം. കമ്പല്ലൂർ വാർഡിൽ മുൻ പഞ്ചായത്തംഗവും കോൺഗ്രസ് പ്രവർത്തകനുമായ കെ വി സന്തോഷ് 14ാം വാർഡായ വെള്ളരിക്കുണ്ട് വാർഡിലും പത്രിക നൽകി. സേവ് ഈസ്റ്റ് എളേരിയും മത്സരത്തിന് ഈസ്റ്റ് എളേരി പഞ്ചായത്തിലെ അഴിമതിക്കെതിരെ രൂപീകരിച്ച സേവ് ഈസ്റ്റ് എളേരി എന്ന സംഘടനയുടെ നാലുപേരും പത്രിക നൽകി. ഒമ്പത്, 11 , 15 വാർഡുകളിലായാണ് നാല് പത്രിക നൽകിയത്. രണ്ടുപതിറ്റാണ്ടിലും തീരാത്ത പോര് ഇത്തവണ 19സീറ്റിൽ ഏഴ് സീറ്റ് ജയിംസ് പന്തമ്മാക്കൻ പക്ഷം നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജോസഫ് മുത്തോലി നയിക്കുന്ന മറുവിഭാഗം ഇതിനെതിരെ കടുത്ത പ്രതിഷേധം ഉയർത്തുന്നു. കോൺഗ്രസിലെ അഴിമതിക്കും വികസനവിരുദ്ധതയ്ക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ 2014ലാണ് കോൺഗ്രസ് നേതാവായിരുന്ന ജയിംസ് പന്തമ്മാക്കൻ ഡിഡിഎഫ് രൂപീകരിച്ചത്. ഒരു വർഷത്തിനുശേഷം നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നിലംപരിശാക്കി ഡിഡിഎഫ് ഭരണം പിടിച്ചു. 16 അംഗ ഭരണസമിതിയിൽ 10 സീറ്റ് നേടിയ പന്തമ്മാക്കന്റെ ഡിഡിഎഫ് കോൺഗ്രസിനെ ഒരുസീറ്റിൽ ഒതുക്കി. തുടർന്ന് നിരന്തരം ഏറ്റുമുട്ടലുകളായിരുന്നു. ജയിംസിനെതിരെ വീട് കയറി അക്രമം ഉൾപ്പെടെ നടന്നു. പരസ്യമായി ടൗണിൽ ഏറ്റുമുട്ടി. 2020ലെ തെരഞ്ഞെടുപ്പിൽ ഡിഡിഎഫ് ഏഴ്, യുഡിഎഫ് ഏഴ്,സിപിഐഎം രണ്ട് വീതം സീറ്റ് നേടി. കോൺഗ്രസിനെ അധികാരത്തിൽ നിന്നകറ്റാൻ സിപിഐ എം ഡിഡിഎഫിന് പിന്തുണ നൽകി. രണ്ടാം തവണയും അധികാരത്തിൽ വന്ന ഡിഡിഎഫ് രണ്ടുവർഷം കഴിഞ്ഞതോടെ കോൺഗ്രസിനോട് അടുക്കാൻ ശ്രമിച്ചു. കെ സുധാകരന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ഡിഡിഎഫ് കോൺഗ്രസിൽ ലയിക്കാൻ തീരുമാനിച്ചു. ചില വ്യവസ്ഥകളോടെ ലയനം തീരുമാനിച്ചെങ്കിലും ജയിംസിനെ അംഗീകരിക്കാൻ അന്നത്തെ ഔദ്യോഗിക വിഭാഗം തയ്യാറായില്ല. ഏച്ചുകെട്ടിയ ലയനത്തിനുശേഷം സിപിഐ എം പിന്തുണ പിൻവലിച്ചതോടെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചെങ്കിലും പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇരുവിഭാഗവും രണ്ടായി തുടർന്നു. അതുവരെ വിമതരായിരുന്ന ജയിംസ് പന്തമ്മാക്കൻ പക്ഷം ഔദ്യോഗിക വിഭാഗമായതോടെ ഔദ്യോഗിക വിഭാഗം ആയിരുന്ന ജോസഫ് മുത്തോലി വിഭാഗം വിപ്പ് ലംഘിച്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചു. ഇവിടെയും കോൺഗ്രസിനെതിരെ നിലപാടെടുത്ത സിപിഐ എം വിമതപക്ഷമായ ജോസഫ് മുത്തോലിയെ പിന്തുണച്ചു. ഭരണം വീണ്ടും വിമതപക്ഷത്തായി.









0 comments