ശുചിത്വസുന്ദരം ചെറുവത്തൂർ

ചെറുവത്തൂർ പഞ്ചാത്തിലെ കാടങ്കോട്‌ പ്രവർത്തിക്കുന്ന എംസിഎഫിൽ ഹരിതകർമ സേനാംഗങ്ങൾ മാലിന്യങ്ങൾ തരംതിരിക്കുന്നു

ചെറുവത്തൂർ പഞ്ചാത്തിലെ കാടങ്കോട്‌ പ്രവർത്തിക്കുന്ന എംസിഎഫിൽ ഹരിതകർമ സേനാംഗങ്ങൾ മാലിന്യങ്ങൾ തരംതിരിക്കുന്നു

avatar
പി വിജിൻദാസ്‌

Published on Sep 16, 2025, 02:00 AM | 2 min read

ചെറുവത്തൂർ

ശുചിത്വമാണ്‌ ചെറുവത്തൂർ പഞ്ചായത്തിന്റെ വികസനനയം. മാലിന്യമുക്തമായ നാടുണ്ടെങ്കിലേ മുന്നോട്ടുള്ള പ്രയാണവും വികസനവും സാധ്യമാവൂ എന്ന ദീർഘവീക്ഷണം പഞ്ചായത്തിന്റെ കർമപദ്ധതികളിൽ തെളിഞ്ഞുകാണാം. സദാജാഗരൂകരായി പ്രവർത്തിക്കുന്ന 38 ഹരിതകർമ സേനാംഗങ്ങളുടെ നേതൃത്വത്തിലാണ്‌ മാലിന്യനിർമാർജനം. പൊതുസ്ഥലങ്ങളിൽനിന്നും വീടുകളിൽനിന്നും ശേഖരിക്കുന്ന പ്ലാസ്‌റ്റിക്‌ മാലിന്യവും പാഴ്‌വസ്‌തുക്കളും തരം തിരിച്ച്‌ ക്ലീൻ കേരളക്ക്‌ കൈമാറുന്നതിനായി ഓരോ വാർഡിലും മിനി എംസിഎഫുകളുണ്ട്‌. പഞ്ചായത്തിലെ മുഴുവൻ വീടുകളിലേക്കും ജൈവ മാലിന്യ സംസ്കരണ ഉപാധികളും നൽകി. ഒരു കോടി രൂപ ചിലവഴിച്ച്‌ ആധുനിക സ‍ൗകര്യങ്ങളോടെ കാടങ്കോട്‌ എംസിഎഫ്‌ പ്രവർത്തിക്കുന്നു. അലങ്കാരചെടികൾ ചിരിച്ചുനിൽക്കുന്ന ചെറുവത്തൂർ പട്ടണവും പരിസരവുമാണ്‌ ശുചിത്വ പഞ്ചായത്തിന്റെ മുഖം. അഞ്ചര കോടി രൂപ ചെലഴിച്ച നിർമിക്കുന്ന മൂന്നുനില വ്യാപാരസമുച്ചയത്തിന്‌ സാങ്കേതിക അനുമതിക്ക്‌ കാത്തിരിക്കുകയാണ്‌ പഞ്ചായത്ത്‌. ​ ഗതാഗത കുരുക്കഴിക്കാൻ 
പാർക്കിങ് ഏരിയ ചെറുവത്തൂർ ട‍ൗണിലെ ഗതാഗത കുരുക്കിന്‌ പരിഹാരം കാണുന്നതിനാണ്‌ വിശാലമായ പാർക്കിങ് സ‍ൗകര്യം ഒരുക്കിയത്‌. ചെറുവത്തൂർ ട‍ൗണിൽ റോഡരികിലും ബസ്‌സ്‌റ്റാൻഡിന്‌ സമീപവും വാഹനങ്ങൾ നിർത്തിയിടുന്നത്‌ ഗതാഗത കുരുക്കിന്‌ വഴിവച്ചിരുന്നു. എന്നാൽ പാർക്കിങ് ഏരിയ വന്നതോടെ ഗതാഗത കുരുക്കിന്‌ ഒരു പരിധിയോളം പരിഹാരമായി. ​ എല്ലാ മേഖലയിലും കുതിപ്പ്‌ മികച്ച പ്രവർത്തനങ്ങളാണ്‌ കുടുംബശ്രീ മേഖലയിൽ. കുടുംബശ്രീ മുഖേന 304 സൂക്ഷ്മ സംരംഭങ്ങൾ ആരംഭിച്ചു. തൊഴിലുറപ്പ് മേഖലയിൽ വർഷങ്ങളിൽ 1600ല്‍പരം തൊഴിലാളികൾക്ക് നൂറുദിനം തൊഴിൽ ലഭ്യമാക്കി. 40 റോഡുകൾ, മൂന്ന്‌ ഓവുചാലുകൾ, 620 സോക്ക് പിറ്റ്, തൊഴുത്ത്, കോഴിക്കൂട്, ആട്ടിൻ കൂട് എന്നിവ നിർമിച്ചു. ലൈഫ്‌ പദ്ധതിയിൽ 170 വീടുകൾ പൂർത്തീയാക്കി നൽകി. ​ കരുതലായി കൂടെയുണ്ട്‌ ഏതെങ്കിലും ഒരുമേഖലയിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല വികസന കുതിപ്പ്‌. കുട്ടികൾക്കായി സ്മാർട്ട് മിനി അങ്കണവാടി, ഭിന്നശേഷി കുട്ടികളെ ചേർത്തുപിടിക്കാൻ ബ്ലോസം ബഡ്സ് സ്കൂൾ, ക്ഷയരോഗ നിർമാർജന യജ്ഞം, സ്കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനം, മയിച്ച, തുരുത്തി എൽപി സ്കൂളുകൾക്ക് പുതിയ കെട്ടിടം, കുഞ്ഞിരാമ പൊതുവാൾ വായനശാലയ്‌ക്ക്‌ പുതിയ കെട്ടിടം, മൾട്ടി ജിംനേഷ്യം, മിയാവാക്കി ദ്വീപ് ടൂറിസം, കൗമാരക്കാർക്ക് ആരോഗ്യ പരിരക്ഷ, സ്ത്രീ പദവി പഠനം, കുട്ടികൾക്കായി ഫുട്ബോൾ പരിശീലനവും സ്പോർട്സ് കിറ്റ് വിതരണവും, എസ് സി, മത്സ്യത്തൊഴിലാളി മേഖലയിലെ കുട്ടികൾക്ക് പഠനത്തിനായി ലാപ്ടോപ്പ്‌, മത്സ്യത്തൊഴിലാളികൾക്ക് വള്ളവും വലയും, ആരോഗ്യമേഖലയ്ക്കായി തുരുത്തിയിൽ എഫ്എച്ച്സി, സജീവമായ പാലിയേറ്റീവ് രംഗം, വയോജന ക്ലബ്ബുകൾ എന്നിവ ശ്രദ്ധേയമായ നിലയിൽ നടപ്പാക്കി. പഞ്ചായത്തിന്റെ മികവിന്‌ വിവിധ പുരസ്‌കാരങ്ങളും തേടിയെത്തി.


