മരം കയറ്റം ഇത്തിരി ‘പുളി’ക്കും; എന്നാൽ മരവീട് പൊളിയാ!

ചന്തേര ഇസ്സത്തുൽ ഇസ്ലാം എഎൽപി സ്കൂളിലെ കുട്ടികൾ പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിലെ ഏറുമാടത്തിൽ
പിലിക്കോട്
‘‘മരത്തിലെ വീട് പൊളിയാണല്ലോ ടീച്ചറെ, ഇനിയും കുറച്ചൂടി കയറി ആ പുളി പറിച്ച് തിന്നാൻ കൊതിയാകുന്നു’’ ആദിദേവിന്റെ വാക്കുകൾ കേട്ടപ്പോൾ രണ്ടാംതരത്തിലെ മറ്റുകുട്ടികളും ചോദിച്ചു– ‘ടീച്ചറെ പുളി പറിച്ചോട്ടെ‘– എന്നാൽ കൂറ്റൻ പുളിമരത്തിൽ കയറാനാവില്ലെന്ന് ടീച്ചർ പറഞ്ഞപ്പോൾ നിരാശ തോന്നിയെങ്കിലും മരത്തിലെ ഏറുമാടം അവർക്കൊത്തിരി പിടിച്ചു. പാഠപുസ്തകത്തിൽ പഠിച്ച ഏറുമാടത്തിന്റെ നേരനുഭവത്തിനായാണ് കുട്ടികൾ ഏറുമാടം കയറിയത്. ചന്തേര ഇസ്സത്തുൽ ഇസ്ലാം എഎൽപി സ്കൂളിലെ കുട്ടികളാണ് പുളിമരത്തിൽ ഒരുക്കിയ ഏറുമാടത്തിൽ കയറി പഠിച്ചത്. രണ്ടാംതരത്തിലെ ‘പറക്കുംവീട്’ എന്ന പാഠഭാഗത്തിൽ പഠിക്കാനുള്ള വിവിധതരം വീടുകൾ തേടിയുള്ള യാത്രയുടെ ഭാഗമായാണ് പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ ഏറുമാടം സന്ദർശിച്ചത്. പുളിമരത്തിന്റെ മുകളിൽ താൽക്കാലികമായി തയ്യാറാക്കിയ ഈ ചെറുവീട്ടിൽ രണ്ടാംക്ലാസുകാർ ഏറെനേരമിരുന്നു. ഉറപ്പുള്ള ശിഖരത്തിൽ പണിത ഏറുമാടത്തിലിരുന്ന് അവർ പാഠഭാഗം പലതവണ വായിച്ചു. ഈറ്റ, മുള, വൈക്കോൽ, പുല്ല്, കാട്ടുവളളികൾ എന്നിവയാൽ നിർമ്മിക്കുന്ന ഏറുമാടങ്ങൾ കൂടുതലായും കാട്ടിൽ വസിക്കുന്നവരാണ് ഉപയോഗിക്കുന്നത്.വിനോദ സഞ്ചാരത്തിൻ്റെ ഭാഗമായാണ് പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിലെ ടി എസ് തിരുമുമ്പ് പഠനകേന്ദ്രത്തിന് സമീപം ഏറുമാടം നിർമ്മിച്ചിട്ടുള്ളത്.









0 comments