പുതുക്കിപ്പണിയണം നീലേശ്വരം റെയിൽവേ മേൽപ്പാലം

അപകടാവസ്ഥയിലായ രാജ റോഡിലെ റെയിൽവേ മേൽപ്പാലത്തിലെ നടപ്പാതയിലേക്കുള്ള ഗോവണി

സ്വന്തം ലേഖകൻ
Published on Aug 03, 2025, 02:00 AM | 1 min read
നീലേശ്വരം
കാലപ്പഴക്കത്താൽ അപകട ഭീഷണി ഉയർത്തുന്ന നീലേശ്വരം രാജാറോഡിലെ റെയിൽവെ മേൽപ്പാലം പുതുക്കി പണിയണമെന്ന ആവശ്യം ശക്തം. മലയോര മേഖലയിൽ നിന്നുള്ളവർക്ക് നഗരത്തിലെത്താൻ രാജാറോഡിലെ റെയിൽവേ ക്രോസിങ്ങിൽ അന്നത്തെ എംപി പി കരുണാകരന്റെ ഇടപെടലിലൂടെയാണ് മേൽപ്പാലം യാഥാർഥ്യമായത്. 2001 മാർച്ച് ആറിന് അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാർ കല്ലിട്ട പാലം നാല് വർഷത്തിനുശേഷം 2005 മാർച്ച് ഏഴിന് ഗതാഗതത്തിന് തുറന്നുകൊടുത്തു. പാലം ഇപ്പോൾ തകർച്ചാഭീഷണിയിലാണ്. പാലത്തിനടിയിലൂടെ നടന്നുപോകുമ്പോൾ മുകളിൽനിന്നും കോൺക്രീറ്റ് പാളികൾ വീഴുന്നതായി വഴിയാത്രക്കാർ പറയുന്നു. പാലത്തിന്റെ ഉദ്ഘാടന സമയത്തുതന്നെ നിർമാണവുമായി ബന്ധപ്പെട്ട് നിരവധി പരാതി ഉയർന്നിരുന്നു. പാലത്തിനൊപ്പമുണ്ടാക്കിയ നടപ്പാതയിലേക്കുള്ള കോവണിയുടെ തൂണുകൾ പൊട്ടിയും വിള്ളലുകളും വന്നതും കാരണം അപകട സാധ്യത വർധിച്ചിരിക്കുകയാണ്. നടപ്പാലത്തിന്റെ തൂണുകൾ ചെരിഞ്ഞും വിള്ളൽ വീണും അപകടത്തിലായിട്ട് മാസങ്ങളോളമായി. മേൽപ്പാലത്തിനടിയിൽ കച്ചവടം നടത്തുന്നവരും ഇതുവഴി സഞ്ചരിക്കുന്നവരും ഉൾപ്പെടെ വലിയൊരു വിഭാഗം അപകട ഭീഷണിയിലാണ്. പാലത്തിന് സമീപം വിദ്യാലയങ്ങളും പ്രവർത്തിക്കുന്നുണ്ട്. രാജാറോഡ്, ഇടത്തോട് റോഡ് എന്നിവ വീതി കൂട്ടി നവീകരിക്കുന്നതോടെ വാഹനങ്ങളുടെ എണ്ണം വർധിക്കും. അതോടെ പാലത്തിൽ ഗതാഗത സ്തംഭനമുണ്ടാകും. വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, ബളാൽ, കിനാനൂർ കരിന്തളം, കയ്യൂർ ചീമേനി, കോടോം - ബേളൂർ, മടിക്കൈ തുടങ്ങിയ പഞ്ചായത്തിലുള്ളവർക്ക് നീലേശ്വരം നഗരത്തിലെത്തുന്നതിനുള്ള ആശ്രയമാണ് ഈ പാലം.









0 comments