പുരസ്‌കാരങ്ങൾ

അഞ്ച്‌ വർഷം തുടർച്ചയായി സ്വരാജ്‌ ട്രോഫി ആയുർവേദ ആശുപത്രിക്ക്‌ ജില്ലാ ആയുഷ്‌ 
മിഷന്റെ കായകൽപ്പം പുരസ്‌കാരം ആയുർവേദ ആശുപത്രിക്ക്‌ എൻഎബിഎച്ച്‌ 
അംഗീകാരം ജില്ലയിലെ മികച്ച ടിബി മുക്ത പഞ്ചായത്ത്‌ 
പുരസ്‌കാരം മികച്ച കുടുംബശ്രീക്കുള്ള സംസ്ഥാന പുരസ്‌കാരം, ശുചിത്വ മിഷന്റെ മികച്ച ശുചിത്വ ട‍ൗണിനുള്ള 
അംഗീകാരം.


എല്ലാ വിഭാഗത്തെയും ചേർത്തുപിടിച്ചു

എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിച്ചാണ്‌ വികസന പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുന്നത്‌. കൃഷി‍, ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വം തുടങ്ങിയ മേഖലകൾക്ക്‌ സവിശേഷമായ പരിഗണന നൽകുന്നുണ്ട്‌. പഞ്ചായത്തിന്റെ മികച്ച സേവനത്തിന്റെ ഭാഗമായി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്‌. അഞ്ചര കോടി ചെലവഴിച്ച്‌ നിർമിക്കുന്ന വ്യാപാര സമുച്ചയത്തിന്‌ സാങ്കേതിക അനുമതി ഉടൻ ലഭിക്കുമെന്നാണ്‌ പ്രതീക്ഷ. ഇതുകൂടി യാഥാർഥ്യമായാൽ ചെറുവത്തൂരിന്റെ മുഖഛായ മാറും. സി വി പ്രമീള, 
പഞ്ചായത്ത്‌ പ്രസിഡന്റ്‌.


കൂട്ടായ പ്രവർത്തനം മുതൽക്കൂട്ടായി

ഭരണസമിതിയുടെയും ജീവനക്കാരുടെയും വിവിധ വകുപ്പുകളുടെയും കൂട്ടായ പ്രവർത്തനം പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക്‌ മുതൽക്കൂട്ടായി. നിരവധി റോഡുകൾ, ലൈഫ്‌ പദ്ധതിയിൽ വീടുകൾ എന്നിവ നിർമിച്ചു. ശയ്യാവലംബരായവർക്ക്‌ തുണയായി പാലിയേറ്റീവ്‌ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. കുടുംബശ്രീ, തൊഴിലുറപ്പ്‌ എന്നിവയിലൂടെ സേവനങ്ങൾ ജനങ്ങൾക്ക്‌ ലഭ്യമാക്കാൻ സാധിച്ചു. തുടർന്നും ജനോപകാര പദ്ധതികൾ ആവിഷ്‌കരിക്കും. പി വി രാഘവൻ, പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌



deshabhimani section

Related News

View More
0 comments
Sort by

Home